സിനിമാ മേഖലയിലെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നു വന്നിരിക്കുകയാണ്. ബോളിവുഡ് താരം ദീപിക പദുക്കോണ്‍ എട്ട് മണിക്കൂര്‍ ഷിഫ്റ്റും ലാഭവിഹിതവും ആവശ്യപ്പെട്ടതിന് പിന്നാലെ സന്ദീപ് റെഡ്ഡി വംഗയുടെ ‘സ്പിരിറ്റ്’ എന്ന ചിത്രത്തില്‍ നിന്നും പുറത്താക്കിയിരുന്നു. നാഗ് അശ്വിന്‍ ചിത്രം ‘കല്‍ക്കി’യുടെ രണ്ടാം ഭാഗത്തില്‍ നിന്നും നടിയെ നിര്‍മ്മാതാക്കള്‍ ഒഴിവാക്കിയിരുന്നു. ഇതോടെ ദീപികയുടെ ന്യായമായ ആവശ്യങ്ങള്‍ പോലും പരിഗണിക്കാത്തതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ഇതിനിടെ സിനിമാ സെറ്റുകളിലെ ജോലി സമയത്തെയും ക്രൂ അംഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ച് ദീപിക പദുക്കോണ്‍ നടത്തിയ പഴയ അഭിമുഖത്തിലെ വാക്കുകള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ. ദീപികയെ പിന്തുണച്ചു കൊണ്ടുള്ള അഹാനയുടെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്.
”സിനിമയുടെ കാര്യം വരുമ്പോള്‍ വാരാന്ത്യങ്ങള്‍ അല്ലെങ്കില്‍ കുറഞ്ഞത് ഞായറാഴ്ചയ്ക്ക് പോലും എന്തുകൊണ്ടാണ് ഒരു പ്രസക്തിയും ഇല്ലാത്തത്? ദീപിക അവര്‍ക്ക് വേണ്ടി മാത്രമല്ല കല്‍ക്കി 2ല്‍ നിന്ന് പിന്മാറിയത്” എന്ന ക്യാപ്ഷനോടെയാണ് അഹാന വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.
അതേസമയം, തങ്ങള്‍ക്കും സമയക്രമം വേണമെന്ന് ആവശ്യപ്പെട്ട് നടി രശ്മിക മന്ദാന അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. അഭിനേതാക്കള്‍ മാത്രമല്ല സംവിധായകര്‍, ലൈറ്റ്മാന്‍മാര്‍, സംഗീതം അങ്ങനെ എല്ലാവര്‍ക്കും 9 മണി മുതല്‍ ആറ് മണി വരെ, അല്ലെങ്കില്‍ അഞ്ച് മണി വരെ തങ്ങള്‍ക്ക് ഒരു സമയം അനുവദിക്കുക, തങ്ങള്‍ക്കും കുടുംബജീവിതത്തില്‍ ശ്രദ്ധിക്കണം എന്നാണ് രശ്മിക പറഞ്ഞത്.
ദീപിക പദുക്കോണ്‍ അഭിമുഖത്തില്‍ പറഞ്ഞത്:
സിനിമയില്‍ ജോലി ചെയ്യുന്നവരുടെ, പ്രത്യേകിച്ചും ക്രൂവിന്റെ കാര്യത്തില്‍, ആളുകള്‍ തുടര്‍ച്ചയായി, ഓവര്‍ടൈം ആയി ജോലി ചെയ്യണം എന്നൊരു ധാരണയുണ്ട്. എന്നാല്‍ ആളുകള്‍ക്ക് ആവശ്യത്തിന് വിശ്രമമോ ഇടവേളകളോ നല്‍കിയാല്‍ അവര്‍ മെച്ചപ്പെട്ട ഊര്‍ജത്തോടെ തിരികെ വരും. അത് ഔട്ട്പുട്ടിന്റെ ഗുണമേന്മ വര്‍ധിപ്പിക്കും. അതിനാല്‍, ഒന്നാം പടി ജോലി സമയം തിങ്കള്‍ മുതല്‍ വെള്ളി വരെ, ആഴ്ചയില്‍ അഞ്ച് ദിവസം ജോലി ചെയ്യുക എന്ന രീതിയില്‍ ക്രമീകരിക്കണം. ശനിയാഴ്ച സ്‌ക്രിപ്റ്റ് വായിക്കാനോ, മറ്റു തയാറെടുപ്പുകള്‍ക്കോ ആയി മാറ്റിവയ്ക്കാം.
ഞായറാഴ്ച ആരും വിളിക്കരുത്, ഒരു ഫോണ്‍ കോളുകള്‍ പോലും എടുക്കാതെ തനിക്കുവേണ്ടി ആ ദിവസം മാറ്റിവയ്ക്കുക. ഒരു നടനോ ക്രൂവിനോ 12 മണിക്കൂറാണ് കരാര്‍ എങ്കില്‍, അധികമായി ജോലി ചെയ്യുന്ന മണിക്കൂറുകള്‍ക്ക് വേതനം നല്‍കണം. സിനിമയുടെ വിജയം നടീനടന്മാര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുമ്പോള്‍, അതിലും നേരത്തെ വരികയും വൈകി പോകുകയും ചെയ്യുന്ന ക്രൂവിന് മണിക്കൂര്‍ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം/അധിക വേതനം നല്‍കണം. ക്രൂവിന് നല്‍കുന്ന ഭക്ഷണം പോഷക സമൃദ്ധമായിരിക്കണം. ക്രൂവിനെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും വച്ചാല്‍ അവര്‍ കൂടുതല്‍ നന്നായി ജോലി ചെയ്യും എന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു.