ഓഗസ്റ്റ് 7: ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ ശില്പി, ഡോ എം എസ് സ്വാമിനാഥൻ്റെ ജന്മശതാബ്ദി

ഓഗസ്റ്റ് 7ന് ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ പിതാവും രാജ്യം കണ്ട ഏറ്റവും പ്രമുഖ കൃഷി ശാസ്ത്രജ്ഞനുമായ ഡോ എം എസ് സ്വാമിനാഥൻ്റെ ജന്മശതാബ്ദി രാജ്യം ആഘോഷിക്കുകയാണ്. വിശപ്പകറ്റാൻ അമേരിക്കൻ ഗോതമ്പ് ഇറക്കുമതിയെ ആശ്രയിച്ചിരുന്ന സ്വാതന്ത്ര്യാനന്തര ഇന്ത്യയെ ഭക്ഷ്യ സുരക്ഷതിത്വത്തിലേക്ക് നയിച്ച കൃഷി ശാസ്ത്രജ്ഞനാണ് ഡോ സ്വാമിനാഥൻ.സുസ്ഥിര കാർഷിക വികസനത്തിലൂടെ നിത്യഹരിത വിപ്ലവം എന്ന ആശയത്തിൻ്റെ വക്താവായിരുന്ന ഡോ സ്വാമിനാഥൻ്റെ ജന്മദിനം മഹാരാഷ്ട്ര സുസ്ഥിര കാർഷിക ദിനമായി ആചരിക്കുകയാണ്.ജന്മശതാബ്ദിയുടെ ഭാഗമായി കേന്ദ്ര ഗവണ്മെൻ്റ് 100 രൂപ നാണയം പുറത്തിറക്കും.ജന്മശതാബ്ദിയോട് അനുബസിച്ച് ന്യൂ ഡെൽഹിയിൽ സംഘടിപ്പിക്കുന്ന ‘നിത്യഹരിത വിപ്ലവം-ജൈവാനന്ദത്തിലേക്കുള്ള പാത ‘ എന്ന അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഡോ സ്വാമിനാഥൻ്റെ ജന്മശതാബ്ദിയോടെ രാജ്യമെമ്പാടും ഗ്രാമീണ ജൈവാനന്ദ (ബയോഹാപ്പിനെസ് )കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ആരംഭം കുറിക്കുകയാണ്.

1925 ഓഗസ്റ്റ് 7ന് തമിഴ്നാട്ടിലെ കുംഭകോണത്തായിരുന്നു ഡോ സ്വാമിനാഥൻ്റെ ജനനം.കുട്ടനാട്ടിലെ മങ്കൊമ്പ് കുടുംബമാണ് ഡോ സ്വാമിനാഥൻ്റെ തറവാട്.ബ്രിട്ടീഷ് സർക്കാരിൻ്റെ കീഴിൽ ഡോക്ടർ ആയിരുന്നു അച്ഛൻ സാംബശിവൻ. തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ബിഎസ് സി ബിരുദം നേടി. സ്വാമിനാഥനെ ഡോക്ടർ ആക്കണമെന്നായിരുന്നു കുടുംബത്തിൻ്റെ ആഗ്രഹമെങ്കിലും കൃഷി പഠനമായിരുന്നു അദ്ദേഹത്തിന് താല്പര്യം. കോയമ്പത്തൂർ കാർഷിക കോളേജിൽ നിന്ന് കൃഷി ബിരുദവും നേടിയ ശേഷം ദില്ലിയിൽ ഇന്ത്യൻ അഗ്രികൾചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉപരിപഠനത്തിന് ചേർന്നു. ഐപിഎസ് ലഭിച്ചെങ്കിലും യുനെസ്കോ സ്കോളർഷിപ്പിൽ നെതർ ലൻഡ്‌സിൽ ഉപരിപഠനം നടത്താനാണ് ആ യുവാവ് തീരുമാനിച്ചത്.കേംബ്രിഡ്ജിൽ നിന്ന് പി എച്ച് ഡി നേടിയ ശേഷം വിസ്കോൺസിൻ യൂനിവേഴ്സിറ്റിയിൽ ഉപരി ഗവേഷണം നടത്തി.1954 ൽ ഇന്ത്യയിൽ തിരിച്ചെത്തി കട്ടക്കിലെ കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രത്തിൽ ശാസ്ത്രജ്ഞനായി ചേർന്നു.അവിടെ അദ്ദേഹം ഇൻഡിക്ക, ജപ്പോണിക്ക നെല്ലിനങ്ങളുടെ സങ്കരണത്തിേമായിരുന്നു ഗവേഷണം ബ്രിട്ടീഷ് ഭരണകാലത്ത് 1760 ലെ ബംഗാൾ ക്ഷാമം മുതൽ 1943 ലെ ബംഗാൾ ക്ഷാമം വരെയുള്ള ആറ് മഹാക്ഷാമങ്ങൾ ഉൾപ്പെടെ ചെറുതും വലുതുമായ 31 ക്ഷാമങ്ങൾക്ക് കൊളോണിയൽ ഇന്ത്യ സാക്ഷ്യം വഹിച്ചു. 85 ദശലക്ഷം ഇന്ത്യക്കാരുടെ ജീവനാണ് ഈ ക്ഷാമങ്ങളിൽ പൊലിഞ്ഞത്. രണ്ടാം മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് ദുർഭരണത്തിൽ സംഭവിച്ച 1943 ലെ ബംഗാൾ ക്ഷാമത്തിൻ്റെ ദുരന്ത സ്മരണകൾ ദീർഘകാലം സ്വതന്ത്ര ഇന്ത്യയെ വേട്ടയാടിയിരുന്നു.30 ലക്ഷം ഇന്ത്യക്കാർക്കാണ് 1943 ലെ ബംഗാൾ ക്ഷാമത്തിൽ ജീവൻ നഷ്ടപ്പെട്ടത്.

1950 ൽ ഇന്ത്യയിലെ ഭക്ഷ്യോല്പാദനം കേവലം 50 ദശലക്ഷം ടൺ മാത്രമായിരുന്നു. ജനസംഖ്യ 35 കോടിയും .ഗോതമ്പ് ഉല്പാദനം 12 ദശലക്ഷം ടൺ മാത്രം. നെല്ലിൻ്റെയും ഗോതമ്പിൻ്റെയും ഉല്പാദനക്ഷമത തീരെ കുറവായിരുന്നു. ഭക്ഷ്യധാന്യോല്പാദന വളർച്ച ഏറെക്കുറെ നിശ്ചലാവസ്ഥയിലും .രാജ്യത്ത് ജനണ്ടളുടെ വിശപ്പകറ്റാൻ ആവശ്യത്തിന് ധാന്യങ്ങൾ ഉല്പാദിപ്പിക്കാത്തതിനാൽ വിദേശ ഇറക്കുമതിയെ ആശ്രയിക്കേണ്ടി വന്നു.1954ൽ ഒപ്പു വെച്ച പി എൽ 480 കരാർ പ്രകാരം അമേരിക്കയിൽ നിന്നും ഇറക്കുമതി ഇറക്കുമതി ചെയ്ത ഗോതമ്പും ഭക്ഷ്യധാന്യങ്ങളുമായിരുന്നു സ്വാതന്ത്ര്യന്തര ഇന്ത്യയിൽ ആദ്യ വർഷങ്ങളിൽ ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നത്.

നോബൽ സമ്മാന ജേതാവ് ഡോ. നോർമൻ ബോർലോഗ് 1960 കളുടെ ആരംഭത്തിൽ മെക്സിക്കോയിൽ അത്യുല്പാദന ശേഷിയുള്ള കുള്ളൻ ഗോതമ്പ് ഇനങ്ങൾ വികസിപ്പിച്ചെടുത്തിരുന്നു. ഈ ഇനങ്ങൾ ഇന്ത്യയിലെ കാർഷിക മേഖലയിൽ ഹരിത വിപ്ലവം സൃഷ്ടിക്കുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് ന്യൂ ഡെൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിട്യൂട്ടിൻ്റെ ഡയറക്ടറായിരുന്ന ഡോ എം എസ് സ്വാമിനാഥനാണ്. ഈ ഇനങ്ങൾ ഇന്ത്യയിൽ പരീക്ഷിക്കാൻ ഡോ നോർമൻ ബോർലോഗിൻ്റെ സഹകരണം ഡോ സ്വാമിനാഥൻ തേടി.1963 ൽ ഇന്ത്യയിലെത്തി ഡോ സ്വാമിനാഥനൊപ്പം ഗോതമ്പ് പാടങ്ങൾ സന്ദർശിച്ച ഡോ നോർമൻ ബോർലോഗ് മെക്സിക്കോയിൽ വികസിപ്പിച്ചെടുത്ത കുള്ളൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യയ്ക്ക് കൈമാറി.1964 ഏപ്രിലിൽ ബോർലോഗ് ഈ ഇനങ്ങളുടെ പ്രകടനം വിലയിരുത്താൻ വീണ്ടും ഇന്ത്യയിലെത്തി. അപ്പോഴേക്കും രാജ്യത്തിൻ്റെ ഭക്ഷ്യസ്ഥിതി അതീവ ദുർബ്ബലമായി തീർന്നിരുന്നു.

ഡോ. സ്വാമിനാഥൻ. കുള്ളൻ ഗോതമ്പ് ഗവേഷണത്തിൽ

നെഹ്റുവിൻ്റെ മരണത്തെ തുടർന്ന് പ്രധാനമന്ത്രി പദം ഏറ്റെടുത്ത ലാൽ ബഹദൂർ ശാസ്ത്രി ആഴ്ചയിൽ ഒരു നേരത്തെ ഭക്ഷണം ത്യജിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. കൃഷി മന്ത്രിയായിരുന്ന സി സുബ്രഹ്മണ്യം കൃഷി ശാസ്ത്രജ്ഞരുടെ യോഗം വിളിച്ചു ചേർത്ത് എന്തു ചെയ്യാനാവുമെന്ന് ചോദിച്ചു. “സാങ്കേതിക വിദ്യയുണ്ട്. അനുമതി നൽകിയാൽ മതി” എന്നായിരുന്നു ഡോ സ്വാമിനാഥൻ്റെ ഉത്തരം. ഇതായിരുന്നു ഇന്ത്യയിലെ ഹരിത വിപ്ലവത്തിൻ്റെ തുടക്കം.തേടി.മെക്സിക്കോയിൽ നിന്നും കൊണ്ടു വന്ന സോണോറ-64 എന്ന കുള്ളൻ ഗോതമ്പ് ഇനത്തിൽ നിന്നും ഉൾപരിവർത്തനത്തിലൂടെ ഷർബതി സോണോറ എന്ന പുതിയ ഗോതമ്പിനം വികസിപ്പിച്ചെടുത്തു. ബോർലോഗിൻ്റെ ഗോതമ്പിന് ചുവപ്പ് നിറമായിരുന്നു.അത് ഇന്ത്യക്കാർക്ക് ഇഷ്ടമല്ലാത്തതിനാൽ ആമ്പർ നിറമുള്ള സോണാലിക, കല്യാൺ സോണ തുടങ്ങിയ ഗോതമ്പ് ഇനങ്ങൾ പ്രത്യേകമായി വികസിപ്പിച്ചെടുത്തു.ഉയർന്ന അളവിലുള്ള രാസവളങ്ങൾ, കീടനാശിനികൾ എന്നിവയോട് അനുകൂലമായി പ്രതികരിച്ച് വൻ വിളവ് നൽകുന്നവയായിരുന്നു പുതിയ ഗോതമ്പ് ഇനങ്ങൾ. ജലസേചന സൗകര്യങ്ങൾ കൂടുതലുണ്ടായിരുന്ന പഞ്ചാബിലും ഹരിയാനയിലും ഉത്തര പശ്ചിമ യു പിയിലുമാണ് ഈ ഇനങ്ങൾ ആദ്യം വ്യാപിച്ചത്.ആദ്യം ഗോതമ്പിലെ ഹരിത വിപ്ലവം തുടങ്ങിയത്.

1966-ൽ, ഗോതമ്പ്, അരി, ബജ്റ എന്നീ ധാന്യങ്ങൾക്കായി അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിക്ക് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അംഗീകാരം നൽകി.32 ദശലക്ഷം ഹെക്ടറിൽ പദ്ധതി നടപ്പാക്കാനായിരുന്നു അനുമതി.പ്രത്യേകത.ഹരിതവിപ്ലവത്തോടെ ഗോതമ്പിനൊപ്പം നെല്ലിലും അത്യുല്പാദന ശേഷിയുള്ള നെല്ലിനങ്ങൾ വ്യാപിച്ചു.ഐആർ 8 പോലുള്ള അത്യുല്പാദന ശേഷിയുള്ള നെല്ലിനങ്ങൾ തെക്കു കിഴക്കേഷ്യയിൽ നിന്നും ഇന്ത്യയിലെത്തി. സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ രാജ്യത്തെ ഗോതമ്പ് ഉല്പാദനം കേവലം ആറ് ദശലക്ഷം ടൺ മാത്രമായിരുന്നു. ഹരിതവിപ്ലവത്തിന് തുടക്കമിട്ട 1965- 66 ൽ 10 ദശലക്ഷം ടണ്ണും.എന്നാൽ മൂന്ന് വർഷം കൊണ്ട് അത് 17 ദശലക്ഷം ടണ്ണിലേക്ക് കുതിച്ചുയർന്നു.1968 ഗോതമ്പ് വിപ്ലവം എന്ന പേരിൽ ഒരു പ്രത്യേക സ്റ്റാമ്പ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പുറത്തിറക്കി.1971 ൽ ഇന്ത്യയെ ഭക്ഷ്യ സ്വയംപര്യപ്ത രാജ്യമായി ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കൊപ്പം

1950 ൽ 50 ദശലക്ഷം ടണ്ണായിരുന്ന രാജ്യത്തെ ഭക്ഷ്യോല്ലാദനം ഏഴര പതിറ്റാണ്ട് കൊണ്ട് ഏഴിരട്ടി കുതിച്ചുയർന്നു.353.959 ദശലക്ഷം ടണ്ണാണ് ഇന്ന് രാജ്യത്തെ ഭക്ഷ്യധാന്യോല്പാദനം.2024 – 25 ൽ രാജ്യത്ത് 149 ദശലക്ഷം ടൺ അരിയും 117.50 ദശലക്ഷം ടൺ ഗോതമ്പും ഉല്പാദിപ്പിച്ചു.ചൈനയെ മറി കടന്ന് ഈ വർഷം അരി ഉല്പാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. വിദേശ ഇറക്കുമതിയിൽ നിന്നും രാജ്യത്തെ ഓരോ പൗരൻ്റെയും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന നിലയിലേക്ക് അന്തസ്സോടെ രാജ്യത്തെ പിടിച്ചുയർത്തിയത് ഡോ സ്വാമിനാഥൻ്റെ ദീർഘവീക്ഷണവും പരിവർത്തനാത്മകമായ ഗവേഷണ നേതൃത്വവുമാണ്. കുറഞ്ഞ കാലം കൊണ്ട് ക്ഷാമം തുറിച്ചു നോക്കിക്കൊണ്ടിരുന്ന ഇന്ത്യയെ നിറഞ്ഞു കവിയുന്ന ധാന്യപ്പുരകളുള്ള ഒരു രാജ്യമാക്കി അദ്ദേഹം മാറ്റി. “തോക്കുകളുള്ള രാജ്യങ്ങൾക്കല്ല, ധാന്യങ്ങളുള്ള രാജ്യങ്ങൾക്കാണ് ഭാവി: എന്നതായിരുന്നു ഡോ.സ്വാമിനാഥൻ്റെ വീക്ഷണം.

ഹരിത വിപ്ലവം കുറഞ്ഞ കാലം കൊണ്ട് ഭക്ഷ്യധാന്യോല്പാദനത്തിൽ വൻ കുതിച്ചു കയറ്റമുണ്ടാക്കിയെങ്കിലും അതുണ്ടാക്കിയ പാരിസ്ഥിതിക വിനാശം ചെറുതല്ല. അമിതമായ രാസവളപ്രയോഗവും രാസ കീടനാശിനി പ്രയോഗവും മണ്ണിനെയും പരിസ്ഥിതിയെയും മലിമാക്കി. മണ്ണിൻ്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടു. ഊർജ്ജിതമായ ഏകവിള സമ്പ്രദായം ജൈവവൈവിധ്യം നഷ്ടപ്പെടുത്തി. ഭൂഗർഭ ജലത്തിൻ്റെ അമിതമായ ചൂഷണം ഹരിത വിപ്ലവം അരങ്ങേറിയ പഞ്ചാബിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ജല പ്രതിസന്ധി രൂക്ഷമാക്കി.ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ പിതാവായ ഡോ സ്വാമിനാഥൻ മറ്റാരേക്കാളും ഈ പ്രശ്നം മനസ്സിലാക്കിയിരുന്നു.ജൈവ വൈവിധ്യ സംരക്ഷണം, സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, കർഷകരുടെ പാരമ്പര്യ വിജ്ഞാനം ,ആധുനിക ബയോടെക്നോളജി എന്നിവയെല്ലാം കൂടിച്ചേർന്ന ‘നിത്യഹരിത വിപ്ലവ’മാണ് ഇനി ആവശ്യമെന്ന് അദ്ദേഹം വാദിച്ചു.കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ കൃഷിയിൽ പരിസ്ഥിതി സൗഹൃദപരമായ സുസ്ഥിര രീതികൾ നടപ്പാക്കണം. സുസ്ഥിര കാർഷിക വികസനം അന്താരാഷ്ട്ര ചർച്ചകളുടെ മുഖ്യധാരയിൽ ആദ്യമായി കൊണ്ടുവന്ന കൃഷി ശാസ്ത്രജ്ഞൻ ഡോ എം എസ് സ്വാമിനാഥനാണ്. ഈ മേഖലയിലെ സംഭാവനകൾ പരിഗണിച്ചു കൊണ്ടാണ് ഡോ. എം എസ് സ്വാമിനാഥനെ ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം “പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രത്തിൻ്റെ പിതാവ്” എന്ന് വിശേഷിപ്പിച്ചത്.

കർഷകർ, കർഷക തൊഴിലാളികൾ, കർഷക വനിതകൾ, തീരദേശ ജനത, ആദിവാസി സമൂഹങ്ങൾ എന്നിവരുടെ അവകാശങ്ങൾക്ക് വേണ്ടി ശക്തമായി പ്രവർത്തിച്ച കൃഷി ശാസ്ത്രജ്ഞനാണ് ഡോ സ്വാമിനാഥൻ.2004 മുതൽ 2006 വരെ ദേശീയ കർഷക കമ്മീഷൻ്റെ അധ്യക്ഷനായിരുന്നു അദ്ദേഹം.കാർഷിക വിപണനവും മൂല്യവർധനവുമുൾപ്പെടെ കർഷകരുടെ വരുമാനം ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ നിർദ്ദേശങ്ങൾ അദ്ദേഹം കമ്മീഷൻ റിപ്പോർട്ടിൽ നൽകി. കൃഷിച്ചെലവും അതിൻ്റെ 50 ശതമാനവും കൂടിച്ചേർന്ന തുക കർഷകരുടെ ഉല്പന്നത്തിന് ഏറ്റവും കുറഞ്ഞ താങ്ങുവിലയായി (എം എസ് പി ) നൽകണമെന്നതായിരുന്നു കമ്മീഷൻ്റെ പ്രധാന ശുപാർശകളിൽ ഒന്ന്. ഈ ശുപാർശ എല്ലാ വിളകളിലും നടപ്പാക്കണമെന്നും അതിന് നിയമ പരിരക്ഷ നൽകണം എന്നതുമാണ് കഴിഞ്ഞ അഞ്ച് വർഷമായി സമരരംഗത്തുള്ള കർഷക സംഘടതകളുടെ പ്രധാന ഡിമാൻഡ്. സുസ്ഥിര കാർഷിക വികസനം, അടിസ്ഥാന സൗകര്യ വികസനം, ഭൂപരിഷ്ക്കരണം, നിക്ഷേപം, കാർഷിക വായ്പ, വിപണനം തുടങ്ങിയ മേഖലകളിൽ സ്വാമിനാഥൻ കമ്മീഷൻ നൽകിയ ശുപാർശകൾ കേന്ദ്ര ഗവണ്മെൻ്റ് നടപ്പാക്കിയിരുന്നുവെങ്കിൽ ഇന്ത്യൻ കാർഷിക മേഖലയുടെ മുഖഛായ തന്നെ മാറുമായിരുന്നു.

ലോക വ്യാപാര സംഘടനയുടെ ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ നടപ്പാക്കിയതോടെ കർഷകരുടെ തനത് വിത്തിനങ്ങൾ കോർപ്പറേറ്റുകൾ സ്വന്തമാക്കുന്നത് തടയുന്നതിനുള്ള നിയമ നിർമ്മാണത്തിന് രാജ്യത്തിനകത്തും രാജ്യാന്തര തലത്തിലും നേതൃത്വം നൽകിയതും ഡോ സ്വാമിനാഥനാണ്.പുതിയ വിത്തിനങ്ങളുടെ ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിന് 2001 ൽ കേന്ദ്ര ഗവണ്മെൻ്റ് രൂപം നൽകിയ വിത്തിനങ്ങളുടെ സംരക്ഷണവും കർഷകരുടെ അവകാശങ്ങളും സംബന്ധിച്ച കേന്ദ്ര നിയമം ഡോ സ്വാമിനാഥൻ്റെ മാർഗ്ഗ നിർദ്ദേശത്തിലാണ് തയ്യാറാക്കിയത്.വിത്ത് സൂക്ഷിക്കാനും കൈമാറാനും വിൽക്കാനും സ്വന്തമായി വികസിപ്പിച്ച പുതിയ ഇനങ്ങൾക്ക് രജിസ്ട്രേഷൻ നേടാനുമുള്ള കർഷകരുടെ അവകാശങ്ങൾ ഈ നിയമം ഉറപ്പാക്കുന്നു. കർഷകരും കൃഷിത്തൊഴിലാളികളും ഉൾപ്പെടെ രാജ്യത്തെ കാർഷിക മേഖലയിൽ പണിയെടുക്കുന്നവരിൽ പകുതിയിലേറെയും വനിതകളാണ്.ഇവർ നേരിടുന്ന പ്രശ്നങ്ങൾ ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും നയരൂപീകരണത്തിൻ്റെ മുഖ്യധാരയിലേക്ക് ആദ്യമായി കൊണ്ടുവന്നത് ഡോ സ്വാമിനാഥനാണ്. തീരദേശ ജനതയുടെയും ആദിവാസി സമൂഹത്തിൻ്റെയും പോഷക സുരക്ഷയും ഉപജീവന സുരക്ഷയും ഉറപ്പാക്കുന്ന പദ്ധതികളും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കി.
ജൈവവൈവിധ്യത്തിന്റെ സുസ്ഥിര ഉപയോഗം, ഭക്ഷ്യസുരക്ഷ, വരുമാനം, ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം നഷ്ടപ്പെട്ട ജൈവവൈവിധ്യം പുനഃസ്ഥാപിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഡോ സ്വാമിനാഥൻ ആവിഷ്കരിച്ച ജൈവാനന്ദം (ബയോഹാപ്പിനസ് )എന്ന ആശയം.മനുഷ്യർക്കും പ്രകൃതിക്കും ഇടയിൽ ഐക്യം സൃഷ്ടിക്കപ്പെടുന്ന വിധം കൃഷിയിൽ ജൈവവൈവിധ്യം ഉപയോഗപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന ക്ഷേമത്തിന്റെയും സംതൃപ്തിയുടെയും അവസ്ഥയാണ് ജൈവാനന്ദം അഥവാ ബയോഹാപ്പിനെസ്.ഇതിനു വേണ്ടി പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിലൂടെ മറന്നുപോയ വിളകളും ഭക്ഷണങ്ങളും തിരികെ കൊണ്ടുവരും.ഈ ആശയം മുന്നോട്ടു വെച്ചു കൊണ്ട് ഡോ എം.എസ്. സ്വാമിനാഥൻ രചിച്ച ‘ഇൻ സെർച്ച് ഓഫ് ബയോഹാപ്പിനെസ്: ബയോഡൈവേഴ്‌സിറ്റി ആൻഡ് ഫുഡ്, ഹെൽത്ത് ആൻഡ് ലൈവ്‌ലിഹുഡ് സെക്യൂരിറ്റി’ എന്ന പുസ്തകത്തിൻ്റെ ആദ്യ പതിപ്പ് 2011 മാർച്ച് 22 ന് പ്രസിദ്ധീകരിച്ചു.ജന്മശതാബ്ദിയുടെ ഭാഗമായി രാജ്യമെമ്പാടും ഗ്രാമീണ ബയോഹാപ്പിനെസ്സ് സെൻ്ററുകൾ തുടങ്ങും.പ്രാദേശിക ജൈവവൈവിധ്യം സംരക്ഷിച്ചു കൊണ്ട് സുസ്ഥിര കൃഷി രീതികളിലൂടെ “നിത്യഹരിത വിപ്ലവം” നടപ്പാക്കണമെന്ന ഡോ. സ്വാമിനാഥൻ്റെ ആശയമാണ് ഗ്രാമീണ ജൈവാനന്ദ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലൂടെ നടപ്പാകുന്നത്.പ്രാദേശിക ജൈവവൈവിധ്യം ഉപയോഗപ്പെടുത്തി ഭക്ഷണം, ആരോഗ്യം, ഉപജീവന സുരക്ഷ എന്നിവ ഉറപ്പാക്കുന്ന സാമൂഹികാധിഷ്ഠിത കേന്ദ്രങ്ങളാണ് ഗ്രാമീണ ജൈവാനന്ദ കേന്ദ്രങ്ങൾ.

1972 ഫെബ്രുവരി 26 ന് കാർഷിക സർവ്വകലാശാലയുടെ ഉദ്ഘാടന വേളയിൽ.ഉദ്ഘാടകൻ ഗവർണർ വി വിശ്വനാഥൻ. മുഖ്യമന്ത്രി സി അച്യുതമേനോൻ, കൃഷി മന്ത്രി വക്കം പുരുഷോത്തമൻ എന്നിവർക്കൊപ്പം ഡോ എം എസ് വിശ്വനാഥൻ.

ടൈം മാസിക ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തരായ 15 ഏഷ്യക്കാരിൽ ഒരാളായി ഡോ സ്വാമിനാഥനെ തിരഞ്ഞെടുത്തു. പട്ടികയിൽ ഇടം നേടിയ മൂന്ന് ഇന്ത്യക്കാരിൽ മറ്റ് രണ്ട് പേർ മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറുമായിരുന്നു. 84 സർവ്വകലാശാലകൾ ഹോണററി ഡോക്ടറേറ്റ് നൽകിയ ഡോ സ്വാമിനാഥനെ ആദരിച്ചു.1961 മുതൽ 72 വരെ ഇന്ത്യയിലെ ഏറ്റവും പ്രശസ്ത കാർഷിക ഗവേഷണ സ്ഥാപനമായ ന്യൂ ഡെൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിട്യൂട്ടിൻ്റെ ഡയറക്ടറായിരുന്നു.1972 മുതൽ 79 വരെ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഡയറക്ടർ ജനറലായിരുന്നു. 1979-80 ൽ കേന്ദ്ര പ്രിൻസിപ്പൽ സെക്രട്ടറിയായി.1980 – 82 ൽ കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗവും ഡെപ്യൂട്ടി ചെയർമാനുമായി, 1982 മുതൽ 88 വരെ മനിലയിലെ അന്താരാഷ്ട്ര നെല്ലു ഗവേഷണ കേന്ദ്രം ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ചു.1981-85 ൽ ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ കൗൺസിൽ അധ്യക്ഷനായിരുന്നു.1984- 90 ൽ ഐ യു സി എൻ എൻ അധ്യക്ഷനായിരുന്നു.

പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 2023 സെപ്തംബർ 28ന് അന്തരിച്ച അദ്ദേഹത്തിന് 2024 ൽ മരണാന്തര ബഹുമതിയായി രാജ്യം ഭാരതരത്ന നൽകി ആദരിച്ചു.1986 ൽ ആൽബർട്ട് ഐൻസ്റ്റീൻ ലോക സയൻസ്‌ പുരസ്ക്കാരം നേടി.1971 ൽ മാഗ്സെസെ അവാർഡും 2000-ൽ ഇന്ദിരാഗാന്ധി സമാധാന സമ്മാനവും തേടിയെത്തി.2000-ൽ തന്നെ യുണെസ്കോയുടെ മഹാത്മാ ഗാന്ധി അവാർഡും ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ് ഫ്രീഡം മെഡലും നേടി. 2007-ൽ ലാൽ ബഹദൂർ ശാസ്ത്രി ദേശീയ അവാർഡ് സമ്മാനിക്കപ്പെട്ടു.2007 മുതൽ 2013 വരെ രാജ്യസഭാ അംഗമായിരുന്നു ഡോ സ്വാമിനാഥൻ.1987ൽ കാർഷികരംഗത്തെ നോബൽ സമ്മാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വേൾഡ് ഫുഡ് പ്രൈസ് നേടി. സമ്മാനത്തുക ചെന്നൈയിൽ ഡോ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കാനായി വിനിയോഗിച്ചു. സുസ്ഥിര കാർഷിക വികസനം, ജൈവ വൈവിധ്യ സംരക്ഷണം.കാർഷിക വനിതകളുടെ പ്രത്യേക പ്രശ്നങ്ങൾ, കൃഷിയുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ സംരക്ഷണം,നിത്യ ഹരിതവിപ്ലവം, ബയോഹാപ്പിനെസ്സ് തുടങ്ങിയ മേഖലകളിൽ ഡോ സ്വാമിനാഥൻ തുടങ്ങി വെച്ച പ്രവർത്തനങ്ങൾ ഇന്ന് മുന്നോട്ടു കൊണ്ടു പോകുന്നത് ചെന്നൈയിലെ ഡോ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനാണ്.അദ്ദേഹത്തിൻ്റെ മകൾ ഡോ സൗമ്യ സ്വാമിനാഥനാണ് ഫൗണ്ടേഷൻ്റെ ഇപ്പോഴത്തെ ചെയർപേഴ്സൺ.

ഡോ ജോസ് ജോസഫ്

Latest Stories

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി