'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

കോണ്‍ഗ്രസിനെ പാകിസ്ഥാൻ അനുകൂലികള്‍ എന്ന വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഉദ്ദേശിച്ച് ‘ഷെഹ്‌സാദ*‘യെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നുവെന്ന് മോദി ആരോപിച്ചു. ഇന്ത്യയിൽ കോണ്‍ഗ്രസ് മരിക്കുമ്പോൾ വിഷമിക്കുന്നത് പാകിസ്ഥാനാണെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ ആനന്ദിൽ ഇന്ന് നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ പരാമർശങ്ങൾ.

പാക്കിസ്ഥാൻ്റെ വിശ്വസ്ത അനുയായികളാണ് (‘മുരീദ്’) ഇന്ത്യയിലെ കോണ്‍ഗ്രസ്. മുംബൈ ഭീകരാക്രമണം പോലുള്ളവ സാധ്യമാകണമെങ്കില്‍ 2014ന് മുമ്പുണ്ടായിരുന്നതു പോലുള്ള സര്‍ക്കാര്‍ ഇന്ത്യയില്‍ വരണമെന്നാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത്. കോൺഗ്രസ് ഇവിടെ മരിക്കുന്നു, പാകിസ്ഥാനികൾ കരയുന്നു, പാകിസ്ഥാൻ നേതാക്കൾ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ‘ഷെഹ്സാദയെ’ ആക്കാനാണ് ആഗ്രഹിക്കുന്നത്.

രാജ്യം 60 വർഷമായി കോൺഗ്രസിൻ്റെ ‘ഭരണവും’ 10 വർഷമായി ബിജെപിയുടെ ‘സേവനവും’ കണ്ടു. മുസ്‌ലിംകൾക്ക് പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) സംവരണം നൽകുന്നതിനായി ഇന്ത്യൻ ഭരണഘടന മാറ്റാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി ആരോപിച്ചു. മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നതിനായി ഭരണഘടനയിൽ മാറ്റം വരുത്തില്ലെന്ന് രേഖാമൂലം നൽകാൻ കോൺഗ്രസിനെ വെല്ലുവിളിക്കുന്നുവെന്നും മോദി പറഞ്ഞു.

ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ടുള്ള രാഹുൽ ഗാന്ധിയുടെ വീഡിയോ മുൻ പാകിസ്ഥാൻ മന്ത്രി ചൗധരി ഫവാദ് എക്‌സിൽ പങ്കുവച്ചിരുന്നു. ‘രാഹുൽ കത്തിക്കയറുന്നു’ എന്നർത്ഥം വരുന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിനെ പാകിസ്ഥാൻ അനുകൂലികളാക്കുന്ന പ്രസ്താവനകൾ മോദി നടത്തിയത്.

എന്നാൽ ഇതാദ്യമായല്ല കോണ്‍ഗ്രസിന് പാകിസ്ഥാനുമായി നിഗൂഡ ബന്ധമുണ്ടെന്ന് മോദി ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് റാലിയിലും കോണ്‍ഗ്രസിന് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ദേശവിരുദ്ധ ശക്തികളുമായി കോണ്‍ഗ്രസ് കൂട്ടുകൂടുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു. കേരളത്തില്‍ എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെയാണ് മോദി വിമര്‍ശിച്ചത്. തീവ്രവാദപ്രവര്‍ത്തകര്‍ക്ക് അഭയം നല്‍കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. ഒരു സീറ്റില്‍ ജയിക്കാന്‍ വേണ്ടി അവര്‍ രാജ്യ താല്‍പര്യത്തെയാണ് ഹനിക്കുന്നതെന്നും മോദി ആരോപിച്ചിരുന്നു.

*ന്യൂനപക്ഷ വോട്ടുകളാണ് രാഹുല്‍ ഗാന്ധി ലക്ഷ്യം വെക്കുന്നതെന്നും തങ്ങളുടെ വിശ്വാസങ്ങളെ പരിഹസിച്ച് ആ വോട്ട് ബാങ്ക് ഉറപ്പിച്ചു നിര്‍ത്താനാണ് രാഹുൽ ശ്രമിക്കുന്നതെന്നും ആരോപിച്ച യുപിയിൽ വെച്ചാണ് ‘കോണ്‍ഗ്രസിന്റെ ഷെഹ്‌സാദ’ എന്ന പ്രയോഗം മോദി ആദ്യമായി രാഹുലിനെതിരെ പ്രയോഗിക്കുന്നത്. ഷെഹ്‌സാദ പേര്‍ഷ്യന്‍ വാക്ക് ഇന്ത്യയില്‍ ഉപയോഗിക്കപ്പെട്ടത് മുസ്ലീം സാമ്രാജ്യങ്ങളുടെ കാലത്താണ്. അനന്തരാവാകാശി, കുടുംബവാഴ്‌ച്ച എന്നീ അർത്ഥങ്ങളും ഈ പ്രയോഗത്തിലൂടെ മോദി ലക്ഷ്യം വെക്കുന്നുണ്ട്.