പാര്‍ലമെന്റില്‍ യഥാര്‍ത്ഥത്തില്‍ നടന്നതും ബിജെപി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതും!; എതിര്‍ശബ്ദം ഉയരുമ്പോള്‍ കഷ്ടപ്പെട്ട് വിരിയിച്ച 'സാത്വിക' ഭാവം മാറുന്ന മോദി

ലോക്‌സഭയിലെ പ്രതിപക്ഷത്തിന്റെ ബഹളം കാരണം പ്രസംഗിക്കാന്‍ പ്രധാനമന്ത്രിക്ക് തടസം നേരിട്ടുവെന്നും പ്രതിപക്ഷം മര്യാദ കാണിച്ചില്ലെന്നും ഭരണപക്ഷ ആരോപിക്കുന്നു. സ്വന്തം മരുന്നിന്റെ രുചിയറിഞ്ഞപ്പോള്‍ മര്യാദയെ കുറിച്ച് ബോധം വന്നോയെന്നാണ് തിരിച്ചുയരുന്ന ചോദ്യം. 10 കൊല്ലം പ്രതിപക്ഷ നേതാവില്ലാതെ ഇക്കുറി ഒരു എല്‍ ഒപി ലോക്‌സഭയിലുണ്ടായിരുന്നതിന്റെ എല്ലാ ആകുലതയും പ്രകടിപ്പിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും രാഷ്ട്രപതിയുടെ പ്രസംഗത്തിലുള്ള നന്ദി പ്രകാശന ചര്‍ച്ചയില്‍ ഇരുന്നത്. ലോക്‌സഭയിലെ പ്രതിപക്ഷാംഗങ്ങളുടെ പ്രസംഗത്തില്‍ അസ്വസ്ഥരായിരുന്ന ബിജെപി നേതാക്കള്‍ പണ്ടത്തേത് പോലെ ഒച്ചവെച്ച് പ്രതിപക്ഷ നേതാവിന്റേയും കൂട്ടരുടേയും പ്രസംഗം മറികടക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ വല്ലാതെ അസ്വസ്ഥരായാണ് ട്രഷറി ബെഞ്ചിലുള്ളവര്‍ കാണപ്പെട്ടത്. കഴിഞ്ഞ 10 വര്‍ഷം അടിച്ചമര്‍ത്തപ്പെട്ട പ്രതിപക്ഷ സ്വരം ഉയര്‍ന്ന് കേള്‍ക്കുമ്പോഴുള്ള അസ്വസ്ഥത. ബലാബലം നില്‍ക്കുന്ന അംഗസംഖ്യയ്‌ക്കൊപ്പം പ്രതിപക്ഷത്തെ ശബ്ദം തങ്ങള്‍ക്ക് മേലെയാകുന്നതിന്റെ എല്ലാ ഭയവിഹ്വലതകളും കഴിഞ്ഞ ദിവസത്തെ ലോക്‌സഭയില്‍ ട്രഷറി ബഞ്ചില്‍ പ്രകടമായിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്താന്‍ ആവര്‍ത്തിച്ച് മോദിയും രാജ്‌നാഥ് സിംഗും അമിത് ഷായും ഇറങ്ങിയത് തന്നെ എത്രത്തോളം ഗതികേടിലേക്കാണ് വിജയത്തിലും ഭാരമായ കേവലഭൂരിപക്ഷത്തിന് താഴെയുള്ള എണ്ണത്തിലേക്ക് ബിജെപി മാറിയതെന്ന് വെളിവാക്കുന്നുണ്ടായിരുന്നു.

നുണപ്രചാരണങ്ങളും വളച്ചൊടിക്കലുകളുമെല്ലാം രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ ചേര്‍ത്താണ് പാര്‍ലമെന്റിന് പുറത്ത് പിടിച്ചു നില്‍ക്കാന്‍ ഭരണപക്ഷം ശ്രമിച്ചത്. ഹിന്ദുത്വ വികാരമിളക്കാന്‍ രാഹുല്‍ ഗാന്ധി പറഞ്ഞതിനെ വളച്ചൊടിച്ചു നരേന്ദ്ര മോദി പറഞ്ഞ സ്റ്റൈലില്‍ ബിജെപി വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി പടച്ചിറക്കിയ പോസ്റ്ററുകളും ഫോട്ടോകളും ഒട്ടനവധി. അക്രമവും വെറുപ്പും പടര്‍ത്തുന്ന നിങ്ങള്‍ ഹിന്ദുക്കളല്ലെന്ന് മോദിയോടും ബിജെപിയോടും ആര്‍എസ്എസിനോടും രാഹുല്‍ പറഞ്ഞത് ഹിന്ദു സമുദായത്തെ ഒന്നടങ്കം രാഹുല്‍ അക്രമികളായി ചിത്രീകരിച്ചുവെന്ന് പാടി പരത്താനാണ് മോദിയും കൂട്ടരും ശ്രമിച്ചത്. സംഘപരിവാര്‍ പോരാളികള്‍ വാളും പരിചയുമായി അയ്യോ ഹിന്ദുക്കളെ അക്രമികളായി ചിത്രീകരിച്ച രാഹുല്‍ ഗാന്ധി ഹിന്ദുവിരോധിയാണെന്നും പറഞ്ഞിറങ്ങി. മോദിയും ബിജെപിയുമാണോ ഹിന്ദുക്കളെന്ന ഭൂരിപക്ഷ സമുദായത്തിന്റെ അവകാശക്കാരെന്ന ചോദ്യമൊന്നും സംഘഭടന്മാര്‍ക്ക് പ്രശ്‌നമല്ല. രാഹുലിന്റെ പ്രസംഗം കേള്‍ക്കാതെ സംഘപരിവാരം പറയുന്നത് അപ്പാടെ വെള്ളം തൊടാതെ വിഴുങ്ങുന്ന ചിലര്‍ക്കൊഴിച്ച് ബാക്കിയെല്ലാവര്‍ക്കും വിഷയത്തില്‍ വെളിച്ചം വീണിട്ടുണ്ട്. ഒരു മതത്തിന്റ നിയന്ത്രണാധികാരം തങ്ങളുടെ കയ്യിലാണെന്നും തങ്ങള്‍ പറയുന്നത് തൊണ്ടതൊടാതെ വിഴുങ്ങുന്ന കൂട്ടരുണ്ടെന്നും ബിജെപിയെന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് പറയാന്‍ പറ്റുന്നുവെന്ന രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചത് ആരാണ്.

ഭരണഘടന, സത്യം, അഹിംസ എന്നെല്ലാം പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ച് പറയുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ഹിന്ദുക്കളെ അക്രമികളാക്കിയേ എന്ന വാക്കില്‍ പിടിച്ചു പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. മഹുവ മോയ്ത്രയും മണിപ്പൂരില്‍ നിന്നുള്ള എംപി അങ്കോംചായുമെല്ലാം മണിപ്പൂരും നീറ്റുമെല്ലാം ചര്‍ച്ചാ വിഷയമാക്കിയിട്ടും ലോക്‌സഭയിലെ നന്ദി പ്രമേയത്തിലെ മറുപടി പ്രസംഗത്തില്‍ ഈ വിഷയങ്ങളൊന്നും നരേന്ദ്ര മോദി തൊട്ടുനോക്കിയില്ല. ലോക്‌സഭയില്‍ ഇതിനേ കുറിച്ചൊന്നും മിണ്ടാതെ രാജ്യസഭയില്‍ പോയി നന്ദി പ്രമേയത്തിന് സംസാരിച്ചപ്പോഴാണ് വിഷയങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി പറയുന്നത്.

അതായത് പ്രതിപക്ഷം ശക്തമായ പ്രതിരോധം ഉയര്‍ത്തിയ ലോക്‌സഭയില്‍ മറുപടി പറയാതെ ഹീറോയിസം കാട്ടാന്‍ 56 ഇഞ്ച് നെഞ്ചളവ് തിരഞ്ഞെടുത്തത് രാജ്യസഭയാണത്രേ. അതും രാജ്യസഭയിലെ പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം നല്‍കാതെയാണ് റേഡിയോ ഭാഷണത്തിന് പ്രധാനമന്ത്രി തയ്യാറായതത്രേ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ, പലതവണ ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇടപെടാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം ഒടുവില്‍ രാജ്യസഭയില്‍ നിന്ന് വാക്ക് ഔട്ട് നടത്തുകയാണ് ചെയ്തത്. എതിര്‍സ്വരം ഉയരാന്‍ അനുവദിയ്ക്കാതെ താന്‍ പറയുന്ന കാര്യങ്ങളിലെ വസ്തുതകളെ പ്രതിപക്ഷത്തിന് ചോദ്യം ചെയ്യാന്‍ അവസരം നല്‍കാതെ താന്‍ മാത്രം പ്രസംഗിക്കുമെന്ന ശൈലിയില്‍ രാജ്യസഭയില്‍ പെരുമാറിയ പ്രധാനമന്ത്രി പ്രതിപക്ഷം ഇറങ്ങിപ്പോയപ്പോള്‍ പറയുകയാണ് സത്യം കേള്‍ക്കാന്‍ കഴിയാതെ അവര്‍ ഓടി ഒളിയ്ക്കുകയാണെന്ന്. സാമാന്യ യുക്തിയില്‍ ചിന്തിക്കുന്നവര്‍ക്ക് കാര്യം മനസിലാകുമെന്ന് ഇരിക്കെ പ്രതിപക്ഷത്തെ അടിച്ചുതകര്‍ത്ത് മോദിയുടെ പ്രസംഗമെന്നൊക്കെ എഴുതാന്‍ ധാരാളം മോദി- ഗോഥി മീഡിയ ഉള്ളിടത്തോളം പാര്‍ലമെന്റില്‍ ആരാണ് വെള്ളം കുടിച്ചതെന്ന് ചിലര്‍ക്ക് മുമ്പിലെങ്കിലും മറച്ചുപിടിക്കാന്‍ ഭരണപക്ഷത്തിന് കഴിഞ്ഞേക്കും.

എന്നാല്‍ ലോക്‌സഭയില്‍ അസ്വസ്ഥതയോടെ ഇരുന്ന മാറിമറിഞ്ഞ മുഖഭാവത്തോടെ താന്‍ സ്വയമണിഞ്ഞ ആചാര്യ ഭാവം പലപ്പോഴും നഷ്ടപ്പെട്ട നരേന്ദ്ര മോദിയുടെ ശരീര ഭാഷ തന്നെ വെളിവാക്കുന്നുണ്ട് 543ല്‍ 99 മാര്‍ക്ക് വാങ്ങിയ ‘ബാലക് ബുദ്ധി’ മോദി സര്‍ക്കാരിനെ വിറപ്പിക്കുന്നുണ്ടെന്ന്. 250 സീറ്റ് നേടാന്‍ 1984ന് ശേഷം കഴിയാത്ത കോണ്‍ഗ്രസിനെ പിന്നെ എന്തിനാണ് ഇത്ര ഭയക്കുകയും അതിന്റെ നേതാവിനെ കൊച്ചാക്കുകയും കാലമിത്ര കഴിഞ്ഞിട്ടും ആദ്യ പ്രധാനമന്ത്രി നെഹ്‌റുവിനെതിരെ ഇപ്പോഴും യുദ്ധം നടത്തുകയും മോദി പരിവാര്‍ ചെയ്യുന്നത്. അബ് കി ബാര്‍ ചാര്‍ സൗ പാര്‍ എന്നു പറഞ്ഞിട്ട് 240ല്‍ ലാന്‍ഡ് ചെയ്തിട്ടും ജനങ്ങള്‍ വീണ്ടും അംഗീകരിച്ചതില്‍ അഭിമാനമെന്ന് പറയാന്‍ പിഎം മോദിയ്ക്ക് യാതൊരു വിധ നാണക്കേടും തോന്നുന്നില്ല. മോദി പറഞ്ഞതെല്ലാം അങ്ങോട്ട് ചൂണ്ടുന്ന ചൂണ്ടുവിരലിനേക്കാള്‍ കൂടുതല്‍ തിരിച്ചു തന്നെ കൊള്ളുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുകയും ലോക്‌സഭയിലെ പ്രസംഗം ഒരു സര്‍ക്കാസമാണോ എന്ന പരിഹാസം ഉയരുമ്പോഴും പ്രതിപക്ഷത്തെ മോദി ഇടിച്ചിരുത്തിയെന്ന് പറയുന്നവര്‍ക്ക് എന്ന് നേരം വെളുക്കും.

പ്രതിപക്ഷത്ത് നിന്ന് ജസ്റ്റിസ് ഫോര്‍ മണിപ്പൂര്‍ വിളികള്‍ ഉയര്‍ന്നപ്പോള്‍ ലോക്‌സഭയില്‍ പിണങ്ങി ഇരുന്ന നരേന്ദ്ര മോദി സ്പീക്കര്‍ ഇടപെട്ട് ബഹളം ഒന്ന് ഒതുക്കിയപ്പോഴാണ് ഇന്നലെ സംസാരം തുടര്‍ന്നത് പോലും. കഴിഞ്ഞ കുറി പ്രതിപക്ഷത്തെ തീപ്പൊരി പ്രസംഗക്കാരെയെല്ലാം സ്വന്തം ബെഞ്ചിന്റെ ശക്തിയില്‍ ബഹളംവെച്ച് ഇരുത്താന്‍ ശ്രമിച്ചയാള്‍ക്ക് പ്രതിപക്ഷത്ത് നിന്നുണ്ടായ മുദ്രാവാക്യം വിളികളില്‍ പ്രസംഗം തുടരാന്‍ സാധിച്ചില്ലത്രേ. അലറി വിളിക്കുന്ന ഭരണപക്ഷ ബെഞ്ചുകളെ അതിലും ഉച്ചത്തില്‍ പ്രസംഗിച്ച് നിശബ്ദരാക്കിയ പ്രതിപക്ഷ ബെഞ്ചുകളിലുള്ളവര്‍ക്ക് കഴിഞ്ഞ കുറി സ്പീക്കറുടെ പിന്തുണ പോലും കിട്ടിയിരുന്നില്ല. ഇന്ന് ഉയരുന്ന പ്രതിപക്ഷ ശബ്ദം ചില്ലറയൊന്നുമല്ല ബിജെപിയെ പരിഭ്രാന്തരാക്കുന്നത്. നിതീഷ് നായിഡു ഡിപ്പന്‍ഡെന്റ് അലയന്‍സ് എന്ന് എന്‍ഡിഎയ്ക്ക് തൃണമൂല്‍ എംപി മഹുവ മോയ്ത്ര നല്‍കിയ വിശേഷണം കുറച്ചൊന്നുമല്ല ബിജെപിയെ ചൊടിപ്പിച്ചത്. രണ്ട് തവണ മോദി സ്വയം മഹുവയുടെ കൃഷ്ണ നഗറില്‍ പ്രചാരണം നടത്തിയിട്ടും അവര്‍ ജയിച്ച് ലോക്‌സഭയിലെത്തിയത് മോദി ബ്രാന്‍ഡിന് ഏല്‍പ്പിച്ച മങ്ങല്‍ ചെറുതല്ല. കോണ്‍ഗ്രസ് പരാന്നഭോജിയാണെന്ന മോദിയുടെ പരാമര്‍ശവും രാഹുല്‍ ഗാന്ധിയെ കൊച്ചനാക്കിയുള്ള നിന്നെ കൊണ്ട് ഇതൊന്നും പറ്റുകേല ഡയലോഗും നീറ്റ് ചോര്‍ച്ചയും മണിപ്പൂരും മറയിലാക്കാനുള്ള സിനിമ ഡയലോഗ് മാത്രമല്ല, 400 പറഞ്ഞയിടത്ത് കേവല ഭൂരിപക്ഷമെത്തിക്കാന്‍ കഴിയാത്ത മോദി കാ ഗ്യാരന്റിയുടെ നിരാശയുടെ ബാക്കി പത്രമാണ്. മോദി ഗവണ്‍മെന്റ് എന്ന് പറഞ്ഞുനടന്നയിടത്ത് നിന്ന് എന്‍ഡിഎ ഗവണ്‍മെന്റ് എന്ന് ആവര്‍ത്തിച്ച് പറയേണ്ടി വരുന്നതിന്റെ നീരസമാണ്.

മോദി കള്ളം പറയുന്നത് നിര്‍ത്തണമെന്ന് പറഞ്ഞു പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോവുമ്പോള്‍ ഭരണഘടനയെ ഇന്ത്യ മുന്നണി അവഹേളിക്കുന്നേ എന്നാണ് ഭരണപക്ഷം പറയുന്നത്. പ്രതിപക്ഷ നേതാവിനെ മിണ്ടാനനുവദിക്കാതെ റേഡിയോ പ്രഭാഷണം നടത്തുന്ന പ്രധാനമന്ത്രിയെ കേട്ടിരിക്കണമത്രേ. ലോക്‌സഭയില്‍ ഇത്രയും കാലം പ്രതിപക്ഷത്തെ മിണ്ടാന്‍ അനുവദിക്കാതെ ബഹളം വെച്ചവര്‍ അവര്‍ ബലാബലം എത്തിയതോടെ പറയുകയാണ് പ്രധാനമന്ത്രിയെ പ്രതിപക്ഷം സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന്. ആ മുഖഭാവങ്ങളിലുണ്ട് അയോധ്യയടക്കം നല്‍കിയ തിരിച്ചടിയുടെ വ്യാപ്തി, ഏകാധിപത്യത്തില്‍ നിന്ന് കൂട്ടുകക്ഷി മന്ത്രിസഭയിലേക്കെത്തിയതിന്റെ വിഭ്രാന്തി, ഒച്ചവെച്ച് അടക്കിയിരുത്താന്‍ ശ്രമിച്ചവര്‍ കരുത്തരായി ശബ്ദം തിരിച്ചെടുത്ത് പ്രയോഗിച്ചതിന്റെ അന്താളിപ്പ്, ജനാധിപത്യത്തിന്റെ ശക്തി എന്തെന്ന് വോട്ടര്‍മാര്‍ കാണിച്ചു കൊടുത്തതിന്റെ പകപ്പിലാണ് 52 ല്‍ നിന്ന് 100ലേക്ക് എത്തിയവരേയും 303ല്‍ നിന്ന് 240ലേക്ക് എത്തിയവരേയും തമ്മില്‍ വിലയിരുത്തുമ്പോള്‍ മേല്‍പ്പറഞ്ഞവനാണ് തോറ്റതെന്ന പ്രത്യേക കണക്ക് ചില ചാക്കോ മാഷുമാര്‍ക്ക് തോന്നുന്നത്. അതിന് ചികില്‍സ വരുംകാല തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ നല്‍കിക്കോളും.

Latest Stories

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം