'പത്ത് വർഷം കൊണ്ട് രാജ്യത്തിൻ്റെ ആത്മാവിനേറ്റ മുറിവുകളെ നിങ്ങളുടെ വോട്ടിലൂടെ മായിക്കൂ'; 'സ്നേഹത്തിൻ്റെ കട' തുറക്കാൻ ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചതോടെ വോട്ടർമാർക്ക് ആഹ്വാനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിങ്ങളുടെ വോട്ട് ഇന്ത്യയുടെ ജനാധിപത്യത്തിൻ്റെയും ഭാവി തലമുറയുടെയും ഭാവി തീരുമാനിക്കും. അതുകൊണ്ട് പുറത്തുപോയി കഴിഞ്ഞ 10 വർഷമായി രാജ്യത്തിൻ്റെ ആത്മാവിന് ഏൽപ്പിച്ച മുറിവുകളിൽ നിങ്ങളുടെ ‘വോട്ടെന്ന തൈലം’ പുരട്ടി, ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയെന്ന് രാഹുൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.


വിദ്വേഷത്തെ തോൽപ്പിക്കുക, ഓരോ കോണിലും ‘സ്നേഹത്തിൻ്റെ കട’ തുറക്കുക എന്നും രാഹുൽ ഗാന്ധി കുറിച്ചു. വോട്ടവകാശം വിനിയോഗിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. 102 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ എല്ലാവരോടും പ്രാദേശിക ഭാഷകളിൽ വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഓരോ വോട്ടും, ഓരോ ശബ്ദവും പ്രധാനം. റെക്കോഡ് പോളിംഗ് രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

തമിഴ്‌നാട്ടിലെ 39-ഉം അരുണാചൽ പ്രദേശ് (രണ്ട്), അസം (അഞ്ച്), ബിഹാർ (നാല്), മധ്യപ്രദേശ് (ആറ്), മഹാരാഷ്ട്ര (അഞ്ച്), മണിപ്പുർ (രണ്ട്), രാജസ്ഥാൻ (13), മേഘാലയ (രണ്ട്), തമിഴ്നാട് (39), ഉത്തരാഖണ്ഡ് (അഞ്ച്), ബംഗാൾ (മൂന്ന്), ഉത്തർപ്രദേശ് (എട്ട്), ഛത്തീസ്ഗഢ്, ലക്ഷദ്വീപ്, അന്തമാൻ-നിക്കോബാർ, ജമ്മു-കശ്മീർ, മിസോറം, നാഗാലാൻഡ്, പുതുച്ചേരി, സിക്കിം, പുതുച്ചേരി, ത്രിപുര (ഒന്നുവീതം മണ്ഡലങ്ങൾ) എന്നിങ്ങനെ 102 മണ്ഡലങ്ങളിലാണ് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്നത്. ജൂൺ ഒന്നുവരെ ഏഴുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ജൂൺ നാലിന്.