ഇന്ത്യൻ സമ്പന്നരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഫോബ്സ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ 100 ധനികരുടെ ഫോർബ്സ് പട്ടികയിൽ ഒന്നാമതെത്തിയിരിക്കുന്നത്. 105 ബില്യൺ ഡോളർ (ഏകദേശം 9.25 ലക്ഷം കോടി രൂപ) ആണ് അംബാനിയുടെ ആസ്തി. വ്യക്തിഗത ആസ്തി 100 ബില്യൺ ഡോളറിന് മുകളിലുള്ള ഒരേയൊരു ഇന്ത്യക്കാരനും അംബാനി തന്നെയാണ്.
92 ബില്യൺ ഡോളർ (8.10 ലക്ഷം കോടി രൂപ)യുടെ ആസ്തിയുമായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും കുടുംബവുമാണ് രണ്ടാമത്. 40.2 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ഒ.പി. ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാലും കുടുംബവുമാണ് മൂന്നാം സ്ഥാനത്ത്. ഭാരതി എന്റർപ്രൈസസ് മേധാവി സുനിൽ മിത്തലും കുടുംബവും 34.2 ബില്യനുമായി നാലാം സ്ഥാനത്തുണ്ട്. എച്ച്സിഎൽ ടെക് സ്ഥാപകൻ ശിവ് നാടാർ, ഡിമാർട് റീട്ടെയ്ൽ ശൃംഖലയുടെ ചെയർമാൻ രാധാകിഷൻ ദമാനിയും കുടുംബവും, സൺ ഫാർമ മേധാവി ദിലിപ് സാംഘ്‍വിയും കുടുംബവും, ബജാജ് കുടുംബം, സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സൈറസ് പൂനാവാല, ആദിത്യ ബിർള ഗ്രൂപ്പ് സാരഥി കുമാർ മംഗളം ബിർള എന്നിവരാണ് യഥാക്രമം ടോപ്-10ലുള്ള മറ്റുള്ളവർ.
മലയാളികളിൽ 51,937 കോടി രൂപ (5.85 ബില്യൺ ഡോളർ) ന്റെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് ഒന്നാമത്. പട്ടികയിൽ 49-ാം സ്ഥാനത്താണ് യൂസഫലി. 23-ാം സ്ഥാനത്തുള്ള മൂത്തൂറ്റ് കുടുംബമാണ് സമ്പന്ന മലയാള കുടുംബം. 10.4 ബില്യൺ ഡോളറാണ് മുത്തൂറ്റ് കുടുംബത്തിന്റെ ആസ്തി. 5.3 ബില്യൺ ഡോളറുമായി 54-ാം സ്ഥാനത്ത് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസും, 4.1 ബില്യൺ ഡോളറുമായി ആർ.പി ഗ്രൂപ്പ് സാരഥി രവി പിള്ള 73-ാം സ്ഥാനത്തും, 4 ബില്യൺ ഡോളറുമായി ജെംസ് എജ്യുക്കേഷന്റെ മേധാവി സണ്ണി വർക്കി 78-ാം സ്ഥാനത്തുമുണ്ട്.
ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്ണൻ 3.7 ബില്യൺ ഡോളറുമായി 84-ാം സ്ഥാനത്താണുള്ളത്. 3.6 ബില്യൻ ഡോളറുമായി 87-ാം സ്ഥാനത്ത് ശോഭ ഡവലപ്പേഴ്സിന്റെ സ്ഥാപകൻ പിഎൻസി മേനോൻ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 3.25 ബില്യണുമായി കല്യാൺ ജ്വല്ലേഴ്സ് സാരഥി ടി.എസ്. കല്യാണരാമൻ 98-ാം സ്ഥാനത്താണ് ഉള്ളത്.