മോഹന്‍ ഭാഗവത് പറയുന്നു, 'ഇതൊരു ഹിന്ദു രാഷ്ട്രമാണ്'

ഇതൊരു ഹിന്ദു രാഷ്ട്രമാണ്, ഇന്ത്യ എന്നല്ല ‘ഭാരത്’ എന്ന് വിളിച്ചു തുടങ്ങണമെന്ന് ആര്‍എസ്എസിന്റെ തലവന്‍ നാഗ്പൂരിലിരുന്നു പറയുകയാണ്. നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യയില്‍ മതേതരത്വത്തെ വെല്ലുവിളിച്ച് ഇത്തരത്തില്‍ അപകടകരമായ പ്രസ്താവനകള്‍ നടത്താന്‍ മോഹന്‍ ഭാഗവതിനോ ആര്‍എസ്എസിനോ മുന്നും പിന്നും നോക്കേണ്ട കാര്യമില്ല. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും കേന്ദ്രത്തിലുള്ള മൃഗീയ ഭൂരിപക്ഷത്തില്‍ തങ്ങള്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിയമമാക്കാനും ഒട്ടും അമാന്തിക്കേണ്ടാത്ത കാലത്ത് മോഹന്‍ ഭാഗവതിനെ പോലുള്ളവര്‍ക്ക് വായില്‍ തോന്നുന്നതെന്തും വിളിച്ചുപറയാം.

ഇതൊരു ഹിന്ദു രാഷ്ട്രമാണ്, ഇന്ത്യ എന്നല്ല ‘ഭാരത്’ എന്ന് തന്നെ വിളിച്ചു തുടങ്ങണം. എല്ലാ ഭാരതീയരും ഹിന്ദുക്കളാണ്, കാരണം എല്ലാ ഇന്ത്യക്കാരേയും പ്രതിനിധീകരിക്കുന്നത് ഹിന്ദുക്കളാണ്.

ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിലും പിന്നീടങ്ങ് ഗുവാഹട്ടിയിലും ഇതേ കാര്യം മോഹന്‍ ഭാഗവത് ആവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ആര്‍എസ്എസ് തലവന്‍ പറയുന്നത് ഇതാദ്യമല്ല, 2020ലും അതിന് മുമ്പുമെല്ലാം ഇതേ വാദം മോഹന്‍ ഭാഗവത് ഉയര്‍ത്തിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായതാണ്. ‘ഇന്ത്യ’ എന്ന പേര് പ്രതിപക്ഷ ഐക്യം സ്വന്തം മുന്നണി പേരാക്കിയതിന് പിന്നിലും ആര്‍എസ്എസിന്റേയും ബിജെപിയുടേയും ഹിന്ദുത്വ അജന്‍ഡയെ നേര്‍ക്ക് നേര്‍ നിന്ന് എതിര്‍ക്കുക എന്ന ലക്ഷ്യം കൂടി കണ്ടുകൊണ്ടാണ്. ആ പേരിനെ ചൊല്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിക്കാരും പ്രതിപക്ഷത്തെ വേട്ടയാടിയതും രാജ്യം കണ്ടതാണ്.

ഇന്ത്യ എന്ന പേരല്ല, ഭാരത് എന്ന പേരാണ് ഇനി വിളിക്കേണ്ടതെന്നും ഇതൊരു ഹിന്ദു രാഷ്ട്രമാണെന്നും ആര്‍എസ്എസ് ഇപ്പോള്‍ വീണ്ടും പറയുന്നത് തിരഞ്ഞെടുപ്പ് അടുത്തുവെന്ന് കണ്ടുകൊണ്ടാണ്. ഏക സിവില്‍ കോഡ് എന്ന ആശയം തിരഞ്ഞെടുപ്പിന് മുമ്പ് ഇറക്കി നോക്കിയ ബിജെപിക്ക് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന് മാത്രമല്ല ഗോത്ര മേഖലയിലെ ഹിന്ദു വോട്ടുകള്‍ കൂടി എതിരാകുമെന്ന് അവസ്ഥ വന്നതോടെ സിവില്‍ കോഡ് വിഷയം തിരഞ്ഞെടുപ്പിന് മുമ്പ് മുക്കേണ്ടി വന്നു. രാമക്ഷേത്രം അധികാരത്തില്‍ വന്ന് 10 വര്‍ഷത്തിന് ശേഷം വീണ്ടും പഴയരീതിയില്‍ ഉയര്‍ത്താനാവില്ലെന്ന് കണ്ടതോടെ ഐപിസിയെ സ്വദേശിയാക്കി. ബ്രിട്ടീഷ് നിയമങ്ങളെ മാറ്റി സ്വദേശി പേരുകളുമായി ന്യായസംഹിത ഒരുക്കിയിട്ടും പ്രതീക്ഷിച്ച മൈലേജ് കണ്ടില്ല. എന്നാല്‍ പിന്നെ കാലങ്ങളായി ആര്‍എസ്എസ് പറയുന്ന ഹിന്ദുരാഷ്ട്ര സ്വപ്‌നം വീണ്ടും തിരഞ്ഞെടുപ്പ് കാലത്ത് ശക്തമാക്കി തങ്ങളുടെ വോട്ട് ബാങ്ക് ഉറപ്പിച്ചു നിര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് ബിജെപിയുടെ നടപടികള്‍. ആര്‍എസ്എസ് തലവന്‍ അതിന് നാഗ്പൂരില്‍ തുടക്കമിട്ടു നല്‍കിയെന്ന് മാത്രം.

ഇനി മാധ്യമങ്ങളില്‍ എങ്ങനെ റിപ്പോര്‍ട്ടിംഗ് നടത്തണമെന്ന കാര്യത്തിലും ആര്‍എസ്എസ് തലവന്റെ തിട്ടൂരമുണ്ട്. എല്ലാവരേയും ഉള്‍ക്കൊള്ളുകയും ന്യായമായും വസ്തുതകളെ അടിസ്ഥാനമാക്കിയും വേണം റിപ്പോര്‍ട്ടിംഗ്, പക്ഷേ ഇതെല്ലാം ചെയ്യുമ്പോഴും സ്വന്തം പ്രത്യയശാസ്ത്രം അതായത് ആര്‍എസ്എസ് പ്രത്യയശാസ്ത്രം അതേപടി നിലനിര്‍ത്തിക്കൊണ്ട് വേണമത്രേ റിപ്പോര്‍ട്ടിംഗ്. മോദി- ഗോദി മീഡിയ കാലത്ത്, സംഘപരിവാര്‍ ഫണ്ടിംഗും മോദിയുടെ പ്രിയപ്പെട്ട അദാനി തന്റെ കൈപ്പിടിയില്‍ പ്രമുഖ മാധ്യമങ്ങളുടെ ഷെയറെല്ലാം വാങ്ങിക്കൂട്ടുന്ന കാലത്താണ് മോഹന്‍ ഭാഗവത് പറയുന്നത്, എന്ത് ചെയ്യുമ്പോഴും സ്വന്തം പ്രത്യയശാസ്ത്രം അതേപടി വാര്‍ത്തയില്‍ കൊണ്ടുവരണമെന്ന്. തങ്ങളുടെ പ്രത്യയശാസ്ത്രം ലോകമെമ്പാടും വളരെയധികം തേടപ്പെടുന്ന ഒന്നാണ്. വാസ്തവത്തില്‍, ഈ പ്രത്യയശാസ്ത്രത്തിന് ബദലില്ലെന്ന പോലും മോഹന്‍ ഭാഗവത് പറയുന്നുണ്ട്.

വെള്ളിയാഴ്ച മോഹന്‍ ഭാഗവത് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം ബിജെപി നടപ്പാക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ്. സെപ്തംബര്‍ 18ന് പ്രത്യേക പാര്‍ലമെന്റ് സെഷന്‍ വിളിച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ഏത് ബില്ല് തിരക്കിട്ട് അവതരിപ്പിക്കാനും പാസാക്കാനുമാണ് സഭയുടെ പ്രത്യേക സമ്മേളനം വിളിച്ചതെന്ന ആശങ്കയിലാണ് പ്രതിപക്ഷം. മധ്യപ്രദേശിലടക്കം ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാന ഭരണം പോകുമോയെന്ന ഭയം ബിജെപിക്കുണ്ട്. മധ്യപ്രദേശ് പോലെ ലോക്‌സഭയിലേക്ക് അത്യാവശ്യം സീറ്റുകളുള്ള സംസ്ഥാനം കൈവിട്ടു പോയാല്‍ അടുത്ത തവണ ഭരണം പിടിക്കുക കഷ്ടമാകുമെന്ന് ബിജെപിക്ക് അറിയാം. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ തോറ്റിട്ട് പൊതുതിരഞ്ഞെടുപ്പിലേക്ക് കടന്നാല്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമോയെന്ന ഭയത്തില്‍ ബിജെപി പൊതുതിരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ഇതിനിടയിലാണ് ‘ഹിന്ദു രാഷ്ട്ര’മെന്ന ചര്‍ച്ച താഴേ തട്ടില്‍ ആര്‍എസ്എസ് ചൂടുപിടിപ്പിക്കുന്നത്.

മണിപ്പൂരിലും പിന്നീടങ്ങ് ഹരിയാനയിലും ഭൂരിപക്ഷ വികാരങ്ങളെ ഇളക്കിവിട്ട് ന്യൂനപക്ഷങ്ങളെ ചുട്ടുകൊന്നും വേട്ടയാടിയും അധീശത്വം ഉറപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ സംഘപരിവാറിന്റേയും ബിജെപിയുടേയും രാഷ്ട്രീയ കളി രാജ്യം കണ്ടതാണ്. അതിന് പിന്നാലെയാണ് ഇന്ത്യയെ ആര്‍എസ്എസിന്റെ ‘ഭാരത’മെന്ന് വിളിപ്പിക്കാനുള്ള ഭാഗവതിന്റെ ശ്രമങ്ങള്‍.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ