ഗൾഫിലെ ആകാശം ഇന്ന് ഒരു മുന്നറിയിപ്പാണ്. ഡ്രോണുകൾ കടന്നുപോകുന്ന ശബ്ദം, അകലെയുണ്ടാകുന്ന പൊട്ടിത്തെറികൾ, ഇടയ്ക്കിടെ മുഴങ്ങുന്ന സൈറൺഇവയെല്ലാം ചേർന്ന് ഒരു ഭീതിയുടെ ലോകം സൃഷ്ടിക്കുന്നു. എന്നാൽ ഈ ഭീതിയുടെ ഏറ്റവും വലിയ ഭാരവും ചുമക്കുന്നത് യുദ്ധത്തിൽ പങ്കില്ലാത്തവരാണ്കുടിയേറ്റ തൊഴിലാളികൾ. അവർ ഈ സംഘർഷത്തിന്റെ ഭാഗമല്ല, പക്ഷേ അതിന്റെ ആഘാതം നേരിട്ട് അനുഭവിക്കുന്നവരാണ്.
Dubaiക്ക് സമീപമുള്ള ഒരു വ്യവസായ മേഖലയിലെ ജോലി സ്ഥലത്ത് നിൽക്കുന്ന അനിൽ ഒരു ദിവസം ആകാശത്തിലേക്ക് നോക്കിയപ്പോൾ, യുദ്ധം എന്നത് വാർത്തകളിൽ കാണുന്ന ഒന്നല്ലെന്ന് തിരിച്ചറിഞ്ഞു. അത് തന്റെ തലക്ക് മുകളിലൂടെ കടന്നുപോകുന്ന യാഥാർത്ഥ്യമാണ്. ഒരു നിമിഷം, അവന്റെ ഉള്ളിൽ ഒരു ചോദ്യം ഉയർന്നു—“ഇത് എന്റെ അവസാന ദിനമായിരിക്കുമോ?” ഈ ചോദ്യം അവൻ ഒറ്റയ്ക്ക് ചോദിച്ചിട്ടില്ല. ഗൾഫിലെ അനേകം തൊഴിലാളികൾ ദിവസേന ചോദിക്കുന്ന ഒരു ചോദ്യമാണ് അത്.
അവരുടെ ജീവിതം യുദ്ധത്തിന്റെ ഭാഗമല്ല. അവർ ഈ സംഘർഷത്തിൽ ഒരു പക്ഷവും തിരഞ്ഞെടുക്കാത്തവർ. എന്നാൽ യുദ്ധം അവരെ തിരഞ്ഞെടുക്കുന്നു. അതിന്റെ ആഘാതം നേരിട്ട് അവരുടെ ശരീരത്തിലൂടെയാണ് കടന്നുപോകുന്നത്. അനിൽ ഗൾഫിൽ എത്തിയത് അഞ്ച് വർഷം മുൻപാണ്. കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നാണ് അവൻ വന്നത്. വീട്ടിൽ പഴയ ഒരു വീട്, വയോധികരായ മാതാപിതാക്കൾ, പഠിക്കുന്ന ഒരു സഹോദരി ഇവയാണ് അവന്റെ ലോകം. അവൻ ഇവിടെ എത്തിയത് ഒരു സ്വപ്നവുമായി ഒരു ദിവസം വീട്ടിലേക്ക് മടങ്ങുമ്പോൾ, സ്വന്തം വീടിന്റെ മുന്നിൽ നിൽക്കുക. ആ സ്വപ്നം ഇപ്പോഴും അവന്റെ ഉള്ളിൽ ഉണ്ട്. പക്ഷേ ഇപ്പോൾ അതിനൊപ്പം മറ്റൊരു ഭയം കൂടി ചേർന്നിരിക്കുന്നു
“ ആ വീട്ടിലേക്ക് തിരികെ പോകാൻ കഴിയുമോ?”
ഗൾഫിലെ നഗരങ്ങൾ രാത്രിയിൽ പ്രകാശിക്കുന്നു. ഉയർന്ന കെട്ടിടങ്ങൾ, വിശാലമായ റോഡുകൾ, ശാന്തമായ വിമാനത്താവളങ്ങൾ ഇവയെല്ലാം ഒരു സമ്പന്നതയുടെ ചിത്രം വരയ്ക്കുന്നു. എന്നാൽ ഈ ചിത്രത്തിന്റെ പിന്നിൽ മറ്റൊരു ലോകമുണ്ട് പുറംലോകം കാണാതെയുള്ള തൊഴിലാളികളുടെ ലോകം.അവരുടെ താമസസ്ഥലങ്ങൾ നഗരങ്ങളിൽ നിന്ന് അകലെ, പലപ്പോഴും മരുഭൂമിയുടെ അതിരുകളിൽ. ചെറുതും താൽക്കാലികവുമായ കെട്ടിടങ്ങൾ. ഒരേ മുറിയിൽ പല ആളുകൾ. സ്വകാര്യതയില്ല, സുരക്ഷയില്ല.
ഈ ക്യാമ്പുകൾ പലപ്പോഴും സൈനിക കേന്ദ്രങ്ങൾക്കടുത്തോ വ്യവസായ മേഖലകളോടടുത്തോ ആണ്. അതായത്, യുദ്ധത്തിന്റെ പാതകളിലാണ് അവരുടെ ജീവിതം.
ഒരു രാത്രി, അനിൽ ഉറങ്ങാൻ ശ്രമിക്കുമ്പോൾ, പുറത്തുനിന്ന് ഒരു ശബ്ദം കേട്ടു. ആദ്യം അത് ഒരു വാഹനത്തിന്റെ ശബ്ദമാണെന്ന് അവൻ വിചാരിച്ചു. പക്ഷേ പിന്നീട് ആ ശബ്ദം ശക്തമായ പൊട്ടിത്തെറി. കെട്ടിടം ചെറുതായി വിറച്ചു. അവൻ കിടക്കയിൽ നിന്ന് എഴുന്നേറ്റു. ചുറ്റുമുള്ളവർ പുറത്തേക്ക് ഓടുന്നു. ആരോ “ഡ്രോൺ!” എന്ന് വിളിക്കുന്നു.
ആ നിമിഷം, ഉറക്കം എന്ന ആശയം തന്നെ ഇല്ലാതായി.
അടുത്ത ദിവസങ്ങളിൽ, അവൻ ശ്രദ്ധിച്ചു
അവൻ മുമ്പെപ്പോലെ ഉറങ്ങുന്നില്ല.
അവൻ മുമ്പെപ്പോലെ ചിരിക്കില്ല.
അവൻ മുമ്പെപ്പോലെ സ്വപ്നം കാണുന്നില്ല.
ഭയം പതുക്കെ അവന്റെ ഉള്ളിൽ സ്ഥിരപ്പെടുന്നു.
ഗൾഫിലെ ഈ യുദ്ധം ഒരു രാഷ്ട്രീയ സംഭവമായി വാർത്തകളിൽ വരാം. എന്നാൽ അനിലിനും അവന്റെ പോലുള്ളവർക്കും, അത് ഒരു വ്യക്തിഗത അനുഭവമാണ്.
ഓരോ ദിവസവും, അവർ ഒരു അനിശ്ചിതത്വത്തോടെ ഉണരുന്നു.
ഓരോ ദിവസവും, അവർ ജീവിച്ചിരിപ്പിന്റെ ഭാഗ്യം പരിശോധിക്കുന്നു.
അവരുടെ ജോലി സ്ഥലങ്ങൾ സുരക്ഷിതമല്ല. എണ്ണശുദ്ധീകരണശാലകൾ, ഗ്യാസ് പ്ലാന്റുകൾ ഇവയെല്ലാം പ്രധാന ലക്ഷ്യങ്ങളാണ്. അവിടെ ജോലി ചെയ്യുന്നവർക്ക് യാതൊരു സുരക്ഷാ ഉറപ്പുമില്ല.
ഒരു ദിവസം, അനിൽ ജോലി ചെയ്യുമ്പോൾ, അകലെയായി ഒരു വലിയ തീപ്പൊരി ഉയരുന്നത് കണ്ടു. ഒരു നിമിഷം, അവൻ ചിന്തിച്ചു
“അത് ഞങ്ങളുടെ പ്ലാന്റായിരുന്നെങ്കിൽ?”
ഈ ചിന്ത തന്നെ അവനെ വിറപ്പിച്ചു.
അവന്റെ സുഹൃത്ത് രാജു ഒരു ദിവസം പറഞ്ഞു:
“ഇവിടെ ജോലി ചെയ്യുന്നത് ഇനി ജോലി പോലെ തോന്നുന്നില്ല… ഇത് ഒരു അപകടമാണ്.”
ഈ വാക്കുകൾ സത്യമാണ്.
ഇത് ജോലി മാത്രമല്ല.
ഇത് ജീവൻ പണയം വെച്ചുള്ള നിലപാടാണ്.
എന്നാൽ ഇതെല്ലാം അറിഞ്ഞിട്ടും, അവർ എന്തുകൊണ്ടാണ് പോകാത്തത്?
,അവർക്ക് പോകാൻ കഴിയില്ല.
അനിലിന്റെ പാസ്‌പോർട്ട് അവന്റെ കൈവശമില്ല. കമ്പനി അത് സൂക്ഷിച്ചിരിക്കുന്നു. കരാർ പൂർത്തിയാക്കാതെ അവന് പോകാൻ കഴിയില്ല.
അവൻ ഒരിക്കൽ ചോദിച്ചു:
“എനിക്ക് വീട്ടിലേക്ക് പോകണം.”
മറുപടി ലളിതമായിരുന്നു:
“കരാർ പൂർത്തിയാക്കുക.”
ഈ രണ്ട് വാക്കുകൾ അവന്റെ ജീവിതത്തെ അവിടെ പൂട്ടിയിട്ടു.
അവന്റെ മുന്നിൽ ഇപ്പോൾ രണ്ട് വഴികൾ മാത്രം
ഇവിടെ തുടരുക, അല്ലെങ്കിൽ എല്ലാം നഷ്ടപ്പെടുത്തുക.
അവൻ തുടരാൻ തീരുമാനിച്ചു.
കാരണം വീട്ടിൽ അവനെ കാത്തിരിക്കുന്നത് ഒരു കുടുംബമാണ്.
ഒരു ദിവസം, അവൻ അമ്മയോട് ഫോൺ വഴി പറഞ്ഞു:
“എനിക്ക് ഇവിടെ എല്ലാം സുഖമാണ്.”
അവൻ കള്ളം പറഞ്ഞു.
കാരണം സത്യം പറയാൻ അവന് കഴിയില്ല.
അവന്റെ ഭയം, അവന്റെ അനിശ്ചിതത്വം ഇവയെല്ലാം അവൻ ഒറ്റയ്ക്ക് സഹിക്കുന്നു.
ഗൾഫിലെ ഈ യുദ്ധം, അനിലിന്റെ ജീവിതത്തിൽ ഒരു വലിയ മാറ്റം വരുത്തി.
ഇപ്പോൾ അവൻ ഓരോ ദിവസവും ഒരു ചോദ്യത്തോടെ ജീവിക്കുന്നു
“ഞാൻ ഇന്ന് ജീവനോടെ തിരികെ പോകുമോ?”
ഈ ചോദ്യം ഇപ്പോൾ ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തിൽ ആവർത്തിക്കപ്പെടുന്ന ഒന്നായി മാറിയിരിക്കുന്നു.
ഗൾഫിലെ ഈ യുദ്ധം ഭൂപടങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷമായിരിക്കാം, പക്ഷേ യഥാർത്ഥത്തിൽ അത് തൊഴിലാളികളുടെ ശരീരത്തിലൂടെയാണ് കടന്നുപോകുന്നത്. എണ്ണശുദ്ധീകരണശാലകൾ, ഗ്യാസ് പ്ലാന്റുകൾ, വിമാനത്താവളങ്ങൾ, ജലവിതരണ കേന്ദ്രങ്ങൾ ഇവയാണ് സമ്പദ്‌വ്യവസ്ഥയുടെ ഹൃദയങ്ങൾ, എന്നാൽ അതേ സമയം ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യങ്ങളുമാണ്. ആ ഹൃദയത്തിനുള്ളിൽ ജോലി ചെയ്യുന്നവരാണ് കുടിയേറ്റ തൊഴിലാളികൾ. എന്നാൽ അവർക്കായി യാതൊരു സുരക്ഷാ സംവിധാനവും ഒരുക്കപ്പെട്ടിട്ടില്ല. മുന്നറിയിപ്പുകൾ ഇല്ല, പരിശീലനം ഇല്ല, രക്ഷപ്പെടാനുള്ള മാർഗങ്ങൾ വ്യക്തമല്ല. ഒരു പൊട്ടിത്തെറി കേട്ടാൽ ഓടുക മാത്രമാണ് അവരുടെ രക്ഷാമാർഗം.
ഈ ഭീഷണി ജോലി സ്ഥലങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. Dohaയിലെ സ്കൂളുകളിലും ബാങ്കുകളിലും വിമാനത്താവളങ്ങളിലുമുള്ള സുരക്ഷാ ജീവനക്കാർ പോലും അതേ അപകടത്തിലാണ്. മറ്റുള്ളവർ വീട്ടിലിരിക്കുമ്പോൾ, ഗാർഡുകൾക്ക് ജോലി തുടരേണ്ടി വരുന്നു. “ഞാൻ ഒരു ഗാർഡാണ്. എനിക്ക് ആരാണ് അവധി നൽകുക?” എന്ന അവരുടെ ചോദ്യത്തിൽ ഒരു വ്യവസ്ഥയുടെ ക്രൂരത മുഴുവനായി പ്രതിഫലിക്കുന്നു. Hamad International Airport പോലുള്ള സ്ഥലങ്ങളിലും, അപകടം വ്യക്തമായിരുന്നപ്പോഴും അവർക്ക് ജോലിയിൽ നിന്ന് മാറിനിൽക്കാൻ അവസരം ലഭിച്ചില്ല.
Dohaയിലെ ഒരു അന്താരാഷ്ട്ര സ്കൂളിന്റെ കവാടത്തിൽ നിൽക്കുന്ന സജിത്, ഒരിക്കൽ കുട്ടികളുടെ ചിരികളാൽ നിറഞ്ഞിരുന്ന ആ സ്ഥലത്തെ ഇപ്പോൾ ഒരു ശൂന്യതയായി കാണുന്നു. ഫെബ്രുവരിയിൽ സംഘർഷം ശക്തമായപ്പോൾ, സ്കൂൾ അടച്ചുപൂട്ടി. ക്ലാസുകൾ ഓൺലൈൻ ആയി മാറി. അധ്യാപകർ വീട്ടിലിരുന്നു. കുട്ടികൾ സ്ക്രീനുകളുടെ മുന്നിലേക്ക് മാറി.
പക്ഷേ സജിത്തിന്റെ ജീവിതത്തിൽ ഒന്നും മാറിയില്ല.
അവൻ അതേ ഗേറ്റിന് മുന്നിൽ നിൽക്കുന്നു.
അതേ യൂണിഫോം.
അതേ 12 മണിക്കൂർ ഷിഫ്റ്റ്.
“ഞാൻ ഒരു ഗാർഡാണ്. എനിക്ക് ആരാണ് അവധി നൽകുക?” അവന്റെ വാക്കുകൾ ശൂന്യമായ ക്യാമ്പസിൽ പ്രതിധ്വനിക്കുന്നു.
ആകാശത്ത് ഒരു ശബ്ദം ഉയർന്നാൽ, അവൻ തല ഉയർത്തി നോക്കും.
ഒരു നിമിഷം, അവൻ ഒരു മനുഷ്യനാണ് ഭയപ്പെടുന്ന ഒരാൾ.
അടുത്ത നിമിഷം, അവൻ വീണ്ടും ഒരു ഗാർഡാണ് കാവൽനിൽക്കേണ്ട ഒരാൾ.
അവന് എന്ത് ചെയ്യണമെന്ന് ആരും പഠിപ്പിച്ചിട്ടില്ല.
ഒരു ആക്രമണം സംഭവിച്ചാൽ എവിടേയ്ക്ക് ഓടണം എന്ന് ആരും പറഞ്ഞിട്ടില്ല.
അവന് അറിയുന്നത് ഒരൊറ്റ സത്യം
“ എന്തേലും സംഭവിച്ചാൽ… ഞാൻ രക്ഷപ്പെടില്ല.”
അത് സ്കൂളിൽ മാത്രം ഒതുങ്ങുന്നില്ല. നഗരത്തിലെ ബാങ്കുകളിലും, ഓഫീസുകളിലും, ശൂന്യമായ കെട്ടിടങ്ങളിലുമെല്ലാം ഗാർഡുകൾ അതേ ഭയത്തോടെയാണ് നിൽക്കുന്നത്.
ഒരു ബാങ്ക് ഗാർഡായ നൗഷാദ് പറയുന്നു:
“മറ്റുള്ളവർ വീട്ടിലിരിക്കും. പക്ഷേ ഞങ്ങൾ? ഞങ്ങൾ ഇവിടെ തന്നെ.”
അവന്റെ ജോലി സമയം കൂടിയിട്ടുണ്ട്. ആളുകൾ കുറവാണ്. ഭയം കൂടുതലാണ്.
ഒരു ദിവസം അവൻ പറഞ്ഞു:
“ഒരു ദിവസം ഞാൻ ജോലിക്ക് പോകാതിരുന്നാൽ, എന്റെ ശമ്പളം കുറയും. ഒരുദിവസം വിട്ടുനിൽക്കുമ്പോൾ അഞ്ചു ദിവസത്തെ ശമ്പളം നഷ്ടമാകും.”
അവന്റെ ജീവിതത്തിൽ ‘അവധി’ എന്നത് ആഡംബരമാണ്.
അവൻ ഒരിക്കൽ Hamad International Airportയിൽ ജോലി ചെയ്തിരുന്നു. അവിടെ നിന്നുള്ള ഓർമ്മകൾ അവനെ ഇപ്പോഴും പിന്തുടരുന്നു.
യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ വിമാനത്താവളം ആക്രമണ ഭീഷണിയിലായി.
വിമാനങ്ങൾ റദ്ദാക്കി.
കടകൾ അടഞ്ഞു.
യാത്രക്കാർ ഇല്ലാതായി.
പക്ഷേ ഗാർഡുകൾ?
അവർ അവിടെ തന്നെ.
“മറ്റെല്ലാവരും പോയി. പക്ഷേ ഞങ്ങൾ അവിടെ കാവൽനിന്നു,” അവൻ പറയുന്നു.
ഈ അസമത്വത്തിന്റെ ഏറ്റവും ദാരുണമായ രൂപം മരണത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. Zayed International Airportയിൽ ജോലി ചെയ്തിരുന്ന ഒരു യുവ സെക്ക്യൂരിറ്റി തൊഴിലാളി 29 വയസ്സുള്ള ഒരു യുവാവ് അവനെ ഇവിടെ നമുക്ക് അർജുൻ എന്ന് വിളിക്കാം ഒരു രാത്രി തന്റെ സാധാരണ ഷിഫ്റ്റ് ചെയ്യുകയായിരുന്നു.
ടർമിനൽ ഗേറ്റിന് മുന്നിൽ നിൽക്കുന്ന അവൻ, യാത്രക്കാരെ നിയന്ത്രിക്കുകയായിരുന്നു.
അവന്റെ കൂട്ടുകാരൻ ഭക്ഷണത്തിന് പോയിരുന്നു.
അവൻ ഒരാൾ മാത്രം.
ആ സമയം, മുന്നറിയിപ്പുകൾ എത്തിത്തുടങ്ങി.
ഡ്രോണുകൾ വരുന്നു.
പാനിക്ക് സാവധാനംവളരുന്നു.
പക്ഷേ അവൻ തന്റെ സ്ഥാനം വിടുന്നില്ല.അവന്റെ ജോലി വിടെനിൽക്കുകഎന്നതാണ്
ഒരു നിമിഷം
ഒരു ശബ്ദം
ഒരു പ്രകാശം
പിന്നീട് ഒന്നുമില്ല.
ഒരു ഭാഗികമായി തടഞ്ഞ ഡ്രോൺ അവൻ നിൽക്കുന്ന സ്ഥലത്ത് വീണു.
സ്ഫോടനം.
അവൻ അവിടെ തന്നെ മരിച്ചു.
അടുത്തായി നിന്നിരുന്ന രണ്ട് തൊഴിലാളികൾ പരിക്കേറ്റു.
പോലീസ് ആസ്ഥലത്തെ അടച്ചു.
ചിത്രങ്ങൾ ഇല്ല.
വിവരങ്ങൾ ഇല്ല.
അവന്റെ ജീവിതം ഒരു നിമിഷത്തിൽ അവസാനിച്ചു.
പക്ഷേ അവന്റെ കുടുംബത്തിന് ആ നിമിഷം പോലും ലഭിച്ചില്ല.
നേപ്പാളിലെ ഒരു ഗ്രാമത്തിൽ, അവന്റെ അച്ഛൻ ഫോൺ പിടിച്ച് നിൽക്കുന്നു.
“എന്താണ് സംഭവിച്ചത്?”
ആരും വ്യക്തമാക്കുന്നില്ല.
സോഷ്യൽ മീഡിയയിലൂടെയാണ് ആദ്യമായി അദ്ദേഹം തന്റെ മകന്റെ മരണത്തെക്കുറിച്ച് അറിഞ്ഞത്.
അവന്റെ അമ്മ, പബിത്ര, ഒരു വീഡിയോ കോളിൽ കരയുന്നു:
“ഞങ്ങൾക്ക് നീതി വേണo എന്താണ് സംഭവിച്ചതെന്ന് അറിയണം”
പക്ഷേ യുദ്ധം ഉത്തരങ്ങൾ നൽകുന്നില്ല.
ഈ കഥകളുടെ ഇടയിൽ ഒരു വലിയ നിശ്ശബ്ദത ഉണ്ട്
അത് അവരുടെ താമസസ്ഥലങ്ങളിലാണ്.
നഗരങ്ങളിൽ നിന്ന് അകലെ, മരുഭൂമിയുടെ അതിരുകളിൽ, ചെറുതും ദുർബലവുമായ കെട്ടിടങ്ങൾ.
ഒരു മുറിയിൽ നാല് പേർ.
ഒരു ജനൽ.
ഒരു ഫാൻ.
ഇവിടെയാണ് അവർ ഉറങ്ങുന്നത്.
Al Udeid Air Baseയ്ക്ക് സമീപമുള്ള ഒരു ക്യാമ്പിൽ താമസിക്കുന്ന ഒരു തൊഴിലാളി പറയുന്നു:
“രാത്രിയിൽ ഞാൻ ഉറങ്ങാറില്ല… ഞാൻ ആകാശം നോക്കും…”
അവന് ഭയം
ഒരു മിസൈൽ അവന്റെ മുകളിൽ വീഴും.
അല്ലെങ്കിൽ ഒരു ഡ്രോണിന്റെ ഭാഗം.
ഒരു രാത്രി, ഒരു പൊട്ടിത്തെറി.
കെട്ടിടം വിറച്ചു.
അവൻ പുറത്തേക്ക് ഓടി.
ആകാശത്ത് പുക.
അകലെയായി തീ.
അവൻ തിരികെ കിടക്കയിലേക്ക് പോയി.
പക്ഷേ ഉറക്കം വന്നില്ല.
ഇവരുടെ ജീവിതത്തിൽ ഒരു വലിയ സത്യം ഉണ്ട്
സുരക്ഷ എന്നത് ഒരു അനുഭവമല്ല. അത് ഒരു അഭാവമാണ്.
ജോലി സ്ഥലത്ത് സുരക്ഷയില്ല.
താമസസ്ഥലത്ത് സുരക്ഷയില്ല.
പോകാനുള്ള സ്വാതന്ത്ര്യം ഇല്ല.
അവർ ഓരോ ദിവസവും ജീവിക്കുന്നത് ഒരു ചോദ്യത്തോടെയാണ്
“ഞങ്ങൾ ജീവിക്കാൻ വേണ്ടിയാണ് ഇവിടെ വന്നത്… പക്ഷേ ഇവിടെ ജീവിക്കാൻ തന്നെ കഴിയുന്നില്ലെങ്കിൽ?”
സെക്യൂരിറ്റിതൊഴിലാളിഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ, അവന്റെ കുടുംബത്തിന് പോലും സംഭവത്തിന്റെ മുഴുവൻ സത്യം അറിയാൻ കഴിഞ്ഞില്ല. നഷ്ടം വ്യക്തമായിരുന്നു, പക്ഷേ ഉത്തരവാദിത്വം അനിശ്ചിതമായിരുന്നു.
താമസസ്ഥലങ്ങൾ പോലും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ഇവരുടെ ജീവിതം. നഗരങ്ങളിൽ നിന്ന് അകലെ, സൈനിക കേന്ദ്രങ്ങൾക്കും വ്യവസായ മേഖലകൾക്കും സമീപം പണിത ലേബർ ക്യാമ്പുകൾ യുദ്ധത്തിന്റെ പാതകളിലാണ്. Al Udeid Air Base പോലുള്ള സൈനിക കേന്ദ്രങ്ങൾക്ക് സമീപം താമസിക്കുന്ന തൊഴിലാളികൾക്ക് ഓരോ രാത്രിയും ഒരു ഭീതിയാണ്. ഉറക്കം പോലും ഒരു അപകടമായി മാറുന്നു. ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ഏത് നിമിഷവും വീഴാമെന്ന ഭയം അവരെ വിട്ടുപോകുന്നില്ല.
ചിലപ്പോൾ ഭീഷണി അവശിഷ്ടങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. സാധാരണ ജനങ്ങളുടെ താമസസ്ഥലങ്ങളും നേരിട്ട് ആക്രമിക്കപ്പെടുന്നു. കുവൈത്തിലെ Mangafയിൽ നടന്ന ഒരു ആക്രമണം, യുദ്ധം ഇനി ദൂരെയല്ലെന്ന് തെളിയിക്കുന്നു. ആകാശത്തിലൂടെ കടന്നുപോകുന്ന മിസൈലുകൾ ഒരു രാജ്യത്തെ ലക്ഷ്യമിടുമ്പോൾ, അവയുടെ പാതയിൽ വരുന്ന എല്ലാ ജീവിതങ്ങളെയും ഭീഷണിയിലാക്കുന്നു.
Dubaiയിലെ ഒരു ക്യാമ്പിൽ താമസിക്കുന്ന ഷാഫി, തന്റെ പാസ്‌പോർട്ട് തന്റെ കൈവശമില്ലെന്ന് പറയുന്നു.
“ഞാൻ ഇവിടെ വന്ന ദിവസമാണ് അവർ അത് എടുത്തത്,” അവൻ പറയുന്നു.
അവൻ ചോദിച്ചു:
“എനിക്ക് വീട്ടിലേക്ക് പോകണം.”
മറുപടി:
“കരാർ പൂർത്തിയാക്കുക… അല്ലെങ്കിൽ പണം നൽകുക.”
അവൻ ചിരിച്ചു.
അത് ഒരു സന്തോഷത്തിന്റെ ചിരിയല്ലായിരുന്നു.
അത് ഒരു അശക്തിയുടെ ചിരിയായിരുന്നു.
“എനിക്ക് അത്ര പണം എവിടെ നിന്ന്?”
അവന്റെ ചോദ്യം അന്തരീക്ഷത്തിൽ തന്നെ നഷ്ടപ്പെട്ടു.
ഈ അവസ്ഥയിൽ, ജീവിതം കുടുക്കായി മാറുന്നു.
പോകാൻ കഴിയില്ല.
തുടരാൻ ഭയമാണ്.
ഒരു തൊഴിലാളി പറഞ്ഞു:
“ഇപ്പോൾ ഞാൻ ജീവിച്ചാലും മരിച്ചാലും ദൈവത്തിന്റെ കൈയിലാണ്…”
അവൻ ഒരു നിമിഷം നിർത്തി.
“പക്ഷേ ഞാൻ മരിച്ചാൽ… എന്റെ കുടുംബം എന്റെ മുഖം പോലും കാണുമോ?”
ഈ ചോദ്യം കേട്ടപ്പോൾ, അവിടെ ഉണ്ടായിരുന്നവർക്ക് ഒന്നും പറയാനായില്ല.
എന്നാൽ ഈ എല്ലാത്തിനുമപ്പുറം, തൊഴിലാളികളുടെ ഏറ്റവും വലിയ യാഥാർത്ഥ്യം അവർക്ക് പോകാനാവില്ല എന്നതാണ്. അവരുടെ പാസ്‌പോർട്ടുകൾ പലപ്പോഴും കമ്പനികളുടെ കൈകളിലാണ്. കരാറുകൾ പൂർത്തിയാകാതെ അവർക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയില്ല. ചിലപ്പോൾ പിഴ അടയ്ക്കേണ്ടിവരും. അതിനാൽ അവർ യുദ്ധത്തിനിടയിൽ കുടുങ്ങിയവരായി മാറുന്നു.ഈ ട്രാപ്പിൻ്റെ മറുവശത്ത് സാമ്പത്തിക നിർബന്ധിതത്വമാണ്. വീട്ടിലെ ദാരിദ്ര്യം, കടങ്ങൾ, കുടുംബ ബാധ്യതകൾ ഇവയെല്ലാം ചേർന്ന് അവരെ പിടിച്ചുനിർത്തുന്നു. ഒരു തൊഴിലാളിയുടെ വാക്കുകൾ ഈ യാഥാർത്ഥ്യത്തെ ഏറ്റവും വ്യക്തമായി വ്യക്തമാക്കുന്നു: “ഒരു നിമിഷം പോലും ഇവിടെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ വീട്ടിൽ വരുമാനം ഉണ്ടാക്കാൻ മറ്റാരുമില്ല.”
ആഴ്ചയിൽ ആറു ദിവസവും 12 മണിക്കൂറും ജോലി ചെയ്യുന്നവർ, ചെറിയ ശമ്പളത്തിൽ ജീവിച്ചുകൊണ്ട്, അവരുടെ സ്വപ്നങ്ങൾക്കായി ജീവൻ പോലും പണയം വെക്കുന്നു. ഒരു വീട് പണിയുക, കുടുംബത്തെ സംരക്ഷിക്കുകഇവയാണ് അവരുടെ സ്വപ്നങ്ങൾ. എന്നാൽ ഇപ്പോൾ, ആ സ്വപ്നങ്ങൾക്കൊപ്പം മറ്റൊരു ചോദ്യവും ചേർന്നിരിക്കുന്നു “ഞാൻ ജീവിച്ചിരിക്കുംവരെ ഈ സ്വപ്നം സാക്ഷാത്കരിക്കാനാവുമോ?”
ഈ കഥയുടെ അവസാനം ഒരു നിഗമനം ഇല്ല. കാരണം ഇത് അവസാനിച്ചിട്ടില്ല. യുദ്ധം ഒരിക്കൽ അവസാനിച്ചേക്കാം, പക്ഷേ ഈ തൊഴിലാളികളുടെ അവസ്ഥ മാറുമോ എന്നത് ഇപ്പോഴും അനിശ്ചിതമാണ്.
അവസാനം, ഈ കഥ ഒരു വലിയ ചോദ്യത്തിലേക്ക് ചുരുങ്ങുന്നു
ഈ രാജ്യങ്ങൾ പണിതുയർത്തിയത് ആരുടെ കൈകളാൽ?
അവയുടെ സുരക്ഷയും അവകാശങ്ങളും ലഭിക്കുന്നത് ആര്ക്കാണ്?
ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നതുവരെ,
ഈ യുദ്ധം ആകാശത്ത് മാത്രം അല്ല
മനുഷ്യരുടെ ജീവിതത്തിനുള്ളിലും തുടർന്നുകൊണ്ടേയിരിക്കും.
(തൊഴിലാളികളുടെ പേര് സുരക്ഷാ കാരണങ്ങളാൽ മാറ്റിയിട്ടുണ്ട്)