"കയറിക്കൂടിയ ഇരുപത്തിരണ്ടു മലയാളം അദ്ധ്യാപകരില്‍ ഒരാള്‍ സുനില്‍ പി. ഇളയിടം": ഡോ.ആസാദ്

സംസ്കൃത സര്‍വകലാശാലയില്‍ 1998ല്‍ മലയാളം ലക്‌ചറര്‍ തസ്തികയിലേക്ക് നടന്ന അഭിമുഖ പരീക്ഷയില്‍ കൃത്രിമം കാട്ടിയാണ് സുനിൽ പി ഇളയിടത്തിന് നിയമനം നല്‍കിയതെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നത് വാർത്തയായിരുന്നു. പിഎച്ച്ഡി, എംഫില്‍, നെറ്റ്, ജെആര്‍എഫ് ഉള്‍പ്പെടെ ഉന്നതബിരുദങ്ങളും യോഗ്യതയും ഉള്ള മറ്റു പലരെയും പിന്തള്ളി എം.എ മാത്രമുള്ള സുനില്‍ പി ഇളയിടത്തിന് നിയമനം നല്‍കുകയായിരുന്നു എന്നാണ് ആരോപണം.

അതേസമയം സുനിലിനെതിരായ സംഘപരിവാർ ആക്രമണം കേരളം പൊറുക്കുകയില്ല എന്ന തലക്കെട്ടോടെ എഴുത്തുകാരനായ അശോകൻ ചെരിവില്‍ ഫെയ്സ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു. വർത്തമാനകാലത്തെ സാംസ്കാരിക നേതൃത്തമാണ് സുനിൽ പി.ഇളയിടമെന്നും അദ്ദേഹത്തിനെതിരെ വർഷങ്ങളായി സംഘപരിവാർ നിരന്തരമായ ആക്രമണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അശോകൻ ചെരിവില്‍ പറഞ്ഞു. എന്നാൽ സുനില്‍ പി ഇളയിടം ധിഷണാശാലിയാണെന്ന കാര്യത്തിൽ തര്‍ക്കമില്ലെന്നും അത് പക്ഷെ എക്കാലത്തെയും വലിയ സര്‍വ്വകലാശാലാ നിയമന അഴിമതിക്ക് വെള്ള പൂശാന്‍ ന്യായീകരണമാകുന്നതെങ്ങനെ എന്ന് മനസ്സിലാവുന്നില്ല എന്നും രാഷ്ട്രീയ നിരീക്ഷകനായ ഡോ.ആസാദ് ഫെയ്സ്ബുക്കിൽ അഭിപ്രായപ്പെട്ടു.

ഡോ.ആസാദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

സംസ്കൃത സര്‍വ്വകലാശാലയിലെ (1998ല്‍) കുപ്രസിദ്ധമായ അദ്ധ്യാപക നിയമന ഇന്റര്‍വ്യു നടത്തിയവരെ പ്രകീര്‍ത്തിച്ച് പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി അശോകന്‍ ചെരിവില്‍ രംഗത്തെത്തിയിരിക്കുന്നു.

ഋഷിതുല്യരായ മഹാ പണ്ഡിതരടങ്ങിയ സമിതിയുടെ ക്രാന്തദര്‍ശിത്വം വെളിവാകാന്‍ ഒരു ദൃഷ്ടാന്തം മതിയത്രെ. അതാണ് സുനില്‍ പി ഇളയിടമെന്നു ചെരിവില്‍ പറയുമ്പോള്‍ ഞാനും നമസ്കരിച്ചു പോകുന്നു ആ ക്രാന്തദര്‍ശിത്വത്തിനു മുന്നില്‍.

സുനില്‍ പി ഇളയിടത്തോടു നമുക്കു യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍ അദ്ദേഹത്തിന്റെ ധിഷണാ വൈഭവം അംഗീകരിക്കാതെ വയ്യ. എഴുത്തും പ്രഭാഷണവുമായി നമ്മുടെ ബൗദ്ധിക മണ്ഡലം ഉഴുതുമറിക്കുന്ന അപൂര്‍വ്വംപേരില്‍ ഒരാളാണ് അദ്ദേഹം. അക്കാര്യത്തില്‍ തര്‍ക്കമില്ല. അതു പക്ഷെ എക്കാലത്തെയും വലിയ സര്‍വ്വകലാശാലാ നിയമന അഴിമതിക്ക് വെള്ള പൂശാന്‍ ന്യായീകരണമാകുന്നതെങ്ങനെ എന്നു മനസ്സിലാവുന്നില്ല.

സുനിലിനെ മാത്രം തെരഞ്ഞെടുത്ത ഇന്റര്‍വ്യു അല്ല നടന്നത്. ഇരുപത്തിരണ്ടു പേരോ മറ്റോ മലയാളത്തില്‍ മാത്രം നിയമിക്കപ്പെട്ടു. സംസ്കൃതത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ഇങ്ങനെ എത്രയോ പേര്‍ നിയമിതരായി. മലയാളത്തിലെ ഇന്റര്‍വ്യു മാര്‍ക്ക് ലീസ്റ്റ് വിവരാവകാശ നിയമപ്രകാരം പുറത്തു വന്നപ്പോള്‍ വലിയൊരു അഴിമതിയുടെ ചിത്രം തെളിഞ്ഞുവന്നു. ഇരുനൂറ്റി പതിനൊന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ മാര്‍ക്കുകളും അവയുടെ വിന്യസന ക്രമവും ആരെയും അത്ഭുതപ്പെടുത്തും. കയറിക്കൂടിയ ഇരുപത്തി രണ്ടു മലയാളം അദ്ധ്യാപകരില്‍ ഒരാള്‍ സുനില്‍ പി ഇളയിടമാകുന്നതുകൊണ്ട് നിയമനത്തിലെ കുറ്റപ്പാടു തീരുമോ സഖാവേ?

1998ല്‍ ഇന്റര്‍വ്യുവില്‍ പങ്കെടുത്തത് ഇന്നത്തെ സുനിലല്ല. അന്നു സുനിലിനെപ്പോലെ കയറിയവരെല്ലാം ഇന്നത്തെ സുനിലായിട്ടുമില്ല. ഒരാളില്‍ ക്രാന്തദര്‍ശികള്‍ കണ്ട തെളിച്ചം മറ്റുള്ളവരെ മറച്ച ഇരുട്ടായിക്കാണണം! ആ അഭിമുഖ നാടകത്തിന്റെ പൊരുളെന്തെന്ന് ജ്ഞാനികള്‍ ഇനിയും വിശദീകരിക്കണം. മഹാപണ്ഡിതരെ പ്രകീര്‍ത്തിക്കുന്ന ചെരിവിലാശാന്മാര്‍ അന്നു തഴയപ്പെട്ടവരില്‍ പ്രവര്‍ത്തിക്കാതെപോയ ആ ക്രാന്തദര്‍ശന വൈഭവത്തെപ്പറ്റിയും പറയണം. സുനിലിനോളം പൊക്കമുള്ളവര്‍ ഇരുപത്തി രണ്ടില്‍ പെടാതെ പോയത് ഏതു ദര്‍ശനദോഷംമൂലമാവാം?

യോഗ്യതാപത്രംകൊണ്ടു മാറ്റുരച്ചു നേടിയതല്ല, ക്രാന്തദര്‍ശിത്വംകൊണ്ടു കൈവന്നതാണെന്ന അശോകന്റെ വാദത്തില്‍ സുനിലിനെതിരെ ഒരു ഒളിയമ്പുണ്ട്. അതവിടെ കിടക്കട്ടെ. സുനില്‍ പോലും ചോദിച്ചുപോകും ആ ക്രാന്തദര്‍ശിത്വം പി കെ രാജശേഖരനിലും കെ എം വേണുഗോപാലിലും ബി അനന്തകൃഷ്ണനിലും മറ്റും പ്രവര്‍ത്തിക്കാതെ പോയത് എന്തുകൊണ്ടെന്ന്. അന്നുതന്നെ വിമര്‍ശനത്തിനുള്ള അക്കാദമി അവാര്‍ഡു നേടിയിരുന്ന രാജശേഖരനെ പുറംതള്ളിയ പണ്ഡിതയുക്തിയെന്തെന്ന്. ആരെ പേടിച്ചാണ് സത്യബോധത്തിന്റെ പ്രവാചകന്‍ അതു പറയാത്തതെന്ന് അറിയുന്നില്ല.

ഒരുകൂട്ടം അദ്ധ്യാപകരെ നിയമിച്ചതിലെ അഴിമതി പുറത്തു വരുമ്പോള്‍, അതില്‍ സുനിലിനെപ്പോലെ പില്‍ക്കാലത്തു പ്രശസ്തനായ ഒരാള്‍ ഉണ്ടെന്നുള്ളത് അഴിമതിക്ക് നീതീകരണമാവില്ല. ആരോപണം തടയാന്‍ ആ പ്രഭാവം തികയുകയുമില്ല. വിവരാവകാശ നിയമപ്രകാരം വെളിച്ചം കണ്ട രേഖകള്‍ സംഘപരിവാരം നിര്‍മ്മിച്ചതാണെന്ന് അശോകന്മാര്‍ക്കു തോന്നുന്നുണ്ടെങ്കില്‍ കുറ്റം പറയുന്നില്ല. സംസ്കൃത സംഘങ്ങള്‍ രൂപീകരിച്ചും രാമായണ പ്രഭാഷണങ്ങള്‍ നടത്തിയും ശോഭായാത്രകള്‍ സംഘടിപ്പിച്ചും നവഹൈന്ദവത വളര്‍ത്തിയെടുത്ത വികല ഇടതുപക്ഷ ബൗദ്ധികതയുടെ രൂപീകരണവും വളര്‍ച്ചയും അങ്ങനെയായിരുന്നിരിക്കണം!

കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും വിദ്യാഭ്യാസ പ്രവര്‍ത്തകരും ആ നിയമന ഇന്റര്‍വ്യുവിന്റെ മാര്‍ക്കു പതിഞ്ഞ രേഖ സൂക്ഷ്മവായനക്കു വിധേയമാക്കണം. അങ്ങനെയൊരു അഴിമതി രേഖ സംബന്ധിച്ച് എന്തു പറയാനുണ്ടെന്ന് കേള്‍ക്കട്ടെ. ഒരാളെത്തടഞ്ഞ് ഒരു കൊടുംകൊള്ള മറഞ്ഞുപോകുമെന്ന് നിങ്ങള്‍ ധരിക്കുന്നുവോ? ആ ചരിത്ര രേഖ എക്കാലത്തും എല്ലാ തെരുവിലും പതിഞ്ഞു കിടക്കും. അതു വെല്ലുവിളിക്കുന്നത് അന്നു തെരഞ്ഞെടുക്കപ്പെട്ടവരെയല്ല. അഴിമതിക്കു നേതൃത്വംകൊടുത്ത അധികാരികളെയാണ്. അതിനു തണല്‍വീശിയ ജനവിരുദ്ധ സംഘങ്ങളെയാണ്. ന്യായീകരണം ചമയ്ക്കുന്ന അധികാരികളുടെ കാര്യസ്ഥ വേഷങ്ങളെയാണ്. മൗനത്തിലൊളിച്ച സര്‍ക്കാര്‍വിലാസം സാംസ്കാരിക/ വിദ്യാഭ്യാസ നായക അടിമരൂപങ്ങളെയാണ്.

Latest Stories

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം