കേരളത്തിലേക്ക് കുംഭമേള അരങ്ങുണരുമ്പോൾ കാശിയുടെ ആത്മാവ് തകർത്ത ബുൾഡോസർ കോർപ്പറേറ്റ് വത്കരണത്തിന്റെ മഹാകഥ

കാശി ഒരു നഗരമായിരുന്നില്ല.

അത് ഒരിക്കലും വെറും ഭൂമിശാസ്ത്രം മാത്രമായിരുന്നില്ല.

അത് ഒരു ജീവിതാവസ്ഥ ആയിരുന്നു   മനുഷ്യനും ദൈവവും തമ്മിൽ നൂറ്റാണ്ടുകളായി തുടർന്ന ഒരു നിശ്ശബ്ദ സഹവാസം. കാശിയിൽ ദൈവം മുകളിലിരുന്നില്ല; മനുഷ്യന്റെ നടുവിലായിരുന്നു. ശബ്ദമില്ലാതെ, ആഡംബരമില്ലാതെ, അധികാരമില്ലാതെ.

വാരാണസി എന്ന പേര് ഉച്ചരിക്കുമ്പോൾ മനസ്സിൽ വരേണ്ടത് മാർബിൾ പാകിയ നടപ്പാതകളോ, ഡ്രോൺ ഷോട്ടുകളോ, ലൈറ്റ് ഷോകളോ അല്ല. മറിച്ച്   ചായം പൊഴിഞ്ഞ ചുവരുകൾ, ഇടുങ്ങിയ ഗലികൾ, വീടുകളുടെ തറക്കല്ലിനോട് ചേർന്ന് കിടക്കുന്ന ശിവലിംഗങ്ങൾ, പുലർച്ചെ ഗംഗാതീരത്ത് ഉയരുന്ന ശ്വാസമെടുത്ത ആലാപനങ്ങൾ. കാശി ഒരു കാഴ്ചയല്ല; അത് അനുഭവമായിരുന്നു. മാസ്റ്റർപ്ലാനുകളിൽ വരയ്ക്കാൻ കഴിയാത്ത, വികസന സൂചികകളിൽ അളക്കാൻ കഴിയാത്ത ഒരു നഗരാത്മാവ്.

ഇന്ന് ആ ആത്മാവാണ് മാർബിൾ പാകിയ നടപ്പാതകളുടെ അടിയിൽ മണ്ണിട്ട് മൂടപ്പെട്ടത്. ‘വികസനം’ എന്ന വാക്ക് ഉപയോഗിച്ച് നടപ്പിലാക്കിയത് ഒരു നഗരം പുതുക്കിപ്പണിയലല്ല; ആത്മീയ റീബ്രാൻഡിംഗ് ആണ്. കാശി ഇന്ന് ഒരു അനുഭവമല്ല; ഒരു ഉൽപ്പന്നമാണ്. ഉപഭോഗിക്കേണ്ടത്. ഫോട്ടോ എടുക്കേണ്ടത്. ചെക്ക്-ഇൻ ചെയ്യേണ്ടത്.

ഇതാണ് ‘ബുൾഡോസർ ഭക്തി’.

കാശിയിൽ നടന്ന നാശം ഒരു ദിവസത്തിനുള്ളിൽ ഉണ്ടായതല്ല. അത് പതുക്കെ, പദ്ധതി പ്രകാരം, ഘട്ടംഘട്ടമായി നടപ്പാക്കിയ ഒരു ആത്മീയ കുടിയൊഴിപ്പിക്കൽ ആയിരുന്നു. ആദ്യം ഗലികൾ. പിന്നെ വീടുകൾ. പിന്നെ മൊഹല്ലകൾ. പിന്നെ ഘട്ടുകൾ. ഒടുവിൽ   ഓർമ്മകൾ. കാശിയെ കാശിയാക്കിയ എല്ലാം, ‘തടസ്സം’ എന്ന പേരിൽ നീക്കം ചെയ്തു.

പണ്ട് ഭക്തി ഒരു സ്വകാര്യ അനുഭൂതിയായിരുന്നു. മനുഷ്യനും ദൈവവും തമ്മിലുള്ള ഒരു അന്തർലീന ഉടമ്പടി. കാശിയിൽ ആരും ഭക്തിയെ പ്രദർശിപ്പിച്ചിരുന്നില്ല. അത് ജീവിച്ചിരുന്നു. ഇന്ന് ഭക്തി ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഒരു പൊതു പ്രദർശനമായി. ലൈറ്റിംഗ്, ക്യൂ മാനേജ്മെന്റ്, സുരക്ഷാ ബാരിക്കേഡുകൾ, വി.ഐ.പി പ്രവേശനം. ഈ തിളക്കത്തിന്റെ അടിയിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് ഒരു നഗരത്തിന്റെ ശവമാണ്.

കാശിയുടെ ഓരോ ഗലിയും ഒരു ചരിത്രരേഖയായിരുന്നു. ഓരോ വീടിനുള്ളിലും ഒരു ചെറുക്ഷേത്രം ഉണ്ടായിരുന്നു  ഒരു ശിവലിംഗം, അല്ലെങ്കിൽ ഒരു പുരാതന വിഗ്രഹം. ആ വീടുകൾ വെറും ഇഷ്ടികക്കെട്ടുകൾ ആയിരുന്നില്ല; അവ ജീവിച്ചിരുന്ന വിശ്വാസം ആയിരുന്നു. “വീട് തകർത്തോളൂ, പക്ഷേ വിഗ്രഹം തൊടരുത്” എന്ന് വിലപിച്ച വൃദ്ധ വിശ്വാസികളെ ബലം പ്രയോഗിച്ച് മാറ്റി. അവരുടെ കണ്ണീരിന് വികസന റിപ്പോർട്ടുകളിൽ കോളമില്ലായിരുന്നു.

2026-ലെ ആധുനിക കോറിഡോറിലൂടെ നടക്കുമ്പോൾ ആ മന്ത്രോച്ചാരണങ്ങൾ ഇനി കേൾക്കില്ല. പകരം കേൾക്കുന്നത് ടൂറിസ്റ്റ് ഗൈഡുകളുടെ മൈക്ക് ശബ്ദവും സെൽഫി സ്റ്റിക്കുകളുടെ ശല്യവുമാണ്. ദൈവം ഇന്ന് പശ്ചാത്തല ദൃശ്യമാണ്. കേന്ദ്രവേഷം വികസനത്തിനാണ്.

കാശി വിശ്വനാഥ ക്ഷേത്രം ഒരുകാലത്ത് ഇടുങ്ങിയ ഗലികളുടെ നടുവിൽ ഒളിഞ്ഞുനിന്നിരുന്നു. അവിടെ എത്താൻ ശ്രമം വേണം, ക്ഷമ വേണം, തീർത്ഥാടന മനസ്സ് വേണം. ആ യാത്ര തന്നെയായിരുന്നു വിശ്വാസത്തിന്റെ ഭാഗം. ഇന്ന് ദൈവത്തിലേക്ക് എത്താൻ ബാരിയർ-ഫ്രീ നടപ്പാത. ദൈവത്തെ കാണാൻ അധികാരം വേണ്ട; പക്ഷേ ദൈവത്തെ എങ്ങനെ കാണിക്കണം എന്ന അധികാരം ഭരണകൂടത്തിനാണ്.

കാശിയുടെ ശരീരത്തിലൂടെ ഒഴുകിയിരുന്ന ആത്മാവാണ് ഗംഗ. ഗംഗാ നദി ഒരിക്കലും വെറും മതചിഹ്നമായിരുന്നില്ല. അവൾ സാമൂഹികമായിരുന്നു, ജൈവമായിരുന്നു, മനുഷ്യബന്ധങ്ങളാൽ നിറഞ്ഞതായിരുന്നു. കുളിയും ശവദാഹവും ഉത്സവവും ദൈനംദിന ജീവിതവും  എല്ലാം ഒരേ ഒഴുക്കിൽ ചേർന്നിരുന്നു. നൂറ്റാണ്ടുകളായി പ്രകൃതിദത്ത കല്ലുകളാൽ തീർത്ത ഘട്ടുകൾ മനുഷ്യനും മരണവും ഒരേ നിലയിൽ നിൽക്കുന്ന ഇടങ്ങളായിരുന്നു.

ഇന്ന് ആ ഘട്ടുകൾ കോൺക്രീറ്റ് ഭിത്തികളായി. ഗംഗ ഒരു നദിയല്ല; ഒരു പശ്ചാത്തല ഫ്രെയിം ആയി. ക്യാമറയ്ക്ക് അനുയോജ്യമായ ദൃശ്യം. പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ചരിത്രകാരൻമാർ ആശങ്ക പ്രകടിപ്പിച്ചു. പക്ഷേ വികസന ഭ്രാന്തിന് ഒന്നും കേൾക്കാനുണ്ടായില്ല. നദിയുടെ ഒഴുക്ക് മാറുമ്പോൾ, അതിന്റെ ആത്മാവിനെക്കുറിച്ച് ആരും ചോദിച്ചില്ല. കാരണം ആത്മാവ് കണക്കിൽ വരുന്നില്ല.

മരണത്തിന്റെ നഗരത്തിൽ മരണം പോലും ഇന്ന് കോർപ്പറേറ്റ് ലജിക്കിന് വഴങ്ങി. മണികർണിക ഘട്ട് ഒരുകാലത്ത് സമത്വത്തിന്റെ ഇടമായിരുന്നു രാജാവും ദരിദ്രനും ഒരേ പടവിൽ, ഒരേ അഗ്നിയിൽ. ഇന്ന് വി.ഐ.പി ഗാലറികൾ. കാഴ്ച സൗകര്യങ്ങൾ. സ്റ്റാറ്റസ് വ്യവസ്ഥ. മോക്ഷത്തിനും ക്ലാസ്. മരിക്കുന്നവന്റെ ഗൗരവമല്ല, കാണുന്നവന്റെ സൗകര്യമാണ് പ്രധാന്യം.

കാശിയുടെ നാശം ക്ഷേത്രത്തിൽ നിന്നല്ല തുടങ്ങിയത്. അത് മൊഹല്ലകളിൽ നിന്നാണ്. സംഗീതജ്ഞരും പണ്ഡിതരും നെയ്ത്തുകാരും ഒരേ ഗലിയിൽ ശ്വാസം വിട്ടിരുന്ന സാമൂഹിക ഘടനയിൽ നിന്നാണ്. വാരണാസി ഘരാനകൾ അരങ്ങുകളിൽ മാത്രം നിലനിന്നില്ല; വീടുകളിലും ജീവിതത്തിലും ജീവിച്ചിരുന്നു. പുലർച്ചെ ഗംഗാതീരത്ത് ഉയരുന്ന രാഗങ്ങളും, രാത്രി ഗലികളിൽ ഒഴുകിയ ആലാപനങ്ങളും  അവിടെയായിരുന്നു നഗരത്തിന്റെ ആത്മാവ്.

വാരണാസിയിലെ മുസ്ലിം സംസ്കൃതി ഈ നഗരത്തെ തകർത്തുവെന്ന ആരോപണം ചരിത്രത്തോടുള്ള വഞ്ചനയാണ്. നെയ്ത്തുകാരുടെ കൈകളിൽ പിറന്ന തുണികളും, സംഗീതത്തിലെ സഹവർത്തിത്വവും, ഗലികളിലെ സഹജീവിതവും  ഇതെല്ലാം ചേർന്നാണ് കാശി ജീവിച്ചത്. അവിടെ മതങ്ങൾ ഏറ്റുമുട്ടിയില്ല; ജീവിതങ്ങൾ കലർന്നിരുന്നു. ഇന്ന് ഇല്ലാതായത് ആ കലർച്ചയാണ്. കാരണം കലർച്ച വിപണിക്ക് അനുകൂലമല്ല; ശുദ്ധീകരണം അനുകൂലമാണ്.

ഇതൊക്കെയാണ് കാശിയിൽ നടന്നത്.

ഇതൊക്കെയാണ് ഇപ്പോൾ കുംഭമേളയുടെ പേരിൽ കേരളത്തിലേക്ക് ആനയിക്കപ്പെടുന്നത്.

കാശി ഒരു നഗരം മാത്രമല്ല

ഒരു മുന്നറിയിപ്പാണ്.

കാശി നമ്മെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം ഇതാണ്:

വലിയ മതാഘോഷങ്ങൾ ഇനി ആത്മീയതയുടെ കാര്യങ്ങളല്ല.

അവ ഭരണകൂട–കോർപ്പറേറ്റ് പ്രോജക്ടുകളാണ്.

ജനങ്ങളുടെ വിശ്വാസം അസംസ്കൃത വസ്തുവായി ഉപയോഗിച്ച്, സ്ഥലങ്ങളെയും നദികളെയും നഗരങ്ങളെയും പുനർരൂപകൽപ്പന ചെയ്യുന്ന വികസന ലാബുകൾ.

ഈ ലാബിൽ പരീക്ഷിക്കപ്പെട്ട ഏറ്റവും വിജയകരമായ മോഡൽ കാശിയാണ്. അതിന്റെ അടുത്ത പരീക്ഷണഭൂമിയാകാൻ പോകുന്നിടങ്ങളിൽ ഒന്നായി ഇന്ന് പതുക്കെ ചർച്ചയിലാകുന്നത് — കേരളം.

കേരളം ഇതുവരെ അഭിമാനിച്ചിരുന്നത് മതാഘോഷങ്ങളെ ജീവിതത്തിലേക്ക് ലയിപ്പിച്ച രീതിയിലാണ്. ഇവിടെ ഉത്സവങ്ങൾ നഗരങ്ങളെ കീഴടക്കിയിട്ടില്ല; നഗരങ്ങളാണ് ഉത്സവങ്ങളെ താങ്ങിയത്. പള്ളിപ്പെരുന്നാളുകളും ഉത്സവങ്ങളും വള്ളംകളികളും നേർച്ചകളും — എല്ലാം മനുഷ്യരുടെ ദിനചര്യയോട് ചേർന്നിരുന്നു. എന്നാൽ കുംഭമേള പോലുള്ള മെഗാ-ആഘോഷങ്ങൾ അതിന്റെ സ്വഭാവം കൊണ്ടുതന്നെ വേറെയാണ്. അവിടം ജീവിക്കുന്ന സമൂഹം അല്ല കേന്ദ്രം; ഇവന്റ് തന്നെയാണ് കേന്ദ്രം.

ഇവന്റിന് സ്ഥലമാവശ്യമാണ്. തുറന്ന ഭൂമി. നദീതീരങ്ങൾ. ഗതാഗത സൗകര്യം. സുരക്ഷ. കാഴ്ച. ഈ ആവശ്യങ്ങൾ നിറവേറ്റുമ്പോൾ ആദ്യം ചോദ്യം ചെയ്യപ്പെടുന്നത് അവിടെ ഇതിനുമുമ്പ് ജീവിച്ചിരുന്നവർ ആരാണ് എന്നതല്ല; അവിടെ എന്തെല്ലാം പൊളിക്കണം എന്നതാണ്. കാശിയിൽ ഗലികൾ പൊളിച്ചത് ഈ ലജിക്കിലാണ്. കേരളത്തിൽ ചോദ്യം ചെയ്യപ്പെടാൻ പോകുന്നത് നദീതീരങ്ങളാണ്, തീരദേശ കുടിയിരിപ്പുകളാണ്, ആരാധനയുമായി ചേർന്ന് നിലനിന്ന നാട്ടുജീവിതങ്ങളാണ്.

കാശിയിൽ നടന്നത് ഓർക്കണം. ‘സൗകര്യ വികസനം’ എന്ന പേരിൽ വീടുകൾ പൊളിച്ചു. ‘സുരക്ഷ’ എന്ന പേരിൽ വഴികൾ അടച്ചു. ‘സൗന്ദര്യവൽക്കരണം’ എന്ന പേരിൽ നദിയെ കോൺക്രീറ്റിലാക്കി. മനുഷ്യർ എല്ലായിടത്തും ഒരു അനുബന്ധ പ്രശ്നമായി മാറി. കുംഭമേള പോലുള്ള മഹാ ആചാരങ്ങൾ വരുമ്പോൾ ഈ ലജിക്ക് കൂടുതൽ ശക്തമാകും. കാരണം ഇവിടെ സംശയം ചോദിക്കുന്നത് തന്നെ വിശ്വാസവിരുദ്ധതയായി മുദ്രകുത്തപ്പെടും.

കാശിയിൽ ഈ മൗനം സൃഷ്ടിച്ചത് ‘ഭക്തി’ ആയിരുന്നു. ദൈവത്തിന്റെ പേരിൽ എല്ലാം ന്യായീകരിക്കപ്പെട്ടു. ചോദ്യം ചെയ്യുന്നവർ വികസനവിരുദ്ധരും മതവിരുദ്ധരും. ഈ തന്ത്രം കേരളത്തിലും പ്രവർത്തിക്കുമോ എന്നതാണ് ഇപ്പോഴത്തെ യഥാർത്ഥ ആശങ്ക. കാരണം കേരളത്തിന്റെ സാമൂഹിക ശരീരം ശക്തമാണെങ്കിലും, മാധ്യമ–ഭക്തി–രാഷ്ട്രീയ കൂട്ടുകെട്ട് ശക്തമാകുമ്പോൾ സംശയത്തിന്റെ ശബ്ദം പതുക്കെ ഒറ്റപ്പെടും.

കുംഭമേള ഒരു ദിവസം മാത്രം നടക്കുന്ന ചടങ്ങല്ല. അത് ഒരു ദീർഘകാല ഇൻഫ്രാസ്ട്രക്ചർ പദ്ധതിയാണ്. താൽക്കാലികമായി തോന്നുന്ന പാലങ്ങൾ, റോഡുകൾ, പാർക്കിംഗ്, സുരക്ഷാ മേഖലകൾ — ഇവ എല്ലാം പിന്നീടും നിലനിൽക്കും. അവിടെയാണ് മാറ്റം സ്ഥിരമാകുന്നത്. കാശിയിൽ കോറിഡോർ ‘സൗകര്യത്തിനായി’ ഉണ്ടാക്കി. പിന്നീട് അത് നഗരത്തിന്റെ ശാശ്വത രൂപമായി. കേരളത്തിലും കുംഭമേളയുടെ പേരിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ‘താൽക്കാലികം’ എന്ന് പറയപ്പെടും; പക്ഷേ അവയുടെ സാമൂഹിക ഫലങ്ങൾ സ്ഥിരമായിരിക്കും.

ഇവിടെ മറ്റൊരു വലിയ മാറ്റമുണ്ട്: പൗരനിൽ നിന്ന് ഉപഭോക്താവിലേക്കുള്ള പരിണാമം. കാശിയിൽ ദൈവത്തെ കാണാൻ വന്ന ഭക്തൻ ഒരു ഉപഭോക്താവായി. ടിക്കറ്റ്, ക്യൂ, സമയക്രമം, ഗൈഡ്, ഫോട്ടോ പോയിന്റ്. കേരളത്തിൽ കുംഭമേള വരുമ്പോൾ വിശ്വാസി പൗരനായി നിലനിൽക്കുമോ, അല്ലെങ്കിൽ ഇവന്റിന്റെ ഉപഭോക്താവായി ചുരുങ്ങുമോ? ആരാധന അനുഭവമാണോ, പാക്കേജാണോ?

ഈ ചോദ്യങ്ങൾ വെറും മതപരമല്ല; അവ ജനാധിപത്യപരമാണ്. കാരണം നഗരങ്ങൾ ജനങ്ങളുടേതാണ്. നദികൾ അവിടുത്തെ ജീവിതങ്ങളുടേതാണ്. അവയെ ഒരു ഇവന്റിന്റെ പേരിൽ പുനർരൂപകൽപ്പന ചെയ്യുമ്പോൾ, അവിടെ ജീവിക്കുന്നവർക്ക് ചോദിക്കാനുള്ള അവകാശമുണ്ടോ എന്നതാണ് ചോദ്യം. കാശിയിൽ ആ അവകാശം നഷ്ടപ്പെട്ടു. നിയമത്തിന്റെ ഭാഷയിൽ, വികസനത്തിന്റെ പേരിൽ, ഭക്തിയുടെ മറവിൽ.

ഇതിന്റെ ഏറ്റവും ഭീകരമായ ഫലം കാണുന്നത് യുവതലമുറയിലാണ്. Gen Z, Alpha — virtual ലോകത്ത് വളരുന്ന തലമുറ. അവർക്കു മതം ഒരു ദൈനംദിന അനുഭവമല്ല; ഒരു ദൃശ്യ ഉൽപ്പന്നമാണ്. ലൈറ്റ്, ഡ്രോൺ, വൻകൂട്ടം, വൈറൽ വീഡിയോ. ആത്മീയതയുടെ ആന്തരികത നഷ്ടപ്പെട്ട്, അന്ധവിശ്വാസവും ആചാരപ്രദർശനവും ചേർന്ന ഒരു കവചം. കാശി ഇന്ന് ഈ മാറ്റത്തിന്റെ ലൈവ് ഉദാഹരണമാണ്. കേരളം അതിന്റെ അടുത്ത പതിപ്പാകുമോ?

കാശിയുടെ ബുൾഡോസർ നമ്മോട് പറഞ്ഞത് ഇതാണ്:

വികസനം ദൈവത്തിന്റെ പേരിൽ വന്നാൽ,

അതിനെ ചോദ്യം ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടാണ്.

പക്ഷേ ചോദ്യം ചെയ്യാതിരുന്നാൽ,

നഷ്ടപ്പെടുന്നത് നിശ്ശബ്ദമായി

നമ്മുടെ അവകാശങ്ങളും

നമ്മുടെ സ്ഥലങ്ങളും

നമ്മുടെ ആത്മാവുമാണ്.

ഇപ്പോൾ കേരളത്തിലേക്ക് കുംഭമേള അരങ്ങുണരുമ്പോൾ, അത് ഒരു ഉത്സവ വാർത്തയായി മാത്രം കാണുന്നത് അപകടകരമാണ്. ഇത് ഒരു വികസന മാതൃകയുടെ പ്രവേശന കവാടമാണ്. കാശിയിൽ പരീക്ഷിച്ച ബുൾഡോസർ കോർപ്പറേറ്റ് മോഡൽ ഇവിടെ പകർത്തപ്പെടുന്നുണ്ടോ എന്നതാണ് നാം ചോദിക്കേണ്ടത്.

കാശി ഒരു മുന്നറിയിപ്പാണ്.

കേരളം ഇപ്പോൾ ഒരു ചോദ്യമാണ്.

കാശിയെ തകർത്തത് ഒരു ദിവസം കൊണ്ടോ ഒരു പദ്ധതികൊണ്ടോ ആയിരുന്നില്ല. അത് ഭാഷ മാറ്റിയതിലൂടെയാണ് തുടങ്ങിയത്. ആരാധനയുടെ ഭാഷയിൽ നിന്ന് ഭരണത്തിന്റെ ഭാഷയിലേക്കും, വിശ്വാസത്തിന്റെ ഭാഷയിൽ നിന്ന് മാർക്കറ്റിങ്ങിന്റെ ഭാഷയിലേക്കുമുള്ള മൃദുവായെങ്കിലും അപകടകരമായ മാറ്റം. “സംരക്ഷണം”, “സൗകര്യം”, “സൗന്ദര്യവൽക്കരണം”, “വികസനം” — ഈ വാക്കുകൾക്ക് പിന്നിൽ ഒളിഞ്ഞത് കോർപ്പറേറ്റ് ലജിക്കാണ്. മനുഷ്യനെ തടസ്സമാക്കി, പൈതൃകത്തെ പഴക്കമാക്കി, ആത്മീയതയെ പ്രൊഡക്ടാക്കി മാറ്റുന്ന ലജിക്ക്.

ഈ മാറ്റത്തിന്റെ ഏറ്റവും വലിയ വൈരുദ്ധ്യം ഇതാണ്:

കാശിയുടെ നാശം വിശദീകരിക്കാൻ എപ്പോഴും മുന്നിൽ കൊണ്ടുവരുന്നത് മുസ്ലിം സംസ്കൃതിയെ ആണ്. ഔറംഗസീബ്, ആക്രമണം, തകർത്ത ക്ഷേത്രങ്ങൾ   ഈ നാരേറ്റീവ് ആവർത്തിച്ചുകൊണ്ടാണ് ഇന്നത്തെ കോർപ്പറേറ്റ്–ഭരണകൂട നാശം ന്യായീകരിക്കപ്പെടുന്നത്. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. വാരണാസിയുടെ ആത്മാവിനെ തകർത്തത് മുസ്ലിം സംസ്കൃതിയല്ല; മറിച്ച് മുസ്ലിം ഹിന്ദു സഹജീവിതത്തെ അസൗകര്യമായി കണ്ട കോർപ്പറേറ്റ് സംസ്കൃതിയാണ്.

വാരണാസി ഘരാനകൾ ഇതിന്റെ ഏറ്റവും തെളിഞ്ഞ ഉദാഹരണമാണ്. സംഗീതം ഇവിടെ മതപരമായ അതിരുകൾ അറിയില്ലായിരുന്നു. ശിവഭക്തിയും സൂഫി ആലാപനവും ഒരേ ശ്വാസത്തിൽ നിലനിന്നു. ഗുരുവും ശിഷ്യനും ഒരേ ഗലിയിൽ, ഒരേ ചായക്കടയിൽ, ഒരേ നിശ്ശബ്ദതയിൽ. ഘരാനകൾ അരങ്ങുകളിൽ മാത്രം ജീവിച്ചിരുന്നില്ല; അവ വീടുകളിലും പാഠശാലകളിലും ജീവിതത്തിലുമായിരുന്നു. എന്നാൽ ഈ സംഗീതത്തിന് കോർപ്പറേറ്റ് ലജിക്കിൽ സ്ഥാനമില്ല. കാരണം അത് ടിക്കറ്റ് വിൽക്കാൻ പറ്റില്ല, ക്യൂവിൽ നിർത്താൻ പറ്റില്ല, പാക്കേജ് ചെയ്യാൻ പറ്റില്ല.

അതുകൊണ്ടാണ് ഘരാനകളുടെ വീടുകൾ ‘പഴകിയത്’ ആയി മാറിയത്. അവിടുത്തെ ഗലികൾ ‘തടസ്സം’ ആയി. അവിടുത്തെ മനുഷ്യർ ‘പുനരധിവാസം’ ചെയ്യേണ്ടവരായി. സംഗീതം ഇല്ലാതായപ്പോൾ അത് ഒരു കലയുടെ മരണമല്ല; ഒരു സാമൂഹിക ബന്ധത്തിന്റെ വിച്ഛേദനമാണ്. കാശിയിൽ സംഗീതം നിശ്ശബ്ദമായപ്പോൾ, നഗരം തന്നെ മിണ്ടാതായി.

ഇതേ വിധിയാണ് വാരണാസിയിലെ മുസ്ലിം നെയ്ത്തുകാരുടെ സംസ്കൃതിക്കും നേരിട്ടത്. നൂറ്റാണ്ടുകളായി കാശിയുടെ സമ്പദ്‌വ്യവസ്ഥയും സാംസ്കാരിക മുഖവും നിർണയിച്ച കൈത്തറി മേഖല, വികസനത്തിന്റെ ഭാഷയിൽ ‘അസംഘടിതം’, ‘അനധികൃതം’, ‘അസൗന്ദര്യം’. ഗലികളിൽനിന്ന് പുറത്താക്കിയ നെയ്ത്തുകാരെക്കുറിച്ച് വികസന റിപ്പോർട്ടുകൾക്ക് പറയാൻ ഒന്നുമില്ല. കാരണം അവരുടെ ജീവിതം ഒരു ഇവന്റായി മാറ്റാൻ കഴിയില്ല.

ഇവിടെ ‘ശുദ്ധീകരണം’ എന്ന വാക്ക് പ്രധാനമാണ്. ഇത് മതപരമായ ശുദ്ധീകരണമല്ല; സാമൂഹിക സാംസ്കാരിക ശുദ്ധീകരണമാണ്. കലർച്ച നീക്കം ചെയ്യുക. അസംസ്കൃതത നീക്കം ചെയ്യുക. അനിശ്ചിതത്വം നീക്കം ചെയ്യുക. പകരം വൃത്തിയുള്ള, മിനുസമുള്ള, നിയന്ത്രിക്കാവുന്ന ഇടങ്ങൾ. ഈ ശുദ്ധീകരണത്തിന് മതം ഒരു കവചം നൽകുന്നു. ചോദ്യം ചെയ്യുന്നവരെ ‘വിശ്വാസവിരുദ്ധർ’ ആക്കാൻ കഴിയുന്ന കവചം.

ഇതാണ് ഭക്തി അധികാരത്തിന്റെ ആയുധമാകുന്ന നിമിഷം. ദൈവം ഇവിടെ ലക്ഷ്യമല്ല; ഉപാധിയാണ്. ദൈവത്തിന്റെ പേരിലാണ് മനുഷ്യരെ മാറ്റിനിർത്തുന്നത്. ദൈവത്തിന്റെ പേരിലാണ് നഗരങ്ങളെ പുനർരൂപകൽപ്പന ചെയ്യുന്നത്. ദൈവത്തിന്റെ പേരിലാണ് ചോദ്യം ചെയ്യൽ അസാധുവാക്കുന്നത്. കാശിയിൽ ഇത് വിജയിച്ചപ്പോൾ, അതേ മോഡൽ മറ്റ് ഇടങ്ങളിലേക്കും നീങ്ങുന്നത് സ്വാഭാവികമാണ്.

ഇവിടെ Gen Z, Alpha തലമുറയെ കുറിച്ച് വീണ്ടും പറയാതെ വയ്യ. ഇവർക്ക് കാശി ഒരു ചരിത്രബോധമുള്ള നഗരം അല്ല; ഒരു വൈറൽ അനുഭവമാണ്. ഡ്രോൺ ദൃശ്യങ്ങൾ, ലൈറ്റ് ഷോകൾ, വൻകൂട്ടം. ആത്മീയതയുടെ ആന്തരികത ഇല്ലാതായി, പകരം അന്ധവിശ്വാസവും പ്രദർശനവും ചേർന്ന ഒരു വികാര കവചം. ഈ തലമുറയെ ലക്ഷ്യമിട്ടാണ് കോർപ്പറേറ്റ് ഭക്തി പ്രവർത്തിക്കുന്നത്. ചോദ്യം ചെയ്യുന്ന ബുദ്ധിയെക്കാൾ വികാരത്തെ ഉണർത്തുന്ന രാഷ്ട്രീയമാണ് ഇവിടെ.

ഇതിന്റെ അപകടം കേരളത്തിന്റെ സാഹചര്യത്തിൽ വളരെ ഗുരുതരമാണ്. കാരണം ഇവിടെ മതാഘോഷങ്ങൾ ഇതുവരെ സാമൂഹിക ബന്ധത്തിന്റെ ഭാഗമായിരുന്നു, അധികാരത്തിന്റെ പ്രദർശനമായിരുന്നില്ല. എന്നാൽ കുംഭമേള പോലുള്ള മെഗാ-മോഡലുകൾ വന്നാൽ, ആ സ്വാഭാവിക ബന്ധം തകരും. ഉത്സവം ജീവിതത്തിന്റെ ഉള്ളിലല്ല; ജീവിതം ഉത്സവത്തിന്റെ ചുറ്റിലാകും.

കാശി നമ്മെ പഠിപ്പിച്ചത് ഇതാണ്:

ഒരു നഗരത്തെ തകർക്കാൻ ക്ഷേത്രം പൊളിക്കേണ്ടതില്ല.

ഒരു നദിയെ കൊല്ലാൻ വെള്ളം വിഷമാക്കേണ്ടതില്ല.

ഒരു സംസ്കാരത്തെ ഇല്ലാതാക്കാൻ പുസ്തകങ്ങൾ കത്തിക്കേണ്ടതില്ല.

മതി അത് ഇവന്റാക്കി മാറ്റാൻ.

ഇപ്പോൾ കേരളത്തിലേക്ക് കുംഭമേള അരങ്ങുണരുമ്പോൾ, ഈ പാഠം മറക്കുന്നത് ആത്മഹത്യയ്ക്ക് സമാനമാണ്. കാശിയിൽ നടന്നത് ഒരു അപകടമല്ല; അത് ഒരു മാതൃകയാണ്. ആ മാതൃകയുടെ അടുത്ത പരീക്ഷണം എവിടെയാണെന്ന് മാത്രമാണ് ഇനി ചോദ്യം.ഇനി ബാക്കി നിൽക്കുന്നത് ഒരു ചോദ്യം മാത്രമാണ് — നിശ്ശബ്ദത ആരുടേതാണ്? കാശിയിൽ അത് ജനങ്ങളുടേതായിരുന്നു.

അധികാരത്തിന്റെ ശബ്ദം ഉയർന്നപ്പോൾ, നഗരത്തിന്റെ ശബ്ദം പതുക്കെ അപ്രത്യക്ഷമായി. ഗലികൾ ഇല്ലാതായപ്പോൾ, അവിടെയുണ്ടായിരുന്ന മനുഷ്യരുടെ ഓർമ്മകളും ഇല്ലാതായി. പിന്നെ ചോദ്യം ചെയ്യാൻ ആരുമുണ്ടായില്ല. ഇതാണ് കാശിയുടെ ഏറ്റവും വലിയ ദുരന്തം:

  • അവിടെ നടന്നത് വെറും പൊളിച്ചുനീക്കലല്ല;
  • അത് പ്രതിഷേധ ശേഷിയുടെ പൊളിച്ചുനീക്കലായിരുന്നു.
  • വാരാണസി ഇന്ന് ഒരു ബ്രാൻഡാണ്.
  • ദൈവം ഒരു ലോഗോ.
  • ഗംഗ ഒരു പശ്ചാത്തലം.
  • മണികർണ്ണിക ഒരു കാഴ്ച.
  • ഘരാനകൾ ഒരു മ്യൂസിയം ഓഡിയോ.
  • മനുഷ്യർ — ഡാറ്റ.

ഈ ബ്രാൻഡിംഗ് വിജയിച്ചത് ജനാധിപത്യത്തിന്റെ പരാജയത്തിലൂടെയാണ്.

ചോദ്യം ചോദിച്ചവർ വികസനവിരുദ്ധരായി.

സംശയം പ്രകടിപ്പിച്ചവർ വിശ്വാസവിരുദ്ധരായി.

മൗനം പാലിച്ചവർ ‘നല്ല പൗരന്മാർ’ ആയി.

ഇതെല്ലാം ചേർന്നപ്പോൾ, ഒരു നഗരം പൂർണ്ണമായി അനുഭവത്തിൽ നിന്ന് പ്രദർശനത്തിലേക്ക് മാറി.

ഇപ്പോൾ ഈ മാതൃക കേരളത്തിലേക്ക് വരുമ്പോൾ, കാര്യങ്ങൾ അത്ര ലളിതമല്ല.

കേരളം ഒരിക്കലും ശുദ്ധമായ മതനഗരമായിരുന്നില്ല.

ഇവിടെ നദികൾ ആരാധനയുടെ ഭാഗമായിരുന്നു,

പക്ഷേ അവ ജീവിതത്തിന്റെ ഭാഗമായിട്ടായിരുന്നു ആദ്യം.

ഇവിടെ ഉത്സവങ്ങൾ ജനങ്ങളുടെ ഉള്ളിൽനിന്നാണ് വളർന്നത്;

പദ്ധതികളിൽനിന്നല്ല.

അതുകൊണ്ടാണ് അപകടം കൂടുതൽ സൂക്ഷ്മം.

കേരളത്തിൽ ബുൾഡോസർ ആദ്യം വരില്ല.

അവിടെ ആദ്യം വരുക

നയം,

കമ്മിറ്റി,

സൗകര്യ പഠനം,

ആവശ്യകത റിപ്പോർട്ട്.

കാശിയിൽ ബുൾഡോസർ ചെയ്തത് ഇവിടെ ഫയലുകൾ ചെയ്യും. അവിടെ വീടുകൾ ‘അനധികൃതം’ ആയതുപോലെ,  ഇവിടെ നദീതീരങ്ങൾ ‘സുരക്ഷാ ഭീഷണി’ ആകും. അവിടെ മൊഹല്ലകൾ ‘തടസ്സം’ ആയതുപോലെ, ഇവിടെ തീരദേശ കുടിയിരിപ്പുകൾ ‘ലോജിസ്റ്റിക് പ്രശ്നം’ ആകും. ഭാഷ മാറും. ഫലം മാറില്ല.

കുംഭമേള പോലുള്ള മെഗാ-ആചാരങ്ങൾ ഒരിക്കലും വെറും ചടങ്ങുകളായിരുന്നില്ല. അവ ഭൂപരിഷ്കാര പദ്ധതികളാണ്. നദിയെ ഇവന്റായി, ജനത്തെ തിരക്കായി, സ്ഥലത്തെ ആസ്തിയായി മാറ്റുന്ന പദ്ധതികൾ. ഗംഗാ നദിയെ കാശിയിൽ പശ്ചാത്തലമാക്കിയപ്പോൾ, അത് ഒരിക്കലും തിരിച്ച് പഴയ ഗംഗയായില്ല. കോൺക്രീറ്റ് ഒരിക്കൽ കയറിക്കഴിഞ്ഞാൽ, ആത്മാവ് പുറത്തുപോകും.

കേരളത്തിലെ നദികൾ —

പെരിയാർ, പമ്പ, ഭാരതപ്പുഴ —

ഇവയ്ക്ക് കാശിയുടെ വിധി എഴുതിക്കൊടുക്കാൻ

നമുക്ക് അവകാശമുണ്ടോ?

ഇവിടുത്തെ നദികൾക്ക് ജീവിതമുണ്ട്, ഓർമ്മകളുണ്ട്, മത്സ്യത്തൊഴിലാളികളുണ്ട്, കർഷകരുണ്ട്, കുളിക്കുന്ന കുട്ടികളുണ്ട്. അവയെല്ലാം ഒരു “ആത്മീയ ഇവന്റിന്റെ സൗകര്യ”ത്തിനായി അനുബന്ധമാക്കപ്പെടുമോ? കാശിയിൽ മരണം പോലും കോർപ്പറേറ്റ് നിയന്ത്രണത്തിലായി.

മണികർണിക ഘട്ട്- സമത്വത്തിന്റെ അവസാന വേദി ക്ലാസ് വ്യവസ്ഥയിലേക്കു മാറി. ഇത് ഒരു ചെറിയ ഉദാഹരണമല്ല. ഇത് പറയുന്നത് വലിയ സത്യം ആണ്: ഒരു സംസ്കാരം കോർപ്പറേറ്റാകുമ്പോൾ, മരണവും പോലും സ്വകാര്യത നഷ്ടപ്പെടും.

കേരളം ഇതുവരെ പിടിച്ചു നിന്നത് ഈ അതിരിലാണ് — മനുഷ്യന്റെ അവസാന അവകാശങ്ങൾ ഇവിടെയും സാമൂഹികമായിരുന്നു. അത് നഷ്ടപ്പെടാൻ എത്ര സമയം വേണം?  ഒരു ഇവന്റ് മതി.

ഇനി ചോദ്യം ഇതാണ്: കേരളം എന്ത് ചെയ്യും?

കാശി ഒരു മുന്നറിയിപ്പാണ്. പക്ഷേ മുന്നറിയിപ്പുകൾ കേൾക്കാൻ ഒരു സമൂഹം തയ്യാറാകണം. ഇവിടെ പ്രതിരോധം ഉണ്ടാകുമോ?

അല്ലെങ്കിൽ “ഇത് നമ്മുടെ വിശ്വാസം” എന്ന് പറഞ്ഞ് ചോദ്യങ്ങളെ നിശ്ശബ്ദമാക്കുമോ?

പ്രതിരോധം മതവിരുദ്ധമല്ല. ചോദ്യം വിശ്വാസവിരുദ്ധമല്ല. നദിയെ രക്ഷിക്കുന്നത് ദൈവവിരുദ്ധമല്ല.

കാശി തെളിയിച്ചത് ഇതാണ്: വിശ്വാസത്തെ ചോദ്യം ചെയ്യാതിരുന്നപ്പോൾ വികസനം വിശ്വാസത്തെ തന്നെ വിഴുങ്ങി.

കേരളം കാശിയാകരുത്. ഗലികൾ കോറിഡോറുകളാകരുത്.

നദികൾ പശ്ചാത്തലങ്ങളാകരുത്. മരണം ഇവന്റാകരുത്.

ഭക്തി ബ്രാൻഡാകരുത്. മനുഷ്യർ അനുബന്ധങ്ങളാകരുത്.

കാരണം ഒരിക്കൽ നഗരം നിശ്ശബ്ദമായാൽ, അത് പിന്നെ വിളിച്ചാലും മടങ്ങി വരില്ല.

കാശിയുടെ ആത്മാവ് ഇന്ന് ഒരു മാർക്കറ്റിംഗ് പ്ലാനിലാണ്. കേരളം അത് ഒരു മുന്നറിയിപ്പായി എടുത്താൽ

ഇനിയും സമയം ബാക്കി ഉണ്ട്. ഇല്ലെങ്കിൽ അടുത്ത മഹാ ഇവന്റിന് ഇവിടെയും ബുൾഡോസർ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു.

Latest Stories

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'

'എനിക്ക് അച്ചടക്കം വളരെ പ്രധാനം'; പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാത്തതില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് ആര്‍ ശ്രീലേഖ

'മോഡേണല്ല, എംടെക്കുകാരിയായ ഗ്രീമക്ക് വിദ്യാഭ്യാസം കുറവാണെന്നും പരിഹാസം'; അമ്മയും മകളും ആത്മഹത്യ ചെയ്ത കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'കുഞ്ഞിനെ കൊലപ്പെടുത്തിയത് ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തിൽ'; നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ പിതാവിന്റെ മൊഴി

സഞ്ജുവിന്റെ കാര്യത്തിൽ തീരുമാനമാകും; ടി-20 ലോകകപ്പിൽ ബെഞ്ചിലിരിക്കേണ്ടി വരുമോ എന്ന് ആരാധകർ