അമേരിക്കന്‍ സ്വപ്‌നങ്ങളുമായി പ്രൊഫഷണല്‍ മേഖലയില്‍ പഠിച്ചിറങ്ങുന്ന ഇന്ത്യക്കാര്‍ക്കും നിലവില്‍ സ്വപ്‌നസാക്ഷാത്കാരവുമായി അമേരിക്കയിലേക്ക് കുടിയേറിയവര്‍ക്കും കനത്ത പ്രഹരമാണ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നിലപാടുകള്‍. അമേരിക്കന്‍ വിസ നയങ്ങളില്‍ ട്രംപ് ഭരണകൂടം വരുത്തിയ സമഗ്ര മാറ്റങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള ടെക്കികളക്കമുള്ളവരെ ആശങ്കയിലാക്കി കഴിഞ്ഞു. ഇരട്ട ചുങ്ക നിലപാടിലെടുത്ത അതേ കാര്‍ക്കശ്യം തന്നെയാണ് എച്ച് 1 ബി വിസയുടെ കാര്യത്തിലും ട്രംപിന്റേത്. ഒറ്റയടിക്ക് വിസ ഫീസ് ഒരു ലക്ഷം ഡോളറാക്കിയാണ് അമേരിക്കന്‍ സര്‍ക്കാര്‍ കൂട്ടിയത്. അതായത് ഇന്ത്യന്‍ രൂപയിലേക്ക് വരുമ്പോള്‍ 88 ലക്ഷത്തിന് മുകളില്‍. എച്ച്1ബി വീസയ്ക്ക് പ്രതിവര്‍ഷം 88 ലക്ഷം രൂപ ഫീസ് ആണ് ഇനി നല്‍കേണ്ടിവരികയെന്നത് തിരിച്ചടിയാവുന്നത് ഇന്ത്യക്കാര്‍ക്ക് തന്നെയാണ്. കാരണം പ്രൊഫഷണല്‍ വിസകളില്‍ അമേരിക്കയില്‍ ഏറിയ പങ്കും ഇന്ത്യക്കാരാണുള്ളത്.
കണക്കുകള്‍ വെളിവാക്കും ഇന്ത്യയിലെ ഐടി മേഖലയെ എങ്ങനെയാണ് ട്രംപിന്റെ കുടിയേറ്റ നയം ബാധിക്കുകയാണ്. ഈ ഫീസ് വര്‍ധന ഇന്ത്യന്‍ ഐടി പ്രഫഷനലുകള്‍ക്കും കമ്പനികള്‍ക്കും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുമെന്ന്. കാരണം എച്ച്1ബി വീസകളില്‍ 71 ശതമാനത്തിലധികവും ലഭിക്കുന്നത് ഇന്ത്യക്കാര്‍ക്കാണ്. രണ്ടാം സ്ഥാനത്തുള്ള ചൈനയ്ക്ക് ലഭിക്കുന്നത് 11.7 ശതമാനം മാത്രമാണെന്നിരിക്കെ ആരെയാണ് ട്രംപിന്റെ നയം ബാധിക്കുക എന്ന കാര്യത്തില്‍ സംശയത്തിന് പോലും പ്രസക്തിയില്ല. ശരാശരി 2.5 ലക്ഷം തൊട്ട് 5 ലക്ഷം രൂപ വരെയായിരുന്നു എച്ച് വണ്‍ ബി വിസയ്ക്ക് ഇതുവരെ ഈടാക്കിയിരുന്നത് ഇവിടെ നിന്നാണ് 88 ലക്ഷത്തിലേക്കുള്ള കുതിച്ചു ചാട്ടം. ഇതില്‍ ബഹുഭൂരിപക്ഷവും തൊഴിലുടമയാണ് അടക്കേണ്ടത്. വിസയ്ക്ക് അപേക്ഷിക്കുന്ന ജീവനക്കാര്‍ക്ക് വേണ്ടി തൊഴിലുടമയായ കമ്പനി ഒരു ലക്ഷം ഡോളര്‍ വാര്‍ഷിക ഫീസ് അടയ്‌ക്കേണ്ടി വരുന്നത് നിലവിലുള്ള രജിസ്‌ട്രേഷന്‍ ഫീസ്, ഫോം ചാര്‍ജ് തുടങ്ങിയ ഫീസുകള്‍ക്ക് പുറമെയാണ്. ഇതോടെ കുടിയേറ്റ തൊഴിലാളികളെ അമേരിക്കയിലേക്ക് എത്തിക്കാനുള്ള കമ്പനികളും താല്‍പര്യത്തിലും ഇടിവുണ്ടാകും.