ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

നിരവധി ലൈംഗികാതിക്രമ കേസില്‍ പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ജെഡിഎസ് നേതാവ് പ്രജ്വല്‍ രേവണ്ണയ്ക്കായി വോട്ട് ചോദിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. പരാതികളെ കുറിച്ച് അറിഞ്ഞുകൊണ്ടാണ് ബിജെപി പ്രജ്വല്‍ രേവണ്ണയെ പിന്തുണയ്ക്കുന്നതെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കൂട്ട ബലാത്സംഗക്കാരനായ ഒരാളെ പിന്തുണച്ചതിന് പ്രധാനമന്ത്രി രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രജ്വല്‍ രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ചതായി കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ രഹുല്‍ പറഞ്ഞിരുന്നു. എല്ലാം അറിഞ്ഞുകൊണ്ടാണ് ബിജെപി-ജെഡിഎസ് സഖ്യം ഉണ്ടാക്കിയതെന്നും രാഹുല്‍ ആരോപിച്ചു.

അതേസമയം ലൈംഗിക പീഡന പരാതി പുറത്തുവന്നതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് രേവണ്ണയുടെ അഭിഭാഷകന്‍ അപേക്ഷ നല്‍കിയിരുന്നു. പ്രജ്വലിന്റെ അപേക്ഷ തള്ളിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.