ആലത്തൂരിന്റെ ഇടത് മനസോ പെങ്ങളൂട്ടിയോ? സരസു ടീച്ചര്‍ വോട്ട് വീഴ്ത്തുമോ?

ഇടത് കോട്ടയായിരുന്ന ഒറ്റപ്പാലം മണ്ഡല പുനര്‍ നിര്‍ണയത്തില്‍ ഇല്ലാതായി ആലത്തൂര്‍ ലോക്‌സഭ മണ്ഡലം ഉണ്ടായപ്പോഴും മണ്ഡലത്തിന്റെ മനസില്‍ ഇടതുപക്ഷം തന്നെയായിരുന്നു. അവിടെയാണ് 2019ല്‍ പാട്ടും പാടിയൊരു പെങ്ങളൂട്ടി കടന്നുവന്ന് മണ്ഡലം വലത്തേക്ക് തിരിച്ചത്. ഇന്ന് ഇടത് മനസ് ഉറങ്ങി കിടക്കുന്ന മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഎം തങ്ങളുടെ മന്ത്രിസഭയിലെ ഒരു മന്ത്രിയെയാണ് ആലത്തൂരില്‍ ഇറക്കിയിരിക്കുന്നത്. കെ രാധാകൃഷ്ണന്‍ ഇടത് കോട്ട തിരിച്ചു പിടിക്കാന്‍ ഇറങ്ങുമ്പോള്‍ സിറ്റിംഗ് എംപി രമ്യ ഹരിദാസ് തന്നെയാണ് യുഡിഎഫിനായി പുത്തന്‍ കോട്ട ഉറപ്പിച്ചു നില്‍ക്കാന്‍ ഇറങ്ങിയിരിക്കുന്നത്. പാലക്കാട്ടെ ആര്‍എസ്എസ് പ്രഭാവം ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി ഇറക്കിയ സര്‍പ്രൈസ് പാക്കേജ് ടിഎന്‍ സരസുവാണ്. പണ്ട് പാലക്കാട് വിക്ടോറിയ കോളേജില്‍ എസ്എഫ്‌ഐ പ്രതീകാത്മക കുഴിമാടമൊരുക്കി റീത്ത് വെച്ച് യാത്രയയപ്പ് നല്‍കിയ പ്രിന്‍സിപ്പള്‍ സരസു തന്നെ. ആലത്തൂരങ്ങനെ പാലക്കാടിന്റേയും തൃശൂരിന്റേയും ഇടയിലങ്ങനെ ഇടത്തേയ്‌ക്കോ വലത്തേയ്‌ക്കോ എന്ന ചോദ്യ ചിഹ്നത്തില്‍ നില്‍ക്കുമ്പോള്‍ ഇരുകൂട്ടര്‍ക്കും ആത്മവിശ്വാസത്തിന് കാരണങ്ങളേറെയാണ്. താമര വിരിയിയ്ക്കാന്‍ സരസു ടീച്ചര്‍ക്കാവുമെന്ന ബിജെപി കണക്കുകൂട്ടലുകള്‍ക്ക് പിന്നില്‍ നിലവില്‍ പൂക്കോട് വെറ്റിനറി ക്യാമ്പസിലെ സിദ്ധാര്‍ത്ഥന്റെ മരണം ചര്‍ച്ചയാണെന്ന കൗശലവുമുണ്ട്. എസ്എഫഐയ്‌ക്കെതിരെ ചര്‍ച്ചയാവുന്ന വിഷയത്തിലൂന്നി പണ്ട് അതേ സംഘടനയുടെ പ്രവര്‍ത്തിയിലൂടെ സംസ്ഥാനത്ത് ചര്‍ച്ചയായ പരിഹാസ്യയായ മറ്റൊരാളെ ഉയര്‍ത്തിക്കാട്ടി സ്ഥാനാര്‍ത്ഥിയാക്കിയെന്ന തന്ത്രമാണ് ബിജെപി പ്രയോഗിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം. 2008ലെ മണ്ഡല പുനഃക്രമീകരണത്തില്‍ രൂപീകൃതമായതാണ് ആലത്തൂര്‍ മണ്ഡലം. പട്ടികജാതി സംവരണ മണ്ഡലം കൂടിയായ ആലത്തൂര്‍ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലം ഇല്ലാതായപ്പോള്‍ രൂപം കൊണ്ട മണ്ഡലമാണ്. പാലക്കാട് ജില്ലയിലെ തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയമസഭാ മണ്ഡലങ്ങളും ചേര്‍ന്നതാണ് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം. പിറവി കൊണ്ട കാലം മുതല്‍ ആലത്തൂരിലും മുന്‍ഗാമിയായ ഒറ്റപ്പാലത്തും ഇടത് പക്ഷം തന്നെയാണ് വിജയിച്ചു നിന്നിരുന്നത്. ഒറ്റപ്പാലമായ കാലത്ത് തുടര്‍ച്ചയായ മൂന്ന്് ജയങ്ങള്‍ കോണ്‍ഗ്രസിനുണ്ടായത് 1984 മുതല്‍ 1992 വരെ മുന്‍ രാഷ്ട്രപതി കെ. ആര്‍ നാരായണനിലൂടെയാണ്. കെ ആര്‍ നാരായണന്‍ മൂന്ന കൊല്ലം എംപിയായിരുന്ന ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലമാണ് പിന്നീട് ആലത്തൂര്‍ മണ്ഡലമായത്. അതിന് മുമ്പ് 1977ല്‍ കെ കുഞ്ഞമ്പു മാത്രമാണ് കോണ്‍ഗ്രസിനായി ഒറ്റപ്പാലം പിടിച്ചത്. പിന്നീട് ആലത്തൂരായപ്പോള്‍ രമ്യ ഹരിദാസ് കഴിഞ്ഞ കുറി രാഹുല്‍ ഗാന്ധി ട്രെന്‍ഡില്‍ ആലത്തൂര്‍ പിടിച്ചു.

സിപിഎമ്മിന് ശക്തമായ അടിത്തറയുള്ള ആലത്തൂരില്‍ മണ്ഡലം രുപീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് തന്നെയാണ് ജയിച്ചു കയറിയത. എന്നാല്‍ മൂന്നാം തവണ അട്ടിമറി വിജയത്തിലൂടെ യുഡിഎഫ് മണ്ഡലം നേടി. 2009ലും 2014ലും സിപിഎമ്മിന്റെ പികെ ബിജുവാണ് മണ്ഡലം ഇടത് കോട്ടയായി ഉറപ്പിച്ചു നിര്‍ത്തിയത്. 2009ല്‍ കോണ്‍ഗ്രസിന്റെ എന്‍കെ സുധീറിനെ 20,960 വോട്ടിന്റെ ഭൂരിപക്ഷത്തിലും 2014ല്‍ കോണ്‍ഗ്രസിന്റെ ഷീബയെ 37,312 വോട്ടിന്റെ ഭൂരിപക്ഷത്തിലും പികെ ബിജു തോല്‍പ്പിച്ചു. പക്ഷേ 2019ല്‍ 1,58,968 എന്ന വമ്പന്‍ ഭൂരിപക്ഷത്തിലാണ് രമ്യ ഹരിദാസ് പികെ ബിജുവിനെ വീഴത്തിയത്. ബിജുവിന്റെ ഹാട്രിക് നേട്ടം തടഞ്ഞ രമ്യ ആലത്തൂരില്‍ കോണ്‍ഗ്രസിന്റെ പെങ്ങളൂട്ടി ഇമേജില്‍ രണ്ടാം അങ്കത്തിന് ഇറങ്ങിയിരിക്കുകയാണ്. 2019ല്‍ സിപിഎം നേതാവ് എ വിജയരാഘവന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് രമ്യ ഹരിദാസിന്റെ വോട്ട് കുത്തനെ മുകളിലേക്കാക്കിയത്.

ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ കോണ്‍ഗ്രസിന്റെ ടാലന്റ് ഹണ്ടിലൂടെ ശ്രദ്ധേയയായി എഐസിസി അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി നേരിട്ട് തിരഞ്ഞെടുത്ത കേരളത്തിലെ ഏക സ്ഥാനാര്‍ഥി എന്ന പേരിലാണ് രമ്യ ഹരിദാസ് ആലത്തൂരില്‍ ഇറങ്ങിയത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യ തന്റെ കന്നിയങ്കം ഇടത് കോട്ട വെട്ടിപ്പിടിച്ചാണ് പൂര്‍ത്തിയാക്കിയത്. അതും ഒന്നര ലക്ഷത്തിന് മേല്‍ ഭൂരിപക്ഷത്തില്‍. സ്ഥിരം ഇടത് കോട്ടയില്‍ അതുവരെ 37,312 ആയിരുന്നു വലിയ ഭൂരിപക്ഷം. പ്രസംഗത്തിനിടയില്‍ നാടന്‍ പാട്ടുകളും മറ്റുമായി ആള്‍ക്കാരെ കയ്യിലെടുത്ത രമ്യ അങ്ങനെ ഒറ്റപ്പാലത്തിന് പിന്നാലെ ആലത്തൂരായി മാറിയ ഇടത് കോട്ടയില്‍ 1993ന് ശേഷം വിജയിക്കുന്ന കോണ്‍ഗ്രസുകാരിയായി.

ഒറ്റപ്പാലമായിരുന്ന കാലത്ത് 1977ല്‍ കോണ്‍ഗ്രസിന്റെ കെ കുഞ്ഞമ്പുവും 84ലും 89ലും 91ലും കോണ്‍ഗ്രസിനായി മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനും മാത്രമാണ് ആലത്തൂരില്‍ വിജയിച്ചിരുന്നത്. 1980ല്‍ സിപിഎമ്മിനായി എകെ ബാലനാണ് മണ്ഡലം ആദ്യം ഇടത്തേക്കാക്കിയത്. പിന്നീട് കെ ആര്‍ നാരായണന്‍ കോണ്‍ഗ്രസിനായി മൂന്ന് വട്ടം ഒറ്റപ്പാലമെടുത്തു.
കെ ആര്‍ നാരായണന്‍ ഉപരാഷ്ട്രപതിയായപ്പോള്‍ 93ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ശിവരാമനിലൂടെ ഒറ്റപ്പാലം സിപിഎം പിടിച്ചു. പിന്നീട് എസ് അജയ കുമാറിലൂടെ 96,98, 99, 2004 തിരഞ്ഞെടുപ്പില്‍ സിപിഎം മണ്ഡലം ഉറപ്പിച്ചു നിര്‍ത്തി. പിന്നീടാണ് ഒറ്റപ്പാലം ഇല്ലാതായി സംവരണ മണ്ഡലമായി ആലത്തൂര്‍ എത്തിയത്. 2009 മുതല്‍ പികെ ബിജു മണ്ഡലം സിപിഎം കോട്ട തന്നെയാക്കി നിര്‍ത്തിയ ഇടത്തേക്കാണ് 2019ല്‍ പാട്ടും പാടി രമ്യ ഹരിദാസ് വന്നത്.

ലോക്‌സഭാ മണ്ഡലം തിരിച്ചു പിടിക്കാന്‍ സിപിഎം, മണ്ഡലത്തിലുള്ള ചേലക്കരയിലെ സിറ്റിങ് എംഎല്‍എ കൂടിയായ കെ രാധാകൃഷ്ണനെ ഇറക്കിയത് രണ്ടും കല്‍പ്പിച്ചാണ്. ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ലാത്ത സ്ഥാനാര്‍ഥിയാണ് കെ രാധാകൃഷ്ണന്‍. ആലത്തൂര്‍ ലോകസഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളും നിലവില്‍ എല്‍ഡിഎഫിനൊപ്പമാണ്. സിപിഎമ്മിന്റെ ശക്തമായ സംഘടന ശക്തി തന്നെയാണ് എല്‍ഡിഎഫ് കോട്ട തിരിച്ചുപിടിക്കാനുള്ള ഇടത് പ്രതീക്ഷ. 2019 ല്‍ കേരളത്തില്‍ നിന്ന് പാര്‍ലമെന്റില്‍ എത്തിയ ഏക വനിതാ എംപിയായ രമ്യ ഹരിദാസ് കേരളത്തിലെ രണ്ടാമത്തെ ദളിത് വനിതാ എംപി കൂടിയാണ്. രണ്ടാം അങ്കത്തിന് രമ്യ ഇറങ്ങുമ്പോള്‍ കേരളത്തിലെ യുഡിഎഫിന്റെ ഏക വനിതാ സ്ഥാനാര്‍ത്ഥി കൂടിയാണ് രമ്യയെന്ന് കൂടി പറയേണ്ടതുണ്ട്. ആദ്യത്തേത് പോലെ പാട്ടുപാടിയൊരു ജയം ഇക്കുറി സാധ്യമാണോയെന്ന ചോദ്യമുണ്ട്. എസ്എഫ്‌ഐ സിപിഎമ്മിനേയും ഇടത് സര്‍ക്കാരിനേയും വല്ലാതെ പ്രതിസന്ധിയിലാക്കിയ ഒരു കാലത്ത് ടി എന്‍ സരസും എത്ര വോട്ട് നേടുമെന്നതും രാഷ്ട്രീയ പ്രസക്തമായ ചോദ്യമാണ്.

Latest Stories

കടന്നുപോയത് വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും നാളുകള്‍; ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് പിണറായി വിജയന്‍

IPL 2025: ദ്രാവിഡ് എന്താണ് ഇങ്ങനെ എഴുതുന്നതെന്ന് ഒടുവില്‍ പിടികിട്ടി, അപ്പോ ഇതായിരുന്നല്ലേ കുറിച്ചത്, താരത്തിന്റെ മറുപടി ഇങ്ങനെ

ഇന്റലിജന്‍സ് ബ്യൂറോ മേധാവിയുടെ കാലാവധി വീണ്ടും നീട്ടിനല്‍കി; തപന്‍ കുമാര്‍ ദേകയുടെ സര്‍വീസ് കാലാവധി നീട്ടുന്നത് ഇത് രണ്ടാം തവണ

‘മഴക്കാലത്തെ നേരിടാൻ നഗരം തയ്യാറായിട്ടില്ല’; കൊച്ചി നഗരത്തിലെ റോഡുകളുടെ അവസ്ഥയിൽ വിമർശിച്ച് ഹൈക്കോടതി

വീണ്ടും സ്ലീവ്‌ലെസ് ധരിക്കാൻ നാല് വർഷത്തിലധികം എടുത്തു; സന്തോഷം പങ്കുവച്ച് മേഘന രാജ്

INDIAN CRICKET: ഇന്ത്യന്‍ ടീമിനെ രക്ഷിക്കാന്‍ അവര്‍ക്ക് മാത്രമേ കഴിയൂ, വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണം, സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ടെങ്കില്‍..., ആവശ്യവുമായി മുന്‍താരം

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വൈകിട്ട് 5ന് സൈറണ്‍ മുഴങ്ങും

IPL 2025: ഐപിഎലിലെ എറ്റവും മോശം കളിക്കാരന്‍ അവന്‍, ഇത്രയും കോടി കൊടുക്കേണ്ട ഒരു കാര്യവുമില്ല, അവന്റെ ഭാവി ഇനി എന്താകുമെന്ന് കണ്ടറിയണം, വിമര്‍ശനവുമായി മുന്‍താരം

ഡബിൾ അല്ല, അറ്റ്ലി ചിത്രത്തിൽ അല്ലു എത്തുന്നത് ട്രിപ്പിൾ റോളിൽ; പുറത്തു വിടാതെ മറ്റൊരു സർപ്രൈസും!

'വിവാഹം കഴിയാത്ത പുരുഷന്മാരെ തേടിപിടിച്ച് വിവാഹം കഴിക്കും, ഹണിമൂൺ കഴിഞ്ഞാൽ പണവുമായി കടന്നുകളയും'; ഏഴ് മാസത്തിനിടെ 25 വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ 23 കാരി അറസ്റ്റിൽ