തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ് യാദവിനെ വീഴ്ത്തിയ അമ്പ് ബിജെപിയുടേതോ?; 'പെര്‍ഫക്ട് ടൈമിംഗ്', പഴയ കേസിലെ പുതിയ കുരുക്ക് യാദൃശ്ചികതയോ?

ബിഹാര്‍ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നു ഒരാഴ്ച പിന്നിടും മുമ്പേ ബിഹാറിലെ ഭരണവിരുദ്ധ വികാരത്തെ തുടര്‍ന്ന് വിജയ പ്രതീക്ഷയില്‍ നില്‍ക്കുന്ന മുഖ്യപ്രതിപക്ഷ കക്ഷിക്ക് നേര്‍ക്കൊരു അഴിമതി കേസ് നടപടി. കോടതി നടപടിയായതിനാല്‍ യാദൃശ്ചികത എന്ന് പറയാമെങ്കിലും ജാര്‍ഖണ്ഡിലും ഡല്‍ഹിയിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പിന് മുമ്പ് നേരിട്ട ഇഡി ആക്രമണത്തിനും ജയില്‍വാസത്തിനും ശേഷം അടുത്ത പ്രമുഖ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്ക് കോട്ടമുണ്ടാകുന്ന നിയമകുരുക്ക്. പഴയ ഒരു കേസില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ കുരുക്കില്‍ നടപടിയുണ്ടാവുന്നത് ഒരു സിബിഐ കേസിലാണെന്ന് കൂടി ചേര്‍ത്ത് വായിക്കണം.

ഐആര്‍സിടിസി അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവിനും ഭാര്യ റാബറി ദേവിക്കും മകന്‍ തേജസ്വി യാദവിനുമെതിരെ അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയിരിക്കുകയാണ് ഡല്‍ഹി റൗസ് അവന്യു കോടതി. 2004 മുതല്‍ 2009 വരെ ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് ഐആര്‍സിടിസി ഹോട്ടലുകളുടെ അറ്റകുറ്റപ്പണി നിര്‍വ്വഹിക്കുന്ന കരാറുകള്‍ നല്‍കുന്നതിനിടെ അഴിമതി നടന്നുവെന്നതാണ് കേസ്. നിലവിലെ ബിഹാര്‍ പ്രതിപക്ഷ നേതാവായ തേജസ്വി യാദവിനെതിരെ ഗൂഢാലോചന, വഞ്ചന എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. കേസില്‍ ഉടന്‍ വിചാരണ ആരംഭിക്കുമെന്നും പ്രത്യേക സിബിഐ കോടതി അറിയിച്ചതോടെ ബിഹാര്‍ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പുണ്ടായ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ബിഹാറില്‍ വിജയം പ്രതിക്ഷിച്ച് നിതീഷ് കുമാറിനും ബിജെപിയ്ക്കുമെതിരെ ശക്തമായ പ്രചാരണം നടത്തിയ ആര്‍ജെഡിയ്ക്ക് കനത്ത തിരിച്ചടിയാണ് ഡല്‍ഹി കോടതി ഉത്തരവ്.

ഭൂമി കൈപ്പറ്റുന്നതിനായി ഗൂഢാലോചന നടത്തിയതും പദവി ദുരുപയോഗം ചെയ്ത് ടെന്‍ഡര്‍ നടപടികളെ സ്വാധീനിച്ചതുമായ ആരോപണങ്ങളില്‍ പ്രാഥമിക തെളിവുകള്‍ ഉണ്ടെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി വിചാരണയിലേക്ക് നീങ്ങാന്‍ ഉത്തരവിട്ടത്. റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്‌നെയാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികളെല്ലാം തങ്ങള്‍ കുറ്റക്കാരല്ലെന്ന് വാദിച്ചതോടെയാണ് കേസ് വിചാരണയിലേക്ക് നീങ്ങുന്നത്.

2004 മുതല്‍ 2009 വരെ ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് ഐആര്‍സിടിസി ഹോട്ടലുകളുടെ അറ്റകുറ്റപ്പണി കരാറുകള്‍ അനുവദിച്ചതില്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് കേസ്. ബിഎന്‍ആര്‍ റാഞ്ചി, ബിഎന്‍ആര്‍ പുരി എന്നീ രണ്ട് ഐആര്‍സിടിസി ഹോട്ടലുകളുടെ അറ്റകുറ്റപ്പണി കരാര്‍ സുജാത ഹോട്ടലിന് നല്‍കിയതാണ് അഴിമതി ആരോപണം. ഈ ഇടപാടിന് പകരമായി ലാലു യാദവിന് ഒരു ബിനാമി കമ്പനി വഴി മൂന്ന് ഏക്കറോളം ഭൂമി ലഭിച്ചതായാണ് സിബിഐ ആരോപണം. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി, ലാലുവിന്റെ ഭാര്യ റാബ്‌റി ദേവിയും മകന്‍ തേജസ്വി യാദവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു കമ്പനിക്ക് വിപണി മൂല്യത്തിലും തീരെ താഴെ ചെറിയ തുകയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് സിബിഐ പറയുന്നത്. ടെന്‍ഡര്‍ നടപടികളില്‍ കൃത്രിമം കാണിച്ചതായും സുജാത ഹോട്ടലുകളെ സഹായിക്കുന്നതിനായി വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തിയതായും സിബിഐ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഐആര്‍സിടിസിയുടെ അന്നത്തെ ഗ്രൂപ്പ് ജനറല്‍ മാനേജര്‍മാരായ വി.കെ അസ്താന, ആര്‍.കെ ഗോയല്‍, സുജാത ഹോട്ടല്‍സിന്റെ ഡയറക്ടര്‍മാരും ചാണക്യ ഹോട്ടല്‍ ഉടമകളുമായ വിജയ് കൊച്ചാര്‍, വിനയ് കൊച്ചാര്‍ എന്നിവരുടെ പേരും സിബിഐ കുറ്റപത്രത്തില്‍ ഉണ്ട്.

2004- 2009 കാലഘട്ടത്തില്‍ നടന്ന സംഭവത്തില്‍ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ 2017 ലാണ് സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്തത്. എല്ലാ പ്രതികള്‍ക്കുമെതിരെ കുറ്റം ചുമത്താന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ ഡല്‍ഹി കോടതിയെ അറിയിച്ചിരുന്നു. കുറ്റം ചുമത്താന്‍ ഒരു തെളിവും ഇല്ലെന്നും ടെന്‍ഡറുകള്‍ ന്യായമായാണ് നല്‍കിയതെന്നും ലാലുവിന്റെ അഭിഭാഷകരും വാദിച്ചു. യാദവ് കുടുംബം അന്വേഷണം തുടങ്ങിയ കാലത്ത് തന്നെ കേസിനെ ചോദ്യം ചെയ്യുകയും തങ്ങള്‍ക്കെതിരെ തെളിവുകളില്ലെന്ന് പറയുകയും ചെയ്തിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് അന്ന് മുതല്‍ തന്നെ ആക്ഷേപവും ഉയര്‍ത്തിയിരുന്നു. സാമൂഹിക സ്പര്‍ധയുണ്ടാക്കി അയോധ്യ ലക്ഷ്യമാക്കി എല്‍കെ അദ്വാനി നയിച്ച രഥയാത്രയെ വട്ടം നിന്ന് ബിഹാറില്‍ തളച്ച നാളുമുതല്‍ ആര്‍എസ്എസിന്റേയും ബിജെപിയുടേയും കരടായ ലാലു പ്രസാദ് യാദവിനെ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലേറിയത് മുതല്‍ ലക്ഷ്യംവെച്ചിരുന്നുവെന്ന് പല ഘട്ടത്തിലും ചൂണ്ടിക്കാണിക്കപ്പെട്ടതാണ്.

ബിഹാറില്‍ ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന തേജസ്വി യാദവ് രാഹുല്‍ ഗാന്ധിക്ക് ഒപ്പം നടത്തിയ വോ്ട്ടര്‍ അധികാര്‍ യാത്രയും താന്‍ മുഖ്യമന്ത്രിയായാല്‍ ഓരോ വീട്ടിലും സര്‍ക്കാര്‍ ജോലിക്കാര്‍ എന്ന പ്രഖ്യാപനം വലിയ രീതിയില്‍ ബീഹാറില്‍ സ്വാധീനം ചെലുത്തുമ്പോഴാണ് കോടതിയുടെ പൊടുന്നനെയുള്ള വിധി. വര്‍ഷങ്ങളായി സിബിഐ അന്വേഷണവും മാര്‍ച്ചില്‍ കുറ്റം ചുമത്താനുള്ള സിബിഐ വാദം പൂര്‍ത്തിയായതുമായ കേസിലാണ് തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ വിചാരണകോടതി കുറ്റം ചുമത്തിയത്. രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ അവസരത്തിലെ നടപടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. മരിക്കും വരെ താന്‍ ഈ കേസില്‍ പോരാടുമെന്ന് പറഞ്ഞു തേജസ്വി യാദവ് നയം വ്യക്തമാക്കി കഴിഞ്ഞു. എന്തായാലും ബിഹാറില്‍ അരയും തലയും മുറുക്കി ഏവരും ഇറങ്ങിയിരിക്കുന്നത് കേന്ദ്രഭരണത്തില്‍ തന്നെ നിര്‍ണായക വഴിത്തിരിവിന് സാധ്യത മുന്നില്‍ കണ്ടാണ്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി