മഹാമാരിക്കിടയിലും കെഎസ്‌ഐഡിസിക്ക് മികച്ച പ്രവര്‍ത്തന ഫലം, 62% ലാഭവളര്‍ച്ച

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി).

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പതു മാസം നികുതിക്കുശേഷം 35.61 കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ കോര്‍പ്പറേഷനു കഴിഞ്ഞുവെന്ന് മാനേജിംഗ് ഡയറക്ടര്‍ എം.ജി.രാജമാണിക്കം ഐഎഎസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ആദ്യ മൂന്ന് പാദങ്ങളിലെ നികുതിക്ക് ശേഷമുള്ള ലാഭം 21.91 കോടി രൂപയായിരുന്നു. 62 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളത്. വായ്പ അനുവദിക്കല്‍, പിരിച്ചെടുക്കല്‍, പ്രവര്‍ത്തന ലാഭം തുടങ്ങിയവയെല്ലാം മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് ഉയര്‍ന്നിട്ടുണ്ട്. 2020-21ലെ ആദ്യ 9 മാസങ്ങളില്‍ 154.57 കോടി രൂപയായിരുന്ന വായ്പ അനുവദിക്കല്‍ ഇത്തവണ 213.10 കോടി രൂപയായി ഉയര്‍ന്നു.

വായ്പ പിരിച്ചെടുക്കല്‍ 54.89 കോടി രൂപയില്‍ നിന്ന് 94.39 കോടി രൂപയായും പ്രവര്‍ത്തന ലാഭം 27.31 കോടി രൂപയില്‍ നിന്ന് 43.01 കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്. 159.67 കോടി രൂപ ഒന്‍പതു മാസം കൊണ്ട് വിതരണം ചെയ്തിട്ടുണ്ട്. 559 കോടി രൂപയുടെ നിക്ഷേപ സമാഹരണം നേടാനും 1,547 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ കാലയളവില്‍ കഴിയും.

ജനുവരി 22 ന് ചേര്‍ന്ന ബോര്‍ഡ് യോഗം 185.5 കോടി രൂപയുടെ നിക്ഷേപ അടങ്കലില്‍ 5 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുകയും 99.25 കോടി രൂപയുടെ വായ്പ അനുവദിക്കുകയും ചെയ്തു. ഈ പ്രോജക്ടുകളിലെല്ലാംകൂടി 791 പേര്‍ക്ക് നേരിട്ടുള്ള ജോലി ലഭിക്കുമെന്ന് രാജമാണിക്കം ഐഎഎസ് ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഏറ്റവും നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളിലൊന്നായി ഉയര്‍ന്നുവരാനുള്ള ഉറച്ച നടപടികളുമായാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. സംരംഭകര്‍ക്ക് സബ്സിഡിയോടെ നിക്ഷേപ മൂലധനം നല്‍കുന്നതിനുള്ള മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയില്‍ 500 ഓളം സംരംഭകര്‍ക്കായി കുറഞ്ഞത് 250 കോടി രൂപ വിതരണം ചെയ്യാനാണ് കെഎസ്‌ഐഡിസി പദ്ധതിയിടുന്നത്. 3,000 തൊഴിലവസരങ്ങള്‍ നേരിട്ട് സൃഷ്ടിക്കാന്‍ ഇതിലൂടെ കഴിയും. എംഎസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും കുറഞ്ഞത് 25 ലക്ഷം മുതല്‍ പരമാവധി രണ്ടു കോടി രൂപ വരെ ടേം ലോണ്‍ സഹായം നല്‍കും. സംസ്ഥാനസര്‍ക്കാര്‍ മൂന്നു ശതമാനം പലിശ ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍ വായ്പയുടെ പലിശ നിരക്ക് ഫലത്തില്‍ ഏഴ് ശതമാനമായിരിക്കുമെന്ന് രാജമാണിക്കം ഐഎഎസ് പറഞ്ഞു.

എംഎസ്എംഇകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സംരംഭങ്ങള്‍ തുടങ്ങുന്നതിനായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതി കെഎസ്‌ഐഡിസി വഴി നടപ്പാക്കുന്നത്. കേരളത്തിലെ ഗ്രീന്‍ ഫീല്‍ഡ് സംരംഭങ്ങളുടെയും നിലവിലുള്ള സംരംഭങ്ങളുടെയും പ്രൊമോട്ടര്‍മാര്‍ മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിക്ക് കീഴിലുള്ള വായ്പകള്‍ക്ക് അര്‍ഹരാണ്. ഒരു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് പ്രോസസ്സിംഗ്/മുന്‍കൂര്‍ ഫീസ് ഈടാക്കില്ല. ലോണിന് അപേക്ഷിക്കുന്നവര്‍ക്ക് 650-ന് മുകളില്‍ സിബില്‍ സ്‌കോര്‍ ഉണ്ടായിരിക്കണം. പാര്‍ട്ണര്‍ഷിപ്, പ്രൊപ്രൈറ്റര്‍ഷിപ്, കമ്പനി ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

18 മുതല്‍ 50 വരെ വയസ്സ് പ്രായമുള്ളവര്‍ക്ക് വായ്പയ്ക്ക് അര്‍ഹതയുണ്ട്. സ്ത്രീകള്‍, എസ്സി, എസ്ടി, എന്‍ആര്‍കെ അപേക്ഷകര്‍ക്ക് പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവും നല്‍കും. നിക്ഷേപത്തിന്റെ 20 ശതമാനമെങ്കിലും പ്രമോട്ടര്‍മാര്‍ കരുതണം. വായ്പയുടെ തിരിച്ചടവ് കാലാവധി അഞ്ച് വര്‍ഷമാണ്. തിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറട്ടോറിയം നല്‍കും. എന്നാല്‍ മൊറട്ടോറിയം കാലയളവില്‍ പലിശ തിരിച്ചടവ് നിര്‍ബന്ധമാണ്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി