48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്‌രിവാള്‍!

നിങ്ങള്‍ക്ക് ജാമ്യം നല്‍കിയാല്‍ ഫയലുകള്‍ നോക്കി തീര്‍പ്പാക്കാന്‍ പാടില്ല, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ആദ്യം തന്നെ സുപ്രീം കോടതി വാദങ്ങള്‍ക്ക് ഇടയില്‍ നല്‍കിയ മുന്നറിയിപ്പ് ഇതായിരുന്നു. എന്തുവന്നാലും കെജ്രിവാളിന് ജാമ്യം അനുവദിക്കരുതെന്ന മട്ടില്‍ കേന്ദ്രസര്‍ക്കാരും ഇഡിയും കടുംപിടുത്തം പിടിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ രാഷ്ട്രീയ ശരി കൂടി പരിഗണിച്ച് സുപ്രീം കോടതി ഇടക്കാല ജാമ്യ കാര്യത്തില്‍ അനുഭാവപൂര്‍ണമായ സമീപനമാണ് എടുക്കുന്നത്. അരവിന്ദ് കെജ്രിവാള്‍ ഒരു സ്ഥിരം കുറ്റവാളിയല്ലെന്ന് നേരത്തെ തന്നെ വാദത്തിനിടയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടും സൂചിപ്പിച്ചതാണ്. മാര്‍ച്ച് 21ന് അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി 48 ദിവസമായി തീഹാര്‍ ജയിലിലാണ്.

മേയ് 25ന് ആണ് ഡല്‍ഹിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ 7 ലോക്‌സഭാ സീറ്റുകളുള്ള ഡല്‍ഹിയില്‍ 7ലും ബിജെപി തന്നെയാണ് ജയിച്ചത്. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തഞ്ചത്തില്‍ സഖ്യതീരുമാനം ഉണ്ടാക്കിയതിന് പിന്നാലെയായിരുന്നു മദ്യ നയ അഴിമതി കേസില്‍ കെജ്രിവാള്‍ അറസ്റ്റിലായത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ആംആദ്മി പാര്‍ട്ടിയുടെ പ്രധാനമുഖമെന്ന നിലയില്‍ കെജ്രിവാള്‍ പ്രചാരണത്തിനിറങ്ങുന്നത് തടയുന്ന ബിജെപി നിര്‍ബന്ധ ബുദ്ധി ഇഡിയുടെ നിലപാടുകളിലടക്കം വ്യക്തമായിരുന്നു. ഒരു കാരണവശാലം കെജ്രിവാളിന് ജാമ്യം അനുവദിക്കരുതെന്നാണ് കേന്ദ്രവും ഇഡിയും കോടതിയിക്ക് മുന്നില്‍ പറയുന്നത്. പക്ഷേ ഡല്‍ഹി മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിര്‍വഹിക്കരുതെന്ന ഉപാധിയോടെ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്ന സാധ്യത സുപ്രീം കോടതി സൂചിപ്പിച്ചതോടെ കടുത്ത തടസ്സവാദം കേന്ദ്രത്തിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഉന്നയിച്ചു. ഇതോടെ തിരഞ്ഞെടുപ്പുഘട്ടമായതിനാല്‍ മാത്രമാണ് ഇടക്കാല ജാമ്യത്തെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യുന്നതെന്ന് സുപ്രീം കോടതി ഡല്‍ഹി മുഖ്യമന്ത്രിയോട് പറയുന്നുണ്ട്.

താന്‍ ഒപ്പിടാത്തതിന്റെ പേരില്‍ ഫയലുകള്‍ ലെഫ്റ്റനന്റ് ജനറല്‍ അംഗീകാരം നല്‍കാത്ത സാഹചര്യം ഉണ്ടാകരുതെന്ന് ഈ ഘട്ടത്തില്‍ കെജ്രിവാള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. കെജ്രിവാളിന്റെ അഭിഭാഷകന്‍ ഫയല്‍ ഒപ്പുവെയ്ക്കരുതെന്ന ഉപാധിയെ ശക്തമായി എതിര്‍ക്കുകയും ചെയ്തതോടെ തിരഞ്ഞെടുപ്പ് സമയമല്ലല്ലെങ്കില്‍ അറസ്റ്റിനെതിരായ കേജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കുന്നതുമായി മാത്രം മുന്നോട്ടുപോകുമെന്നായിരുന്നു ബെഞ്ച് പറഞ്ഞത്. അതായത് ഇടക്കാല ജാമ്യത്തില്‍ വാദത്തിന് പോലും സാധ്യത ഉണ്ടായിരുന്നില്ലെന്ന്. ഇത് പൊതുതാല്‍പര്യം കൂടി കണക്കിലെടുത്താണ് ഉപാധിയോടെ ജാമ്യത്തിനെ കുറിച്ച് ചിന്തിക്കുന്നതെന്നും കോടതി വ്യക്തമാക്കി. പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ കെജ്രിവാളിനു പ്രത്യേക പരിഗണന നല്‍കരുതെന്ന് ജാമ്യത്തെ എതിര്‍ത്തുകൊണ്ട് ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന പ്രതീതിയാണ് കേസില്‍ കെജ്രിവാള്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും കേസിന്റെ വസ്തുതകള്‍ ഇഡി കോടതിക്കു മുന്‍പില്‍ സമര്‍പ്പിച്ചു കഴിഞ്ഞുവെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയെ അറിയിച്ചു.

അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെട്ട മദ്യനയ അഴിമതി കേസില്‍ അന്വേഷണം വൈകുന്നതില്‍ ഇഡിയെ സുപ്രീം കോടതി വിമര്‍ശിച്ചു. പല കേസുകളിലും അറസ്റ്റ് നടത്തി ജയിലിലാക്കി അന്വേഷണം വൈകിപ്പിച്ച് ആളെ തടവില്‍ കുടുക്കുന്ന ഇഡി രീതിയെ കഴിഞ്ഞ കുറേക്കാലമായി തന്നെ കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. കെജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി കെജ്രിവാളിന്റെ വാക്കുകള്‍ കൂടി നേരത്തെ ഓര്‍മ്മിപ്പിച്ചിരുന്നു.

താന്‍ അറസ്റ്റിലായ എല്ലാ തെളിവുകളും 2023-ന് മുമ്പുള്ളവയാണ്… ബാക്കി നടപടി കാര്യങ്ങളും 2023 ജൂലൈയിലേതാണ്.

പുതിയതായി ഒന്നും കൂട്ടിച്ചേര്‍ക്കാതെ അന്വേഷണം വൈകിപ്പിക്കുകയും ആളെ കഷ്ടപ്പെടുത്തുകയുമാണ് ഇഡിയെന്ന് സുപ്രീം കോടതിയ്ക്ക് മുന്നില്‍ കെജ്രിവാള്‍ വ്യക്തമാക്കി കഴിഞ്ഞിരുന്നു. ഇതോടെ അന്വേഷണ ഏജന്‍സി നിലപാടിനെ വിമര്‍ശിച്ച കോടതി നിങ്ങള്‍ ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുകയാണെന്നും വിമര്‍ശിച്ചു.

ഒരു വ്യക്തിയുടെ നിരപരാധിത്വം തെളിയിക്കുന്നതും കുറ്റം സ്ഥിരീകരിക്കുന്നതുമായ വസ്തുക്കള്‍ തമ്മില്‍ ആവശ്യാനുസരണം ‘തിരഞ്ഞെടുക്കാന്‍’ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയില്ലെന്ന ശക്തമായ താക്കീതും സുപ്രീം കോടതി നല്‍കുന്നുണ്ട്.

ഒരാളുടെ കുറ്റത്തിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകളുണ്ടെങ്കില്‍ അതും മറ്റ് നിരപരാധിത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ ഉണ്ടെങ്കില്‍ അതും പരിഗണിക്കാതെ ഏതെങ്കിലും ഒന്ന് മാത്രമായി നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാനാകുമോ?. രണ്ടും സമഭാവനയിലാണ് കാണേണ്ടത്. നിങ്ങള്‍ക്ക് ഒരു വശം ഒഴിവാക്കാനാവില്ല. നിങ്ങള്‍ ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുകയാണ്.

ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉള്‍പ്പെടുന്ന രണ്ടംഗ ബെഞ്ചിന്റെ ഭാഗമായ ജസ്റ്റിസ് ദീപങ്കര്‍ ദത്ത സംശയത്തിന് ഇടനല്‍കാത്ത വിധം ഇഡിയ്ക്ക് ക്ലാസെടുക്കുക പോലും ചെയ്തു. പിന്നീടും ന്യായികരിക്കാന്‍ ശ്രമിച്ച കേന്ദ്രസര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് എന്തുകൊണ്ട് ഈ വിഷയം ഏറ്റെടുക്കാന്‍ കേന്ദ്ര ഏജന്‍സിക്ക് രണ്ട് വര്‍ഷം വേണ്ടി വന്നു എന്ന ചോദ്യവും കോടതി ഉന്നയിച്ചു.

ഇതിന് രണ്ട് വര്‍ഷമെടുത്തു എന്നതാണ് പ്രശ്‌നം. ഒരു അന്വേഷണ ഏജന്‍സിയും അന്വേഷണം വെളിവാക്കാന്‍ രണ്ട് വര്‍ഷമെടുക്കുമെന്ന് പറയുന്നത് നല്ലതല്ല… ഇനി എപ്പോഴാണ് വിചാരണ തുടങ്ങുക? ഒരു ഘട്ടത്തില്‍ നിന്ന് മറ്റൊന്നിലേക്ക്… നടപടികളുടെ തുടക്കം മുതല്‍ അറസ്റ്റ് വരെ…’

ഇത്തരത്തില്‍ അന്വേഷണം വൈകിപ്പിച്ച് വിചാരണ നീട്ടി രാഷ്ട്രീയ നേതാക്കളെ തടങ്കലില്‍ കാലാകാലം കിടത്തുന്ന ബിജെപി തന്ത്രത്തില്‍ കടുത്ത അമര്‍ഷം ഉയരുമ്പോഴാണ് കോടതി പോലും അത് ചൂണ്ടിക്കാണിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ശക്തമായി നില്‍ക്കുന്ന നേതാക്കളെ വിചാരണയില്ലാ തടവുകാരാക്കി തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാണ് കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ കോപ്പുകൂട്ടുന്നതെന്ന് ആംആദ്മി പാര്‍ട്ടി ആരോപിക്കുന്നുമുണ്ട്. ഇഴഞ്ഞു നീങ്ങുന്ന ഇഡി മനോഭാവം കണ്ടാണ് കേസിലെ പ്രതി കൂടിയായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിനു മുന്‍പും ശേഷവുമുള്ള കേസ് ഫയലുകള്‍ ഹാജരാക്കാന്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഇ.ഡിയോട് ആവശ്യപ്പെട്ടത്. ഇതിനിടെ, കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ ഡല്‍ഹി റോസ് അവന്യൂ കോടതി നീട്ടുകയും ചെയ്തു.

Read more