ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ തങ്ങളുടെ നാലാം ജയം സ്വന്തമാക്കി പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ 7 വിക്കറ്റിന് പരാജയപെടുത്തിയാണ് പഞ്ചാബ് വിജയയിച്ചുകയറിയത്. ചെന്നൈയെ സംബന്ധിച്ച് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയപ്പോൾ അവർക്ക് കാര്യങ്ങൾ അത്ര അനുകൂലം ആയിരുന്നില്ല. ബാറ്റർമാർ റൺ കണ്ടെത്താൻ ശരിക്കും വിഷമിച്ചപ്പോൾ ടോപ് സ്‌കോറർ ആയ നായകൻ ഋതുരാജിന്റെ സ്കോർ 62 ആയിരുന്നു. പക്ഷെ 129 മാത്രമായിരുന്നു സ്ട്രൈക്ക് റേറ്റ്.

വെറ്ററൻ താരം അജിങ്ക്യ രഹാനെ 29 റൺസെടുക്കാൻ 24 പന്തുകൾ നേരിട്ടു. ഈ സീസണിൽ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ ധോണി ഇന്നലെ തകർപ്പൻ പ്രകടനം നടത്തുന്നതിൽ പരാജയപെട്ടു. 127.27 സ്‌ട്രൈക്ക് റേറ്റിൽ 11 ബോളുകളിൽ നിന്ന് 14 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

മത്സരത്തിലെ ചെന്നൈയുടെ തോൽവിക്ക് കാരണം ബാറ്റർമാരാണ് ടീമിനെ പരാജയപ്പെടുത്തിയതെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ പറഞ്ഞു. “വലിയ സ്കോർ ചെയ്യാനുള്ള അവസരം അജിങ്ക്യ രഹാനെ നഷ്ടപ്പെടുത്തി. സ്പിൻ ബൗളിംഗിൽ അദ്ദേഹം മികച്ച കളിക്കാരനാണ്, പക്ഷേ ഹർപ്രീത് ബ്രാർ അവനെക്കാൾ മികച്ചുനിന്നു.” ഇർഫാൻ പറഞ്ഞു.

അദ്ദേഹം തുടർന്ന് പറയുന്നത് ഇങ്ങനെ “ക്യാപ്റ്റൻ ഋതുരാജ് 62 റൺസ് നേടിയെങ്കിലും അദ്ദേഹത്തിന് വലിയ ഷോട്ടുകൾ കളിക്കാൻ ആയില്ല . സ്കോറിംഗ് നിരക്ക് ഉയർത്താൻ അദ്ദേഹം ശ്രമിക്കേണ്ടതായിരുന്നു. 129.16 സ്‌ട്രൈക്ക് റേറ്റ് ടീമിനെ തുണച്ചില്ല. എംഎസ് ധോണിക്ക് പന്ത് ടൈം ചെയ്യാൻ കഴിഞ്ഞില്ല. 11 പന്തിൽ 14 റൺസാണ് താരം നേടിയത്. പഞ്ചാബ് ബൗളർമാർ അദ്ദേഹത്തെ കെട്ടുകെട്ടിച്ചു,” ഇർഫാൻ പത്താൻ പറഞ്ഞു.

പഞ്ചാബിന് വേണ്ടി ജോണി ബെയർസ്റ്റോ (46), റൈൽ റോസോ (43) എന്നിവർ പഞ്ചാബ് ചേസ് നയിച്ചു. 17.5 ഓവറിൽ സാം കുറാനും (പുറത്താകാതെ 26) ശശാങ്ക് സിങ്ങും (പുറത്താകാതെ 25) ​​ദൗത്യം പൂർത്തിയാക്കി.