തെരുവുകളിൽ കലഹിക്കുന്ന രക്തവും പ്രാണനും വിജയന് അധികാരത്തുടർച്ച നൽകുമോ?; കുറിപ്പ്

രാജൻകേസിൽ കെ കരുണാകരനെ താഴെയിറക്കിയ കേരളം, പിണറായി വിജയനെ പലവട്ടം താഴെയിറക്കാൻ മുതിരണമായിരുന്നെന്ന് ഡോ. ആസാദ്.

തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആസാദ് രം​ഗത്തെത്തിയത്.

അധികാര പ്രയോഗത്തിന്റെ ഏറ്റവും ഹീനമായ അനുഭവങ്ങളോടു മലയാളികൾ പൊറുക്കുമോ? തെരുവുകളിൽ കലഹിക്കുന്ന രക്തവും പ്രാണനും വിജയന് അധികാരത്തുടർച്ച നൽകുമോ എന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

കൊലയാളിയെ അയാൾ ചെയ്ത നന്മയുടെ അളവെടുത്ത് വെറുതെ വിടാമോ? കൊലയാളി ഒരാളാണെങ്കിലും ഒരു സർക്കാരാണെങ്കിലും അതിനു ശിക്ഷ അനുഭവിക്കാതെ പറ്റുമോ?
കക്കയം ക്യാമ്പു കഥ പറഞ്ഞു തുടങ്ങിയപ്പോൾ രാജന്റെ രക്തത്തിനു കണക്കു പറയേണ്ടവരുടെ പട്ടിക വന്നു. അതിൽ ഒന്നാമതു ചേർത്തത് അന്നത്തെ ആഭ്യന്തര മന്ത്രിയെയാണ്. കൊലയാളി എന്നു വിശേഷണം ചേർക്കാതെ ഇന്നത്തെ മുഖ്യ ഭരണകക്ഷി അദ്ദേഹത്തെപ്പറ്റി സംസാരിച്ചിട്ടില്ല.
കെ കരുണാകരന് രാജൻ കേസിലെ ഒരു കോടതി പരാമർശത്തിന്റെ പേരിൽ മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നിട്ടുണ്ട്. പൊലീസ് ചെയ്തതിന്റെ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രിയിൽ വന്നു ചേരുമെന്ന് നാം പഠിച്ചു. എന്നാൽ ഇപ്പോൾ നമ്മുടെ യുവാക്കളുടെയും കുഞ്ഞുങ്ങളുടെയും ചോരയിൽ ചവിട്ടിനിൽക്കുന്ന ഒരു സർക്കാർ തുടർഭരണത്തിന് ന്യായവാദം നടത്തുന്നു!
വരാപ്പുഴയിലെ ശ്രീജിത്, ഏങ്ങണ്ടിയൂരിലെ വിനായകൻ, തലശ്ശേരിയിലെ കാളിമുത്തു, കുണ്ടറയിലെ കുഞ്ഞുമോൻ, നെടുങ്കണ്ടത്തെ രാജ്കുമാർ, അമ്പിളിക്കലയിലെ ഷമീർ, വണ്ടൂരിലെ അബ്ദുൾ ലത്തീഫ്, മണർകാട്ടെ നവാസ്, എളമക്കരയിലെ ജോൺസൺ തുടങ്ങി കസ്റ്റഡിയിൽ പൊലീസ് കൊന്നവരുടെ എണ്ണം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം ഭയപ്പെടുത്തുന്നതായി. പല രാജന്മാർ സൃഷ്ടിക്കപ്പെട്ടു. കക്കയം ക്യാമ്പോ അടിയന്തരാവസ്ഥയോ ഇല്ലാതെ ഭരണകൂടം കൊല തുടരുന്നു. മുഖ്യമന്ത്രി രാജന്മാരുടെ മരണത്തിന് ഉത്തരവാദിയാണെന്ന് ആരും പറയുന്നില്ല!
വ്യാജ ഏറ്റുമുട്ടൽ കൊല കേരളത്തിൽ സാധാരണമാക്കിയ ഭരണകാലമാണ് കടന്നുപോയത്. പൊലീസിന് കൊന്നു തള്ളാനുള്ള അധികാരം നൽകിയ ഒരു സർക്കാർ ഇപ്പോൾ ജനവിധി കാത്തുനിൽപ്പാണ്. അനേകം പേരുടെ പ്രാണനെടുത്ത സർക്കാരിന് തുടർച്ച നൽകാൻ മറുകൈ കൊണ്ടു നൽകിയ മധുരങ്ങൾ മതിയെന്ന് വാദിക്കുന്നവരുണ്ട്. നഷ്ടപ്പെട്ടതും മരിച്ചു വീണതും മാനഭംഗപ്പെട്ടതും നമ്മുടെ മക്കളോ സഹോദരങ്ങളോ അല്ലെങ്കിൽ നമ്മെ ബാധിക്കില്ല എന്നായിട്ടുണ്ട് സ്ഥിതി.
രാഷ്ട്രീയ കൊലകളെ ന്യായീകരിക്കാനും കൊലയാളികളെ രക്ഷിക്കാനും പൊതുഖജനാവിൽ നിന്നു കോടികൾ ചെലവിട്ട് വലിയ വക്കീലന്മാരെ ഇറക്കാനും കൊല ചെയ്യപ്പെട്ടവരുടെ ബന്ധുക്കൾക്ക് നീതി നിഷേധിക്കാനും ഉത്സാഹിച്ച ഒരു സർക്കാരാണ് തുടർഭരണത്തിന് യാചിച്ച് നിൽക്കുന്നത്!
രാജൻകേസിൽ കെ കരുണാകരനെ താഴെയിറക്കിയ കേരളം പിണറായി വിജയനെ പലവട്ടം താഴെയിറക്കാൻ മുതിരണമായിരുന്നു! പൊങ്ങച്ചങ്ങളിൽ കണ്ണു മഞ്ഞളിച്ചു പോവാത്തവർക്ക് ചവിട്ടിയരക്കപ്പെട്ട പ്രാണനുകളുടെ തേങ്ങൽ കേൾക്കാനാവും. അധികാര പ്രയോഗത്തിന്റെ ഏറ്റവും ഹീനമായ അനുഭവങ്ങളോടു മലയാളികൾ പൊറുക്കുമോ? തെരുവുകളിൽ കലഹിക്കുന്ന രക്തവും പ്രാണനും വിജയന് അധികാരത്തുടർച്ച നൽകുമോ?
ആസാദ്
25 മാർച്ച് 2021

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍