സംവിധായകന്‍ ആനന്ദ് എല്‍. റായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് കോവിഡ് ബാധിച്ച വിവരം സംവിധായകന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. അത്രംഗി രേ എന്ന ചിത്രത്തിന്റെ പാക്കപ്പ് ഇന്നലെയാണ് നടന്നത്. ചിത്രത്തിലെ പ്രധാന താരങ്ങളായ ധനുഷ്, സാറ അലിഖാന്‍ എന്നിവരോടൊപ്പം കഴിഞ്ഞ ദിവസം പാക്കപ്പ് പാര്‍ട്ടിയിലും സംവിധായകന്‍ പങ്കെടുത്തിരുന്നു.
പാക്കപ്പ് പാര്‍ട്ടിക്ക് ശേഷം നടത്തിയ കോവിഡ് ടെസ്റ്റിലാണ് സംവിധായകന്റെ ഫലം പോസിറ്റീവായത്. തനിക്ക് ലക്ഷണങ്ങളൊന്നും ഇല്ലെന്നും ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും സംവിധായകന്‍ ട്വീറ്റ് ചെയ്തു. താനുമായി അടുത്തിടപഴകിയവരോടും ക്വാറന്റൈനില്‍ പ്രവേശിക്കാനും സംവിധായകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതോടെ ധനുഷ്, സാറ അലിഖാന്‍ തുടങ്ങിയ താരങ്ങളും അത്രംഗി രേ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുമടക്കം ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതുണ്ട്. ധനുഷിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് അത്രംഗി രേ. ഷമിതാഭ്, രാജണ്ണ എന്നീ ചിത്രങ്ങളാണ് താരം നേരത്തെ വേഷമിട്ട ഹിന്ദി സിനിമകള്‍.
ഡല്‍ഹിയിലും ആഗ്രയിലുമായാണ് അത്രരംഗി രേ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മാര്‍ച്ചില്‍ വാരണാസിയിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കോവിഡ് പ്രതിസന്ധി കാരണം ഷൂട്ടിംഗ് മാറ്റി വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഒക്ടോബറില്‍ ഷൂട്ടിംഗ് ആരംഭിക്കുകയായിരുന്നു. ഡിസംബര്‍ ആദ്യവാരമാണ് ഡല്‍ഹിയില്‍ ഷൂട്ടിംഗ് തുടങ്ങിയത്.