കളം നിറഞ്ഞു കളിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍, ലോക്‌സഭയില്‍ തന്ത്രമൊരുക്കി ബിജെപി

മിഷണ്‍ 400 എന്നതാണ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ലക്ഷ്യമിടുന്നത്. ഇന്ദിരാ ഗാന്ധിയുടെ വധത്തിന് ശേഷം നടന്ന 1984ലെ തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് 404 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ഭരണത്തിലെത്തിയത്. ആ 400 സീറ്റുകളിലേക്ക് എത്തുകയെന്നതാണ് നരേന്ദ്ര മോദിയുടെ ബിജെപി ഈ കൊല്ലം ലക്ഷ്യമിടുന്നത്. 543ല്‍ 400 എന്നതാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. രാജീവ് ഗാന്ധി നേടിയ 404 514 ലോക്‌സഭാ സീറ്റുകളില്‍ നിന്നാണെന്ന് കൂടി പറയേണ്ടതുണ്ട്. എന്തായാലും മിഷന്‍ 400മായി ബിജെപി തന്ത്രം മെനഞ്ഞു തുടങ്ങി. അതില്‍ പ്രധാനം മുതിര്‍ന്ന നേതാക്കളെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രംഗത്തിറക്കി മാക്‌സിമം സീറ്റ് പിടിക്കുക എന്നതാണ്.

അതില്‍ മറ്റൊരു കാര്യമുള്ളത് രാജ്യസഭ സീറ്റ് വഴി സുഖമായി കേന്ദ്രമന്ത്രി കസേരയിലെത്താമെന്ന് കരുതിയിരിക്കുന്ന പലര്‍ക്കുമുള്ള താക്കീത് കൂടിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങി വോട്ട് പിടിച്ച് ജയിച്ച് കയറി വരാനുള്ള ആജ്ഞ കൂടിയാണ് ബിജെപിയുടെ ഉന്നതകേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ചുരുക്കം. ഇപ്പോള്‍ പ്രമുഖ ക്യാബിനെറ്റ് പൊസിഷനിലിരിക്കുന്ന പല ബിജെപി മന്ത്രിമാരും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങാതെ കരയ്ക്കിരുന്ന് മീന്‍ പിടിച്ച് മന്ത്രിസഭയിലെത്തിയവരാണ്. രാജ്യസഭയിലൂടെ മന്ത്രിസ്ഥാനത്ത് എത്തിയവരുടെ എണ്ണം നല്ലരീതിയില്‍ ഉണ്ട് മോദി മന്ത്രിസഭയില്‍. ഈ സാഹചര്യത്തിലാണ് ഒന്നോ രണ്ടോ അതികായരൊഴിച്ച് ബാക്കിയെല്ലാ മുതിര്‍ന്ന നേതാക്കളോടും ലോക്‌സഭാ ഗോദയിലിറങ്ങി ജനങ്ങള്‍ക്കിടയില്‍ നിന്ന് വോട്ട് തേടാന്‍ ബിജെപി കേന്ദ്രനേതൃത്വം അറിയിച്ചിരിക്കുന്നത്.

സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഈ തന്ത്രം ലക്ഷ്യം കണ്ടതാണ് 2024ല്‍ അത് പയറ്റാന്‍ ബിജെപി തീരുമാനിക്കാന്‍ ഇടയാക്കിയത്. സെമി ഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട ഹിന്ദി ഹൃദയഭൂമിയിലെ മൂന്നിടങ്ങളിലെ വിജയം ബിജെപിയ്ക്ക് ഗ്രാന്‍ഡ് ഫിനാലെയില്‍ വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചതിന് പിന്നില്‍ കേന്ദ്രമന്ത്രിമാരേയും എംപിമാരേയും സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഇറക്കി കളിച്ചതിന്റെ മെച്ചവുമുണ്ടായിരുന്നു. 18 എംപിമാരാണ് കഴിഞ്ഞ ഹിന്ദിഹൃദയഭൂമിയിലെ മൂന്നിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി ഇറക്കിയത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലുമായി നാല് കേന്ദ്രമന്ത്രിമാരേ അടക്കമാണ് സംസ്ഥാനം പിടിക്കാന്‍ ഇറക്കിയത്. മികച്ച വിജയത്തിന് കേന്ദ്രത്തില്‍ നിന്നുള്ള കെട്ടിയിറക്കല്‍ വഴിവെച്ചതിന്റെ ആത്മവിശ്വാസം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ മുതിര്‍ന്ന നേതാക്കളെ ഇറക്കാന്‍ ബിജെപിയ്ക്ക് പ്രേരണയായിട്ടുണ്ട്.

രാജ്യസഭയില്‍ മൂന്നാം ടേമിന് ശ്രമിക്കുന്ന ചിലര്‍ക്കുള്ള താക്കീത് കൂടിയാണ് പൊതുതിരഞ്ഞെടുപ്പിന് ഇറങ്ങി വോട്ട് പിടിക്കാനുള്ള പാര്‍ട്ടി നിര്‍ദേശം. പാര്‍ലമെന്റില്‍ സ്ഥാനം വേണമെങ്കില്‍ പോയി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള താക്കീത്. എന്തായാലും കേന്ദ്രമന്ത്രിമാരായവരടക്കം ഇക്കാര്യത്തില്‍ ഒഴിവാക്കപ്പെട്ടിട്ടില്ലെന്നാണ് അന്തപുര വാര്‍ത്തകള്‍. എവിടെ മല്‍സരിക്കണമെന്നെല്ലാം മുതിര്‍ന്ന നേതാക്കള്‍ക്ക് തീരുമാനിക്കാം.

വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ധനമന്ത്രി നിര്‍മല സീതാരാമനും ഏഷ്യാനെറ്റ് മുതലാളി കൂടിയായ ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമെല്ലാം രാജ്യസഭാ എംപിമാരാണ്. അതായത് തിരഞ്ഞെടുപ്പ് നേരിടാതെ സംസ്ഥാന ഭരണത്തിന്റെ കെല്‍പ്പില്‍ എംഎല്‍എമാരുടെ നാമനിര്‍ദേശത്തിലൂടെയാണ് രാജ്യസഭയിലേക്ക് എംപിമാരെത്തുക. അങ്ങനെ രാജ്യസഭയിലെത്തി മന്ത്രിമാരായവരാണ് മുമ്പ് പറഞ്ഞ മന്ത്രിമാരെല്ലാം. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വിദ്യാഭ്യാസ നൈപുണ്യ വികസന മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്, ഭവന നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരി, ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രി പര്‍ഷോത്തം രൂപാല, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കൂടാതെ മൈക്രോ സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസ് മന്ത്രി നാരായണ്‍ റാണെ എന്നിങ്ങനെയാണ് രാജ്യസഭ എംപിമാരായ മന്ത്രിമാര്‍ മോദി ക്യാബിനെറ്റിലുള്ളത്.

രാജീവ് ചന്ദ്രശേഖറും നിര്‍മ്മലാ സീതാരാമനും കര്‍ണാടകയില്‍ നിന്നാണ് രാജ്യസഭയിലെത്തിയത്. 9 ബിജെപി നേതാക്കളാണ് തങ്ങളുടെ രാജ്യസഭാ എംപി സ്ഥാനത്ത് മൂന്നാം ടേമിലേക്ക് എത്തുന്നത്. പോരാത്തതിന് ബിജെപിയുടെ അധ്യക്ഷന്‍ ജെപി നഡ്ഡയും രാജ്യസഭ എംപിയാണ്. ഇവരില്‍ ഒന്നോ രണ്ടോ അതികായരൊഴിച്ച് എല്ലാവര്‍ക്കും ബാധകമാണ് ഇപ്പോള്‍ ബിജെപി കേന്ദ്രനേതൃത്വം എടുത്തിരിക്കുന്ന തീരുമാനം. ലക്ഷ്യം ഒന്ന് മാത്രം, 400 സീറ്റ്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയ ബിജെപിയ്ക്ക് ഹിന്ദി ഹൃദയഭൂമി തങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കുമെന്ന ഉറച്ച ആത്മവിശ്വാസമാണുള്ളത്. ഹാട്രിക്കിനായി മോദിയും കൂട്ടരും ഇറങ്ങുമ്പോള്‍ പ്രതിപക്ഷ ഐക്യനിര കരുത്തുകാട്ടാന്‍ ഒന്നിച്ച് ഒപ്പമുണ്ടാകുമോയെന്ന ചോദ്യത്തിന് ഇന്നും ഉറപ്പ് കുറവാണ്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി