കൂടുതല്‍ മദ്യം കുടിപ്പിക്കുമ്പോള്‍ വില കുറയ്ക്കുമോ ?

ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കുവേണ്ടി മദ്യത്തിന്റെ ബ്രാന്റും വിലയുമെല്ലാം ഡിജിറ്റല്‍ സ്‌ക്രീനില്‍ കണ്ട് വാങ്ങാം. കൗണ്ടര്‍ സ്റ്റാഫില്‍പ്പെട്ട ചിലര്‍ ചില കമ്പനികളെ സഹായിക്കാനായി തങ്ങള്‍ക്കിഷ്ടമുള്ള ബ്രാന്റ് കൊടുക്കുന്നതിനെതിരെ പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്. സ്റ്റോക്ക് തീര്‍ന്നു എന്ന വ്യാജമായ കാരണം പറയുന്നത് തടയുന്നതിനായി ബോര്‍ഡില്‍ സ്റ്റോക്കും പ്രദര്‍ശിപ്പിക്കുന്നതാണ്.

കൂടാതെ ബെവറേജസ് കോര്‍പ്പറേഷന്റെ 265 മദ്യവില്‍പനകേന്ദ്രങ്ങളിലും ഈ മാസംതന്നെ ഓണ്‍ലൈന്‍ ബുക്കിംഗ് ഏര്‍പ്പെടുത്തും. നിലവില്‍ 165 ഇടത്താണ് ഈ സൗകര്യമുള്ളത്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാനറിയാത്തവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗിനു സഹായിക്കാന്‍ മദ്യവില്‍പന കേന്ദ്രങ്ങള്‍ക്കുമുന്നില്‍ ഹെല്‍പ് കയോസ്‌കുകള്‍ ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്.
പുതിയതായി അനുവദിച്ചിട്ടുള്ള 175 ഔട്ട്‌ലെറ്റുകള്‍ കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റി പരിധിക്കുള്ളില്‍ത്തന്നെ സ്ഥാപിക്കാനാണ് ബെവ്‌കോ പദ്ധതിയിട്ടിട്ടുള്ളത്.
സംസ്ഥാനഖജനാവിലേക്കുള്ള വലിയൊരു വരുമാനമാര്‍ഗ്ഗമാണ് മദ്യത്തില്‍നിന്നുള്ള വരുമാനം. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 7 ശതമാനംകൂടി ടാക്‌സ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇപ്പോള്‍ കേരളത്തിലെ മദ്യ ഉപഭോക്താക്കള്‍ കൊടുക്കുന്നത് 247 മുതല്‍ 257 വരെ ശതമാനമാണ്. ഇതിനര്‍ത്ഥം ഒരു തൊഴിലാളി 700 രൂപയുടെ മദ്യക്കുപ്പി വാങ്ങുമ്പോള്‍ സകലലാഭത്തിനും ശേഷം ടാക്‌സ് ഒഴികെ അതിന് വെറും 283 രൂപയാണ്. മറ്റേത് വസ്തുവിന്റെ ഉപഭോഗത്തേക്കാളുമധികം സര്‍ക്കാരിന് നികുതികൊടുത്തു സഹായിക്കുന്നത് പാവം മദ്യപാനികളാണ് എന്നര്‍ത്ഥം.

മദ്യത്തിന്റെ വിലയോ നികുതിയോ കുറയാന്‍ പോകുന്നില്ല. വില കുറഞ്ഞാലും സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ പോകുന്നില്ല. കൂട്ടാനേ സാദ്ധ്യതയുള്ളൂ. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ ക്രൂഡോയിലിന് വില കുറയുന്നതിനനുസരിച്ചേ ഇവിടെ വിലകൂടുന്നുള്ളൂ എന്ന് കേരളത്തില്‍നിന്നുള്ള ഒരു യൂണിയന്‍ മിനിസ്റ്റര്‍ പറഞ്ഞതുപോലെ പറഞ്ഞാലും നികുതി കൂടിയാലെന്താ വിലകുറഞ്ഞല്ലോ എന്നാശ്വസിക്കുന്ന സാധുക്കളാണീ കുടിയന്‍മാര്‍. അല്ലെങ്കില്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം കൂടുന്നു എന്നു കേള്‍ക്കുമ്പോള്‍ ഇങ്ങനെ സന്തോഷിക്കുമോ ?

സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം കൂടിവരുന്നതായി വിവിധകേന്ദ്രങ്ങളില്‍നിന്നും നിത്യമായി പരാതി ഉയരുന്ന സാഹചര്യമുണ്ടെങ്കിലും സര്‍ക്കാര്‍ അത്രഗൗരവമായി എടുത്തിട്ടില്ല. തമിഴ് നാട്ടിലും കര്‍ണ്ണാടകത്തിലും നഗരപ്രദേശത്ത് 15 കിലോമീറ്ററിനുള്ളില്‍ ഒരു വില്‍പന കേന്ദ്രമെങ്കിലുമുണ്ട്. എന്നാല്‍ കേരളത്തില്‍ അത് നൂറ് ചതുരശ്രകിലോമീറ്ററിനുള്ളിലാണ്. അതുകൊണ്ടാണ് പുതിയ വില്പനകേന്ദ്രങ്ങള്‍ തുറക്കുന്നത് എന്ന് സര്‍ക്കാര്‍ പറയുന്നു. കര്‍ണ്ണാടകത്തിനും തമിഴ്‌നാടിനുമൊക്കെ പിന്നിലാകുക എന്നത് സാക്ഷരകേരളത്തിന് എന്തായാലും നാണക്കേടാണ്. ബെവ്‌കോ നേരിടുന്ന വെല്ലുവിളി വില്‍പനകേന്ദ്രങ്ങള്‍ക്കായി സ്ഥലം കണ്ടെത്തുക എന്നതാണ്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം മാറ്റാന്‍ ആവശ്യപ്പെട്ട 32 കേന്ദ്രങ്ങളില്‍ ഇതുവരെ 15 എണ്ണം മാത്രമേ മാറ്റാന്‍ സാധിച്ചിട്ടുള്ളൂ.

ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് തങ്ങളുടെ നയം എന്നാണ് കേരളസര്‍ക്കാര്‍ നയമായി പ്രഖ്യാപിച്ചിട്ടുള്ളത്. 1996-ല്‍ ആന്റണി കേരളത്തില്‍ ചാരായം നിരോധനത്തിലൂടെ ഒരു വിപ്ലവമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും വിപരീത ഫലമാണുണ്ടായത്. സര്‍ക്കാരിലേക്ക് നേരിട്ടെത്തിയിരുന്ന ചാരായവരുമാനം വിദേശമദ്യക്കമ്പനികള്‍ക്ക് വഴിമാറിക്കൊടുക്കുകയും കൂടിയ വിലയ്ക്ക് മദ്യം കഴിക്കേണ്ടിവന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ കൂടുതല്‍ കഷ്ടത്തിലാകുകയുമായിരുന്നു ഫലം. അതേ അവസ്ഥ ഇന്നും തുടരുകയാണ്. കൂടാതെ പ്ലാസ്റ്റിക് ബോട്ടിലുകളും ഗ്ലാസ്സുകളും അച്ചാറുപായ്ക്കറ്റുകളും കുന്നുകൂടിയ റോഡരികുകള്‍ ഒരു സാധാരണകാഴ്ചയായി.

ചാരായനിരോധനം വിദേശമദ്യക്കമ്പനികളെ സഹായിക്കാനും അവരില്‍നിന്നും കൊള്ളക്കമ്മീഷനടിക്കാന്‍വേണ്ടിയായിരുന്നുവെന്നും ഇടതുപക്ഷം ഐക്യജനാധിപത്യമുന്നണിയുടെ നേരെ ആരോപണമുന്നയിക്കല്‍ തുടരുമ്പോള്‍ മറ്റുവരുമാനമാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കാന്‍ പിടിപ്പുകേടുമൂലം പരാജയപ്പെട്ടപ്പോള്‍ മുക്കിനുമുക്കിന് ഔട്ട്‌ലെറ്റുകള്‍ തുറന്ന് മദ്യപാനികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.

കള്ളുകച്ചവടം എന്തായാലും പ്രധാനപ്പെട്ട ഒരു വരുമാനസ്രോതസ്സാണ് സംസ്ഥാനത്തിന്. ഔട്ട്‌ലെറ്റുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം നികുതിയില്‍ കുറവുചെയ്ത് കുറഞ്ഞവിലയ്ക്ക് കൊടുക്കുന്നതാണ് നീതി. അല്ലെങ്കില്‍ പഴയ ചാരായംപോലെ ഗുണനിലവാരമുള്ള മദ്യം കുറഞ്ഞവിലയില്‍ ലഭ്യമാക്കുന്നതാകും ഭേദം. സര്‍ക്കാരിന് കൂടുതല്‍ പണം കിട്ടുകയും ചെയ്യും ഉപഭോക്താവിന് ആശ്വാസവും.

Latest Stories

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി