ഐപിഎല്‍ 2024: ഹാര്‍ദിക് പാണ്ഡ്യ വിലക്കിന്റെ വക്കില്‍, ഇനി ആവര്‍ത്തിച്ചാല്‍ പുറത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ വിലക്കിന്റെ വക്കില്‍. 17-ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് രണ്ടാമത്തെ സ്ലോ ഓവര്‍റേറ്റ് കുറ്റം ചെയ്തു. പഞ്ചാബിനെതിരായ മത്സരത്തിലായിരുന്നു ഇത്. ഈ കുറ്റത്തിന് ക്യാപ്റ്റന്‍ ഹാര്‍ദിക്കിന് ബിസിസിഐ 24 ലക്ഷം രൂപ പിഴ ചുമത്തി.

ഒരു മത്സരത്തില്‍ കൂടി മുംബൈക്ക് ഓവര്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ഹാര്‍ദിക്കിന് ഒരു മത്സരത്തില്‍ നിന്ന് പുറത്തുപോകേണ്ടി വരും. നിശ്ചിത സമയം അവസാനിക്കുമ്പോള്‍ എംഐ രണ്ട് ഓവര്‍ പിന്നിലായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആദ്യ മത്സരത്തില്‍ നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തിയാക്കുന്നതില്‍ മുംബൈ പരാജയപ്പെട്ടിരുന്നു.

അതേസമയം, കളി 9 റണ്‍സിന് ജയിച്ച മുംബൈ സീസണിലെ മൂന്നാം ജയം സ്വന്തമാക്കി. സൂര്യകുമാര്‍ യാദവ് 78 റണ്‍സുമായി കസറിയപ്പോള്‍ മുംബൈ ആദ്യം ബാറ്റ് ചെയ്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. രോഹിത് ശര്‍മ്മയും തിലക് വര്‍മ്മയും വിലപ്പെട്ട സംഭാവനകള്‍ നല്‍കി.

മറുപടി ബാറ്റിംഗില്‍ പഞ്ചാബിന്റെ ടോപ്പ് ഓര്‍ഡര്‍ തകര്‍ന്നു. അത് വീണ്ടും അശുതോഷ് ശര്‍മ്മയ്ക്കും ശശാങ്ക് സിംഗിനും അധിക ഉത്തരവാദിത്വം സമ്മാനിച്ചു. അശുതോഷ് 28 പന്തില്‍ 7 സിക്‌സും 2 ഫോറുമടക്കം 61 റണ്‍സ് നേടി. അദ്ദേഹത്തിന്റെ പുറത്താകല്‍ പഞ്ചാബിന്റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു. 25 പന്തില്‍ 3 സിക്സും 2 ഫോറുമടക്കം 41 റണ്‍സാണ് ശശാങ്ക് നേടിയത്. ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി.

സീസണിലെ മുംബൈയുടെ മൂന്നാം വിജയമാണിത്. ആറ് പോയിന്റുമായി അവര്‍ ഇപ്പോള്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. മറുവശത്ത് പഞ്ചാബ് ഏഴ് കളികളില്‍ അഞ്ചിലും തോറ്റു.