പിണറായിയെ ലക്ഷ്യമിടുന്ന ചാനൽ ചുഴലികള്‍

സെബാസ്റ്റ്യൻ പോള്‍

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് നടന്നുകൊണ്ടിരിക്കുന്നത്. നാവികസേന, വ്യോമസേന, കോസ്റ്റ്ഗാര്‍ഡ്, പൊലീസ് എന്നിവയ്‌ക്കൊപ്പം കടലിനെ അറിയാവുന്ന മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിൽ പങ്ക് ചേർന്നിട്ടുണ്ട്. 30 മരണം റിപ്പോർട്ട് ചെയ്തപ്പോള്‍ 690 പേരെ രക്ഷിച്ച വാര്‍ത്തയും ഒപ്പമെത്തി. സിനിമയെ തോൽപ്പിക്കുന്ന ദൃശ്യചാരുതയോടെ ടെലിവിഷനും രംഗത്തുണ്ട്.ഏതവസ്ഥയിലും പഴി ചാരാന്‍ മുതുകന്വേഷിക്കുന്ന മാധ്യമപ്രവര്‍ത്തനമാണ് പതിവുപോലെ ഓഖി ദുരന്തത്തെ തുടർന്നും കണ്ടത്. ആശങ്കയും രോഷവും സൃഷ്ടിക്കാന്‍ എളുപ്പമാണ്. കരയാത്തവരും ക്യാമറ കണ്ടാൽ കരയും. ദൃശ്യമാധ്യമകാലത്തെ ആശങ്കയും രോഷവും കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതാണ്.

ദുരന്തം റിപ്പോർട്ട് ചെയേണ്ടത് ഇങ്ങനെയാണോ എന്ന ചോദ്യം ഓഖി ഉയര്‍ത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിൽ . ഭരണകൂടത്തിനൊപ്പം നിൽക്കുകയും ജനങ്ങളെ സമാശ്വസിപ്പിക്കുകയും ചെയ്യേണ്ട മാധ്യമങ്ങള്‍ സര്‍ഗാത്മകമായ സമീപനമല്ല സ്വീകരിച്ചത്. അത് തീര്‍ത്തും നിഷേധാത്മകമായിരുന്നു. തീരദേശത്ത് സ്വാധീനമുള്ള വൈദികരും ചാനലുകള്‍ തെളിച്ച ചാലിലൂടെ ഒഴുകി. ആ പോക്ക് ആരെയും എവിടെയും എത്തിക്കില്ല. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവർ സജീവമായി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നൽകുമ്പോഴും മുഖ്യമന്ത്രി എവിടെ എന്നാണ് ആവര്‍ത്തിച്ചുള്ള ചോദ്യം. ചാനലുകള്‍ക്കു മുന്നിൽ കുട പിടിച്ചഭിനയിക്കുന്ന മുഖ്യമന്ത്രിയെ പ്രതീക്ഷിച്ചവര്‍ക്കു തെറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് കടലിലെ തിരയെണ്ണികൊണ്ടല്ല.

അക്രമിയുടെ നാമകരണം ഇരയുടെ അവകാശമാണ്. ചുഴലിക്കാറ്റിന്റെ പ്രത്യേകതയാണത്. സ്ത്രീകളുടെ പേരുകളാണ് സാധാരണയായി ചുഴലിക്കാറ്റിന് നൽകുന്നത്. അമേരിക്കയിലെ കത്രീനയെയും റീത്തയേയും ഓര്‍ക്കുക. ബംഗ്ലാദേശ് നിര്‍ദേശിച്ച പേരാണ് ഓഖി. കണ്ണ് എന്നർത്ഥം . പിണറായി വിജയനെതിരെ ചില മാധ്യമചുഴലികള്‍ രൂപപ്പെടുന്നുണ്ട്. കാറ്റിന്റെ പ്രഭവകേന്ദ്രങ്ങള്‍ അത്ര രഹസ്യമല്ല. രാഷ്ട്രീയക്കടലിൽ രൂപപ്പെടുന്ന ന്യൂനമര്‍ദം ചുഴലിയായി മാറും. മാധ്യമചുഴലിക്ക് നിഷ എന്നോ, സ്മൃതി എന്നോ ആണ് ഞാന്‍ നിർദേശിക്കുന്ന പേര്. പുര കത്തുമ്പോള്‍ റേറ്റിംഗിന് വേണ്ടി വാഴ വെട്ടുകയാണ് മാധ്യമങ്ങൾ. തരപ്പെട്ടാൽ അവര്‍ കഴുക്കോലും അഴിക്കും.

ദുരന്തത്തിന്റെ പരിസമാപ്തിയിൽ ചില അന്വേഷണങ്ങള്‍ നടത്തുകയും പാഠങ്ങള്‍ രേഖപ്പെടുത്തുകയും വേണം. അടുത്ത പ്രാവശ്യം പുലി വരുമ്പോള്‍ യഥാസമയം വിളിച്ചു പറയുന്നതിന് അത് സഹായകമാകും. വിളിച്ചു പറഞ്ഞാലും പുലി വന്നില്ലെങ്കിൽ വിളിച്ചു പറഞ്ഞവനെ മാധ്യമങ്ങള്‍ തല്ലിക്കൊല്ലും. ന്യൂ ഓര്‍ലീന്‍സിനെ തകര്‍ത്തു തരിപ്പണമാക്കിയ കത്രീനയുടെ ആക്രമണം കഴിഞ്ഞ് കാര്യമായ അന്വേഷണങ്ങള്‍ അവിടെ നടന്നു. ഫെഡറൽ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി ഉള്‍പ്പെടെ ചുമതലപ്പെട്ടവരുടെ പ്രവര്‍ത്തനം വിലയിരുത്തപ്പെട്ടു. പലര്‍ക്കും സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു. പ്രസിഡന്റ് ബുഷിനെതിരെയും വിമർശനമുണ്ടായി . സംവിധാനത്തിന്റെ അപര്യാപ്തതയോ, സൗകര്യങ്ങളുടെ പോരായ്മയോ ചൂണ്ടികാണിക്കാനില്ലാത്ത അമേരിക്കയിലെ അവസ്ഥ ഇതാണെങ്കിൽ, കേരളത്തിലെ അവസ്ഥയിൽ ആശ്ചര്യപ്പെടാനില്ല. പ്രകൃതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും മനുഷ്യന്റെ പ്രവചനത്തിനോ, നിയന്ത്രണത്തിനോ വിധേയമല്ല.

കടലിൽ പൊന്തിക്കിടന്ന് ജീവന്‍ നിലനിര്‍ത്താന്‍ സാഹസികമായി യത്‌നിക്കുന്ന ഒരാളുടെ ദൃശ്യം ഒരു ചാനൽ കാണിച്ചു. ഉദ്വേഗം മുറ്റിനിൽക്കുന്ന അവസ്ഥയിലും അത് മുറിച്ചുകൊണ്ട് പരസ്യങ്ങള്‍ക്കു വേണ്ടിയുള്ള ഇടവേളകളിലേക്ക് പോകാതിരിക്കാന്‍ ആ ചാനലിനു കഴിഞ്ഞില്ല . നിലനിൽപിന്റെ പ്രശ്‌നമാണത്. എല്ലാവരുടെയും പ്രശ്‌നമാണത്. അതുകൊണ്ട് ആരും ശ്രേഷ്ഠത ചമയേണ്ടതില്ല. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ ഓഫീസിലിരുന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് ഫലപ്രദമായി നേതൃത്വം നല്കാൻ കഴിയുന്നത്. അതിനിടയിൽ കടൽക്കരയിലെത്തി ചാനലുകള്‍ക്കൊപ്പം ഒരു ഷൂട്ടിംഗ് സെഷനിൽ പങ്കെടുത്തിരുന്നുവെങ്കിലും തെറ്റാകുമായിരുന്നില്ല. എന്നാൽ . പിണറായി വിജയന് അതിനേക്കാള്‍ ചാരിതാര്‍ത്ഥ്യജനകമായത് 690 പേരെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന സത്യമായിരുന്നിരിക്കണം.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്