പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്ത് നടന്‍ വിവേക് ഗോപന്‍. സില്‍വല്‍ ലൈനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള കുറിപ്പും വന്ദേഭാരതില്‍ യാത്ര ചെയ്യുന്ന ചിത്രത്തിനൊപ്പം വിവേക് പങ്കുവച്ചിട്ടുണ്ട്.
”ജീവിതത്തിന്റെ യാത്രയില്‍ എന്നും ‘ഓര്‍മ്മിക്കാന്‍ ഒരു യാത്ര കൂടി’. വികസനത്തിന്റെ യാത്ര. ഭാരത എഞ്ചിനീയര്‍മാര്‍ നിര്‍മ്മിച്ച മെയ്ഡ് ഇന്‍ ഇന്ത്യ ഹൈ സ്പീഡ് ട്രെയിന്‍ വന്ദേഭാരതിന്റെ മലയാളി മണ്ണിലൂടെയുള്ള ആദ്യ ഒഫീഷ്യല്‍ യാത്ര. ഇത് പുതിയ ഭാരതം.”
”വികസനത്തെ ആരും എതിര്‍കുന്നില്ല. അതു പക്ഷേ, സാധാരണക്കാരുടെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികള്‍ അടിച്ചുകൊണ്ട് ആവരുത്. വന്ദേ ഭാരതം” എന്നാണ് വിവേക് ഗോപന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്. ക്ഷണിക്കപ്പെട്ട അതിഥികളുമായാണ് ട്രെയിന്‍ യാത്ര ആരംഭിച്ചത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ മോദി വന്ദേഭാരതിന്റെ സി വണ്‍ കോച്ചില്‍ കയറി. അതിനു ശേഷം സി2 കോച്ചില്‍ 42 കുട്ടികളുമായി മോദി സംവദിച്ചു. പിണറായിയും ശശി തരൂര്‍ എംപിയും മോദിക്കൊപ്പം വന്ദേഭാരതില്‍ എത്തിയിരുന്നു.