കാസ്റ്റിങ് കൗച്ചില്‍ നിന്നും ഒഴിവാകാന്‍ വേണ്ടി നടി രവീണ ഠണ്ടന്‍ എടുത്ത മുന്‍കരുതലുകളെ കുറിച്ച് പറഞ്ഞ് നടി രേണുക ഷഹാനെ. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പറയുന്നതിനിടെയാണ് രേണുക മുന്‍നിര നടിമാരെ കുറിച്ചും സംസാരിച്ചത്. ഒന്നിച്ച് ജീവിച്ചാല്‍ എല്ലാ മാസവും സ്‌റ്റൈപ്പെന്‍ഡ് തരാമെന്ന് പറഞ്ഞ് നിര്‍മ്മാതാവ് വന്നിരുന്നു എന്നതടക്കമുള്ള കാര്യങ്ങളാണ് രേണുക വെളിപ്പെടുത്തിയത്.
”രവീണ ഒരു വലിയ നായികയായിരുന്നു, സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് വന്നത്. പക്ഷേ, ഔട്ട്ഡോര്‍ ഷൂട്ടിംഗിനിടെ ഏത് മുറിയിലാണ് താമസിക്കുന്നതെന്ന് ആരും അറിയാതിരിക്കാനായി എല്ലാ ദിവസവും മുറികള്‍ മാറുമായിരുന്നുവെന്ന് അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്” എന്നാണ് രേണുക സൂമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
താന്‍ നേരിട്ട ദുരനുഭവങ്ങളും നടി പങ്കുവച്ചു. ഒരു നിര്‍മ്മാതാവ് തന്റെ വീട്ടില്‍ വന്ന് ഒരു വാഗ്ദാനം മുന്നോട്ട് വച്ചു. വിവാഹിതനാണെന്ന് പറഞ്ഞ അയാള്‍ ഒരു സാരി കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ ആവശ്യപ്പെട്ടു. കൂടാതെ തന്നോടൊപ്പം ജീവിക്കുന്നതിന് എല്ലാ മാസവും ഒരു സ്‌റ്റൈപ്പെന്‍ഡ് നല്‍കാമെന്ന് പറയുകയും ചെയ്തു. ഇതുകേട്ട താനും അമ്മയും സ്തബ്ധരായിപ്പോയി.
ആ വാഗ്ദാനം നിരസിച്ചപ്പോള്‍, ആ നിര്‍മ്മാതാവ് മറ്റൊരാളെ സമീപിച്ചു. ഇത്തരം പെരുമാറ്റങ്ങളെ എതിര്‍ക്കുന്നതിന് ഒരു വില നല്‍കേണ്ടി വരും. ചിലപ്പോള്‍, നിങ്ങള്‍ ഒരാളുടെ മോശം സമീപനത്തെ നിരസിക്കുമ്പോള്‍, അവര്‍ പ്രതികാരം ചെയ്യുകയും നിങ്ങളെ സിനിമകളില്‍ എടുക്കരുതെന്ന് മറ്റുള്ളവരോട് ആവശ്യപ്പെടുകയും ചെയ്യും. അതാണ് അപകടം.
എനിക്ക് അത് സംഭവിച്ചിട്ടില്ല, പക്ഷേ അത് സംഭവിക്കാം. ആളുകളെ പ്രോജക്റ്റുകളില്‍ നിന്ന് നീക്കം ചെയ്യുകയോ, കൂടുതല്‍ ഉപദ്രവിക്കുകയോ, അല്ലെങ്കില്‍ ചിലപ്പോള്‍ അവരുടെ ജോലിയുടെ പ്രതിഫലം പോലും നിഷേധിക്കുകയോ ചെയ്തിരുന്നു. അതിജീവിച്ചവരെ കൂടുതല്‍ ദ്രോഹിക്കാന്‍ ശ്രമിക്കുന്ന ഒരു സംഘമാണിത് എന്നാണ് രേണുക ഷഹാനെ പറയുന്നത്.