കാലിക്കറ്റ് സർവ്വകലാശാലയിൽ എത്ര ആദിവാസി അധ്യാപകർ ജോലി ചെയ്യുന്നുണ്ട് ?

കാലിക്കറ്റ് സർവ്വകലാശാലയിൽ എത്ര ആദിവാസി അധ്യാപകർ ഉണ്ടെന്നുള്ള കണക്ക് സർക്കാരും യൂണിവേഴ്‌സിറ്റിയും പുറത്തുവിടണമെന്ന് സാമൂഹിക പ്രവർത്തകൻ കെ സന്തോഷ് കുമാർ. രഞ്ജിത്ത് ആറിനെ പോലെയുള്ള മിടുക്കരായ സ്‌കോളേഴ്‌സിനെ പുറത്ത് നിർത്താൻ മാത്രം ആദിവാസി പ്രാതിനിധ്യം കാലിക്കറ്റ് സർവ്വകലാശാലയിൽ ഉണ്ടോ എന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്ക് ഉണ്ടല്ലോ എന്നും സന്തോഷ് കുമാർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

പ്രതികൂലമായ ജീവിതസാഹചര്യങ്ങളോടു പൊരുതി റാഞ്ചിയിലെ ഐഐഎമ്മിൽ പ്രൊഫസറായി ജോലി നേടിയ രഞ്‌‌ജിത്തിനെ അഭിനന്ദിച്ച ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്തുകൊണ്ടുള്ള സന്തോഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് നേരത്തെ വാർത്തയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അധ്യാപക നിയമന അഭിമുഖത്തില്‍ നാലാം റാങ്ക് ഉണ്ടായിരുന്നു രഞ്‌‌ജിത്തിന്. നാലൊഴിവുകൾ ഉണ്ടായിട്ടും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട രഞ്ജിത്തിന് മുൻഗണന ഉണ്ടായിട്ടും നിയമനം നൽകാതെ കാലിക്കറ്റ് സർവ്വകലാശാല നിയമനങ്ങളിൽ മുഴുവൻ അട്ടിമറിയും നടത്തി സ്വന്തക്കാരെയും പാർട്ടിക്കാരെയും നിയമിച്ചത് തോമസ് ഐസക്ക് ഉൾപ്പെടുന്ന ഇടതുപക്ഷ പുരോഗമന സർക്കാർ ആണ് എന്ന് സന്തോഷ് കുമാർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.

കെ സന്തോഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കാലിക്കറ്റ് സർവ്വകലാശാലയിൽ എത്ര ആദിവാസി അധ്യാപകർ ജോലി ചെയ്യുന്നുണ്ട് ? ലിസ്റ്റ് പുറത്ത് വിടാൻ യൂണിവേഴ്‌സിറ്റിയും സർക്കാരും തയ്യാറാകണം.

ഐ ഐ എമ്മിൽ ജോലി ലഭിച്ച ശേഷം രഞ്ജിത്ത് മീഡിയോട് പറഞ്ഞ ഒരു പ്രധാനകാര്യം ഉന്നത വിദ്യാഭ്യാസമേഖലയിൽ വലിയ വിവേചനമാണ് നിലനിൽക്കുന്നതെന്നും അവിടെ നിലനിൽക്കുക എന്നത് ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് താൻ പഠനം ഉപേക്ഷിക്കുവാൻ തീരുമാനിച്ചിരുന്നു എന്നുമാണ്. ഏതാണ്ട് ഒരാഴ്ചയോളം രണ്ടു അധ്യാപകർ തന്നെ കൂടെ കൂട്ടുകയും ഒന്നിച്ചു കൊണ്ടുപോകുകയും ഭക്ഷണമുൾപ്പെടെ വാങ്ങിത്തരുകയും ഒരു കാരണവശാലും പഠനം മുടക്കരുത് എന്ന് നിരന്തരം പറയുകയും വലിയ പിന്തുണ നൽകുകയും ചെയ്തതുകൊണ്ടു മാത്രമാണ് താൻ പഠനം തുടർന്നത് എന്നാണ്.

എത്ര ദലിത് ആദിവാസി വിദ്യാർത്ഥികൾക്ക് ഇതുപോലെ പിന്തുണ ലഭിയ്ക്കും? രോഹിത് വെമുല ഉൾപ്പെടെയുള്ള നിരവധി ദലിത് ആദിവാസി സ്‌കോളേഴ്സ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആത്യഹത്യ ചെയ്യേണ്ടി വന്നത് അവർക്ക് ഇത്തരത്തിൽ ഉണ്ടാകുന്ന സാമൂഹിക പുറംതള്ളലിനെ അതിജീവിക്കാൻ കഴിയാത്തത് കൊണ്ടാണ്. അങ്ങനെ അതിജീവിച്ചു മുന്നേറി വരുന്ന, അതും ഐ ഐ ടിയിൽ നിന്നു പഠിച്ചു ഡോക്ട്രേറ്റ് എടുത്ത, സമൂഹത്തിലെ ഏറ്റവും പിന്നാക്ക സാമൂഹികാവസ്ഥയിൽ നിന്നുള്ള രഞ്ജിത്തിനെയാണ് പുരോഗമന കേരളത്തിലെ കാലിക്കറ്റ് സർവ്വകലാശാല പുറത്താക്കുന്നത്.

അടിയന്തിരമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എത്ര ആദിവാസി അധ്യാപകർ ഉണ്ടെന്നുള്ള കണക്ക് സർക്കാരും യൂണിവേഴ്‌സിറ്റിയും പുറത്തുവിടണം. രഞ്ജിത്ത് ആറിനെ പോലെയുള്ള മിടുക്കരായ സ്‌കോളേഴ്‌സിനെ പുറത്ത് നിർത്താൻ മാത്രം ആദിവാസി പ്രാതിനിധ്യം കാലിക്കറ്റ് സർവ്വകലാശാലയിൽ ഉണ്ടോ എന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്ക് ഉണ്ടല്ലോ.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി