കൊട്ടിഘോഷിക്കപ്പെടുന്ന ദർശനം പുണ്യം, പക്ഷേ ചിരിച്ചാൽ മരണം സംഭവിക്കും. ഋതുമതിയാകും വരെ ദേവിയാണ് പക്ഷേ ആർത്തവം തുടങ്ങിയാൽ സാധാരണ മനുഷ്യ സ്ത്രീ. ദേവതയ്ക്കും സ്ത്രീയ്ക്കും ഇടയിലെ ചുവന്ന അതിർവരമ്പിലൂടെ ബാല്യം നഷ്ടപ്പെടുന്ന, ചിരി നഷ്ടപ്പെടുന്ന പെൺകുഞ്ഞുങ്ങൾ. കുമാരിമാരുടെ കൊട്ടാരത്തിലെ ജീവിതം വാഴ്ത്തുപ്പാടലുകളുടെ മോഹിപ്പിക്കുന്ന രാജകീയ ജീവിതമല്ല. ചിരിക്കാൻ പോലും അനുവാദമില്ലാത്തവളായാണ് നേപ്പാളിന്റെ ദേവത വളരുക. കാരണം അവൾ ആരെനോക്കി ചിരിച്ചാലും അയാൾ വൈകാതെ മരണപ്പെടുമെന്നാണ് പാടിപ്പഴകിയ വിശ്വാസം.
നേപ്പാളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും മുന്നിൽ എന്തെന്നറിയാതെ ഒരു പെൺകുഞ്ഞു കൂടി എത്തിയത് ഈ സെപ്തംബർ ചൊവ്വാഴ്ചയാണ്. രണ്ട് വയസ്സും എട്ട് മാസവും മാത്രം പ്രായമുള്ള ആര്യതാര ശാക്യ. ഋതുമതിയായതോടെ ദേവതയിൽ നിന്നും മനുഷ്യസ്ത്രീയായ നിലവിലെ കുമാരി 11 വയസ്സുള്ള തൃഷ്ണ ശാക്യയെയും വഹിച്ചുള്ള പല്ലക്ക് കൊട്ടാരത്തിന്റെ പിൻവശത്തെ കവാടത്തിലൂടെ മടങ്ങുമ്പോൾ തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അച്ഛന്റെ തോളിലേറി ഒരു രണ്ടര വയസുകാരി ക്ഷേത്ര മതിൽക്കെട്ടിനുള്ളിലേക്ക് ഒറ്റയ്ക്കായി തളയ്ക്കപ്പെടുകയാണ്.
Image credit : Google
കാഠ്മണ്ഡുവിലെ ഒരു ഇടവഴിയിലുള്ള വീട്ടിൽ നിന്നാണ് രണ്ട് വയസും എട്ട് മാസവും പ്രായമുള്ള ഒരു പെൺകുട്ടിയെ പുതിയ കുമാരിയായി നേപ്പാൾ തിരഞ്ഞെടുത്തത്. കടും ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച്, കൈകളിൽ വളകളും നെറ്റിയിൽ ഒരു ചുവന്ന പൊട്ടും തൊട്ട് അച്ഛന്റെ കൈകളിൽ ഇരിക്കുന്ന ‘ആര്യതാര ശാക്യ’ എന്ന ആ കുഞ്ഞ് ‘കുമാരി’യുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ അടക്കം ഏറ്റെടുത്തിരിക്കുകയാണ്. മാതാപിതാക്കളോടൊപ്പം കളിച്ചും ചിരിച്ചും ഉല്ലസിച്ചുവളരേണ്ട സമയത്താണ് ആര്യതാര ‘ജീവിക്കുന്ന ദേവത’യായി ഇനി വർഷങ്ങളോളം ഏകാന്തവാസം നയിക്കേണ്ടത്. അതും കൊട്ടാരത്തിൽ, പല കഠിനമായ നിഷ്ഠകളും ചിട്ടവട്ടങ്ങളും പാലിച്ചുകൊണ്ട്…
കാഠ്മണ്ഡു താഴ്‌വരയിലെ തദ്ദേശീയരായ ന്യൂവാർ സമുദായത്തിലെ ശാക്യ വംശങ്ങളിൽ നിന്നാണ് ‘ജീവിക്കുന്ന ദേവത’യാകാൻ കുമാരിമാരെ തിരഞ്ഞെടുക്കാറുള്ളത്. നേപ്പാളിലെ ഹിന്ദുക്കളും ബുദ്ധമതക്കാരും ജീവിക്കുന്ന ഒരു ദേവതയായാണ് കുമാരിയെ ആരാധിക്കുന്നത്. ശാന്തമായ പെരുമാറ്റം, കളങ്കമില്ലാത്ത ചർമ്മം, മുടി, കണ്ണുകൾ, പല്ലുകൾ എന്നിവയുള്ള 2നും 4നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. മാത്രമല്ല, ഇരുട്ടിനെയോ ഭയപ്പെടുത്തുന്ന ഒന്നിനെയും പേടിക്കാത്ത കുട്ടിയായിരിക്കണം. ഈ ഗുണങ്ങൾ എല്ലാം ഒത്തുചേർന്ന കുട്ടിയെ ആണ് കുമാരിയായി തിരഞ്ഞെടുക്കാറുള്ളത്.
Image credit : Google
തിന്മയുടെ മേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന പതിനഞ്ച് ദിവസത്തെ ഉത്സവമായ നേപ്പാളിന്റെ ‘ദശൈൻ’ തുടങ്ങി എട്ടാമത്തെ ദിവസമാണ് തിരഞ്ഞെടുത്ത കുമാരിയെ ക്ഷേത്ര കൊട്ടാരത്തിലേക്ക് എഴുന്നള്ളിച്ചു കൊണ്ടുവരിക. ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ വച്ച് കിരീടമണിയിക്കുന്നതോടെ ജീവിക്കുന്ന ദേവതയായി കുട്ടി പിന്നീട് മാറുകയാണ്. ആഘോഷ വേളയിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഭക്തരും പുതുതായി തിരഞ്ഞെടുക്കപ്പെട്ട കുമാരിയെ കാഠ്മണ്ഡുവിലെ തെരുവുകളിലൂടെ നടത്തുകയും പിന്നീട് ക്ഷേത്ര കൊട്ടാരത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നതോടെ കുമാരിയുടെ കൊട്ടാര ജീവിതം ആരംഭിക്കുന്നു.
നേപ്പാൾ ജനത ആരാധിക്കുന്ന ജീവിക്കുന്ന ദേവതയായി കുമാരി മാറുമെങ്കിലും ‘കുമാരി’യായി സ്ഥാനമേൽകുന്ന കുട്ടിയുടെ ജീവിതം പരിമിതികൾ നിറഞ്ഞതായിരിക്കും. മറ്റുള്ള കുട്ടികളുമായി ഇടപെടാനോ പുറത്തേക്ക് പോവാനോ കുമാരിയ്ക്ക് സാധിക്കില്ല. ഒറ്റപ്പെട്ട ബാല്യകാലമായിരിക്കും വർഷങ്ങൾക്ക് ശേഷം കുമാരി സ്ഥാനമൊഴിയുമ്പോൾ ഓർക്കാൻ ഉണ്ടാവുക. മതപരമായ ആചാരങ്ങൾ, ക്ഷേത്രദർശനങ്ങൾ, ആചാരപരമായ കർത്തവ്യങ്ങൾ എന്നിവയെയൊക്കെ ചുറ്റിപ്പറ്റിയായിരിക്കും കുമാരിയുടെ ജീവിതം. തലേജു എന്ന ദേവതയുടെ പ്രതിരൂപമെന്ന് വിശ്വസിക്കുന്ന കുമാരി എപ്പോഴും ചുവന്ന വസ്ത്രമായിരിക്കും ധരിക്കുക. മുടി മുകളിലേക്ക് കെട്ടിവച്ച് നെറ്റിയിൽ ‘മൂന്നാം കണ്ണ്’ വരച്ചിട്ടുണ്ടാകും. നിത്യവും ദേവിയെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യണം. അവരുടെ കാൽ നിലത്ത് സ്പർശിക്കാൻ പാടുള്ളതല്ല. മത്സ്യം, മാംസം എന്നിവ കുമാരിയ്ക്ക് ഭക്ഷിക്കാൻ പാടുള്ളതല്ല. ചുമലിലേറ്റിയാണ് കുമാരിയെ രഥത്തിൽ എഴുന്നള്ളിക്കുക. ഉത്സവങ്ങൾക്കായി വർഷത്തിൽ കുറച്ച് തവണ മാത്രമേ പുറത്ത് പോകാൻ അനുവാദമുള്ളൂ.
Image credit : Google
മുൻപ് വിദ്യാഭ്യാസമുപേക്ഷിച്ച് തന്റെ കുടുംബത്തെയും ഉപേക്ഷിച്ച് ഏകാന്തജീവിതം നയിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഈ കാര്യത്തിൽ ഇപ്പോൾ കുറച്ചു പരിഷ്കാരങ്ങളൊക്കെ വരുത്തിയിട്ടുണ്ട്. കുമാരിയ്ക്കായി കൊട്ടാരത്തിൽ സ്വകാര്യ അധ്യാപകർ, കാണാൻ ടെലിവിഷൻ, പ്രതിമാസ പെൻഷൻ തുക തുടങ്ങിയ ചില സുഖസൗകര്യങ്ങൾ ഇപ്പോൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ സമ്പ്രദായം ഒരു പവിത്രമായ സാംസ്കാരിക ബഹുമതിയാണോ അതോ കൊച്ചുകുട്ടികൾക്ക് ഇത് അന്യായമായ ഭാരമാണോ എന്നതിനെക്കുറിച്ചുള്ള ചർച്ച ഇന്നും തുടരുന്നു. പിന്തുണയ്ക്കുന്നവർ ഒരു പ്രധാന മതപാരമ്പര്യം സംരക്ഷിക്കുന്നുവെന്ന് വാദിക്കുമ്പോൾ, ഒരു കുട്ടിയുടെ മേൽ അത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ധാർമ്മികതയെയാണ് വിമർശകർ ചോദ്യം ചെയ്യുന്നത്.
പ്രായപൂർത്തിയാകുന്നതുവരെ ക്ഷേത്ര കൊട്ടാരത്തിൽ താമസിക്കുന്ന കുമാരിയുടെ പാദങ്ങൾ തൊടാനും തലയിൽ വച്ച് അനുഗ്രഹം വാങ്ങാനും നിരവധി പേരാണ് എത്താറുള്ളത്. എന്നാൽ കുമാരിയുടെ ദർശനം തന്നെ പുണ്യമായി കാണുന്ന ഭക്തർക്ക് ഭയമുള്ള ഒരേയൊരു കാര്യം മാത്രമേയുള്ളു. ‘കുമാരിയുടെ ചിരി’… കുമാരിയുടെ ചിരി മരണത്തിലേക്ക് നയിക്കുമെന്നാണ് ഇവിടെയുള്ള ആളുകളുടെ വിശ്വാസം. കുമാരി ആരെ നോക്കി ചിരിച്ചാലും അവർ വൈകാതെ തന്നെ മരണപ്പെടും എന്നാണ് വിശ്വാസം.
Image credit : Google
ഋതുമതിയാവുന്നതോടെ അവരുടെ ദൈവീക ശക്തി നഷ്ടപ്പെടുമെന്നാണ് വിശ്വാസം. എന്നാൽ ഇങ്ങനെ പുറത്തിറങ്ങുന്ന മുൻ കുമാരിമാർ സാധാരണജീവിതവുമായി പൊരുത്തപ്പെടാൻ പലപ്പോഴും ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. പദവിയൊഴിഞ്ഞ മുൻ കുമാരിമാരെ വിവാഹം കഴിക്കുന്ന പുരുഷന്മാർ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയേക്കാമെന്ന് നാടോടിക്കഥകളിൽ പറയുന്നതുകാരണം നിരവധി കുമാരിമാർ ഇന്നും അവിവാഹിതരായി തുടരുകയാണ്.
ജനിക്കുന്നതിനു മുമ്പുതന്നെ ആര്യ താര ഒരു ദേവതയാകുമെന്ന് തങ്ങൾക്ക് പലപ്പോഴും ഉൾവിളി തോന്നിയിരുന്നു എന്നാണ് ശാക്യയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ ഭാര്യ ഗർഭിണിയായിരുന്നപ്പോൾ ആര്യതാര ഒരു ദേവതയാണെന്ന് സ്വപ്നം കണ്ടതായും ഒരിക്കൽ അവൾ വളരെ പ്രത്യേകതയുള്ള ഒരാളാകുമെന്ന് അറിയാമായിരുന്നു എന്നും പിതാവ് കൂട്ടിച്ചേർത്തു.
Image credit : Google
ആര്യതാര ശാക്യയുടെ മുൻഗാമിയായ ‘തൃഷ്ണ ശാക്യ’ ഋതുമതിയായതോടെയാണ് ‘കുമാരി’ സ്ഥാനം ഒഴിഞ്ഞ് ആര്യതാര ശാക്യയെ കുമാരിയായി സ്ഥാനാരോഹണം ചെയ്തത്. 11 വയസ്സുള്ള തൃഷ്ണ ശാക്യയെയും വഹിച്ചുള്ള പല്ലക്ക് കൊട്ടാരത്തിന്റെ പിൻവശത്തെ കവാടത്തിലൂടെ മടങ്ങുന്ന ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. 2017 മൂന്ന് വയസ്സുള്ളപ്പോൾ കുമാരിയായി തിരഞ്ഞെടുക്കപ്പെട്ട തൃഷ്ണ ശാക്യ എട്ട് വർഷത്തിലേറെയായി കുമാരി എന്ന പദവി വഹിച്ചിരുന്നു.
സ്വന്തം മക്കളെ ‘കുമാരി’യാക്കാൻ വേണ്ടി മത്സരിക്കുന്ന ശാക്യ വംശത്തിലെ നിരവധി കുടുംബങ്ങളെ ഇവിടെ കാണാനാകും. തങ്ങളുടെ കുടുംബത്തിലെ ഒരു കുട്ടി ‘കുമാരി’ ആകുന്നതിലൂടെ സമൂഹത്തിലും കുലത്തിലും വംശത്തിലും കുമാരിയുടെ കുടുംബം ഉന്നത സ്ഥാനം നേടും എന്നത് തന്നെയാണ് കാരണം. വിശ്വാസം പാരമ്പര്യം എന്നിവയുടെ കാര്യത്തിൽ ഇന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ മുറുകെ പിടിക്കുന്ന ഒരു ജനതയാണ് നേപ്പാളിലേത്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട, ഏവരും വിശ്വസിക്കുന്ന ഒരു ആചാരമാണ് ‘കുമാരി’.