ബോളിവുഡിൽ ഒരു പടത്തിൽ ആരെയൊക്കെ കാസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഇപ്പോൾ പ്രധാന നടന്മാരാണെന്ന് വെളിപ്പെടുത്തി നിർമ്മാതാവും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ മുൻ തലവനുമായ പഹ്ലാജ് നിഹലാനി. ഇത് സിനിമയിലെ ബജറ്റ് കൂടുന്നതിന് കാരണമാകുന്നുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു. നടൻമാരുടെയും അവരുടെ പരിവാരങ്ങളുടെയും വർധിച്ചുവരുന്ന ചെലവ് സിനിമ വ്യവസായത്തിന് ദോഷം ചെയ്യുമെന്നും പഹ്ലാജ് നിഹലാനി പറയുന്നു. ചില സമയത്ത് സംവിധായകരെ പോലും സൂപ്പർതാരങ്ങൾ തിരഞ്ഞെടുക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോവുന്നത്.
താൻ സിനിമ നിർമ്മിക്കുന്ന കാലത്ത് ഇത്തരം കാര്യങ്ങളിൽ തീരുമാനങ്ങളെടുത്തിരുന്നത് നിർമ്മാതാക്കളും സംവിധായകരുമായിരുന്നു. എന്നാൽ അന്ന് ഇതിൽനിന്ന് വിപരീതമായി ഉണ്ടായ ഒരനുഭവവും അദ്ദേഹം തുറന്നുപറഞ്ഞു. തലാഷ് എന്ന സിനിമയ്ക്കിടെയാണ് സംഭവം. ഈ ചിത്രത്തിൽ കരീന കപൂറിനെ തന്റെ നായികയാക്കാൻ അക്ഷയ് കുമാർ നിർബന്ധം പിടിച്ചതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.
“നിങ്ങൾക്ക് ഇഷ്ടമുളള പണം എനിക്ക് തരാം. പക്ഷേ ഈ സിനിമയിലെ നായിക കരീന കപൂർ ആയിരിക്കും. ഇതായിരുന്നു അക്ഷയ് ആവശ്യപ്പെട്ടത്. അന്ന് അത് എറ്റവും ചെലവേറിയ സിനിമകളിൽ ഒന്നായിരുന്നു. 22 കോടി രൂപയായിരുന്നു ബജറ്റ്. എന്റെ സിനിമാജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു നടൻ ഇങ്ങനെ ആവശ്യപ്പെട്ടതെന്നും” അദ്ദേഹം പറഞ്ഞു. തന്നേക്കാൾ പ്രായം കുറഞ്ഞ ഒരു നടിക്കൊപ്പം അഭിനയിക്കാൻ ആഗ്രഹിച്ചതുകൊണ്ടാണ് അക്ഷയ് കരീനയെ അന്ന് സിനിമയിലേക്ക് നിർദേശിച്ചതെന്നും പഹ്ലാജ് നിഹലാനി പറഞ്ഞു.