വിവിധ സംസ്ഥാനങ്ങളിലെ സഖ്യചര്‍ച്ചകള്‍ പൊളിച്ചതിനു പിന്നില്‍ എ. കെ ആന്റണിയുടെ അതിബുദ്ധി, യു.പി.എ നഷ്ടപ്പെടുത്തിയത് ഇരുപതോളം സീറ്റുകള്‍

ബിന്‍ഷ ദാസ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യരൂപീകരണത്തിന്റെ ചുമതലയുളള കോണ്‍ഗ്രസിലെ പ്രധാനിയായിരുന്നു എ. കെ ആന്റണി. പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബിജെപിയെ തറ പറ്റിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സംസ്ഥാനങ്ങളില്‍ എന്തു വിട്ടുവീഴ്ച്ച ചെയ്തും സഖ്യമുണ്ടാക്കണം എന്ന തീരുമാനം കോണ്‍ഗ്രസ് എടുത്തത്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി, ഉത്തര്‍പ്രദേശില്‍ എസ് പി – ബിഎസ്പി ഹരിയാനയില്‍ ജനനായക് ജനതാ പാര്‍ട്ടി എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലെ ചെറുതും വലുതുമായ പാര്‍ട്ടികളുമായി സഹകരിക്കാനായിരുന്നു തീരുമാനം.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന അതേ പ്രതിസന്ധി യുപിയില്‍ നേരിടുന്ന എസ് പിയും ബി എസ് പിയും ഉപാധികളില്ലാതെയായിരുന്നു കോണ്‍ഗ്രസ് നിര്‍ദ്ദേശം പരിഗണിച്ചത്. യോഗി അദിത്യനാഥ് വന്‍ ഭൂരിപക്ഷം നേടി സംസ്ഥാന ഭരണം പിടിച്ച ശേഷം നടന്ന രണ്ട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിലും ഒരുമിച്ചു നിന്ന് വിജയം വരിച്ചതോടെ സഖ്യരൂപീകരണത്തിന് ഇരുപാര്‍ട്ടികള്‍ക്കും വര്‍ദ്ധിച്ച ആവേശവുമുണ്ടായി. സോണിയ ഗാന്ധിക്ക് വേണ്ടി റായ്ബറേലിയും രാഹുല്‍ ഗാന്ധിക്ക് വേണ്ടി അമേഠിയും ഒഴിച്ചിടുക വരെ ചെയ്തു മായാവതിയും അഖിലേഷ് യാദവും. പക്ഷെ ആന്റണി അടക്കമുള്ളവരുടെ തലയില്‍ അവസാനമുദിച്ച അതിബുദ്ധിയായ “പ്രിയങ്ക കാര്‍ഡോ”ടെ യുപിയുടെ കാര്യം കലങ്ങി മറിയുകയായിരുന്നു. ഫലത്തില്‍ കോണ്‍ഗ്രസിന് അമേഠിയെ പോലും രക്ഷിക്കാനായില്ല.

ഭരണവിരുദ്ധ വികാരത്തെ അതിദേശീയതയും തീവ്ര ഹിന്ദുത്വവും കൊണ്ട് വടക്കേ ഇന്ത്യയാകെ മറികടന്ന മോദിയുടെ തന്ത്രത്തിന് മുന്നില്‍ അത്ഭുതങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. എങ്കിലും ശക്തമായ ത്രികോണ മത്സരം നടന്ന ഉത്തര്‍പ്രദേശിലെ അര ഡസന്‍ മണ്ഡലങ്ങളിലെങ്കിലും സഖ്യത്തിന് വിജയം നേടാമായിരുന്നു. അപ്രതീക്ഷിതമായി പ്രിയങ്കയെ യുപിയിലിറക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളില്‍ പ്രധാനിയാണ് എ കെ ആന്റണി. ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമ്പോള്‍ ആ തിരക്കില്‍ ജനം പഴയതു പോലെ കോണ്‍ഗ്രസിനെ തുണയ്ക്കുമെന്നും അങ്ങിനെ പരീക്ഷ കയറിക്കുടുമ്പോള്‍ സര്‍ക്കാരുണ്ടാക്കണമെങ്കില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് പരമാവധി സീറ്റ് വേണമെന്ന അതിബുദ്ധിയാണ് ഇവിടെ വിനയായത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏതാണ്ട് ഉറപ്പാക്കിയ “തൂക്കുമുന്നണി”യുണ്ടാകുമ്പോള്‍ മായാവതി, മമതാ ബാനര്‍ജി, അഖിലേഷ് യാദവ് അടക്കമുള്ളവരുടെ വിലപേശല്‍ ശക്തി ക്ഷയിപ്പിക്കുക എന്ന തന്ത്രമായിരുന്നു ഇതിന്റെ പിന്നില്‍.

ഡല്‍ഹിയിലും ആം ആദ്മിയുമായി ഒരുമിച്ച് മത്സരിച്ചിരുന്നെങ്കില്‍ ഏഴില്‍ ആറു സീറ്റും പിടിച്ചെടുക്കാമായിരുന്ന സാഹചര്യമാണ് കോണ്‍ഗ്രസ് ഇവിടെ തകര്‍ത്തു കളഞ്ഞത്. ഡല്‍ഹിയില്‍ സഖ്യം ചേരണമെങ്കില്‍ അയല്‍ സംസ്ഥാനമായ ഹരിയാനയിലും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യമാണ് ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാള്‍ ഉന്നയിച്ചത്.ഹരിയാനയില്‍ ഒരു സീറ്റെങ്കിലും നല്‍കിയുള്ള സഖ്യം പോലും പരിഗണിക്കാന്‍ കെജരിവാള്‍ തയ്യാറുമായിരുന്നു. എന്നാല്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദിക്ഷിതിന്റെ പിടിവാശിയില്‍ അതും ഇല്ലാതായി. ഇതോടെ ഡല്‍ഹിയില്‍ ഏഴു സീറ്റും ഹരിയാനയിലെ എല്ലാ സീറ്റുകളും ബിജെപി സ്വന്തമാക്കി. ഹരിയാനയില്‍ അത്യാവശ്യം ജനപിന്തുണയുള്ള ചെറുപാര്‍ട്ടിയായിരുന്നു ജനനായക് ജനതാ പാര്‍ട്ടി. ഇവര്‍ സഖ്യത്തിന് തയ്യാറായിരുന്നുവെങ്കിലും കോണ്‍ഗ്രസ് പിടികൊടുത്തില്ല.

ഫലത്തില്‍ പല സ്ഥലത്തും ചതുഷ്‌കോണ മത്സരമായിരുന്നു. ഇത് ബിജെപി വിജയം അനായാസമാക്കി. ബംഗാളില്‍ സിപി എമ്മുമായി സഹകരിച്ചിരുന്നെങ്കില്‍ രണ്ട് പാര്‍ട്ടികള്‍ക്കും സിറ്റിംഗ് സീറ്റുകളെങ്കിലും സംരക്ഷിക്കാമായിരുന്നു. (സി പി എം-2,കോണ്‍ഗ്രസ് -4). കോണ്‍ഗ്രസ് ദുര്‍വാശി കാണിച്ചപ്പോള്‍ രണ്ട് പാര്‍ട്ടികളും “സംപൂജ്യ”രായി. ഈ സീറ്റുകള്‍ ബിജെപി കൈക്കലാക്കുകയും ചെയ്തു. ചുരുങ്ങിയത് 20 സീറ്റുകളെങ്കിലും ബിജെപിയില്‍ നിന്ന് തിരിച്ച് പിടിക്കാവുന്ന സാഹചര്യമാണ് കോണ്‍ഗ്രസിന്റെ അതിബുദ്ധി കൊണ്ട് പരാജയപ്പെട്ടത്.

മുമ്പ് 2013 ല്‍ രണ്ടാം യുപിഎ അധികാരം വിട്ടൊഴിയുമ്പോഴും ഇത്തരം അതിബുദ്ധി കോണ്‍ഗ്രസ് കാണിച്ചിരുന്നു. 2013 ല്‍ അധികാരം വിട്ടൊഴിയുമ്പോള്‍ യു പി എ രണ്ടാം സര്‍ക്കാര്‍ ചരിത്രപരമായ വലിയ വിഡ്ഢിത്തമാണ് കാണിച്ചത്. ആന്ധ്രാവിഭജനം. കോണ്‍ഗ്രസിന് പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടാകാത്ത ആ തിരുമാനമെടുത്തതിന് പാര്‍ട്ടിക്ക് അന്ന് നഷ്ടമായത് ആന്ധ്രയും തെലങ്കാനയുമാണ്. ആന്ധ്രാവിഭജനത്തെ അനുകൂലിച്ചവരും എതിര്‍ത്തവരും ഒടുവില്‍ കോണ്‍ഗ്രസിനെതിരായി. മാസങ്ങള്‍ക്കകം അവരെല്ലാം -തെലുങ്ക് ദേശം പാര്‍ട്ടിയും ടിഡിപിയും തെലങ്കാന രാഷ്ട്രീയ സമിതിയും ബിജെപി പാളയത്തിലായി. ചന്ദ്രബാബു നായിഡുവും ചന്ദ്രശേഖര റാവുവും ബിജെപി പാളയത്തില്‍ ചേക്കേറുകയും ചെയ്തു. ജഗന്‍ മോഹന്‍ റെഡ്ഡി കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.

ഫലത്തില്‍ കോണ്‍ഗ്രസിന് തെക്കേ ഇന്ത്യയില്‍ നഷ്ടപ്പെട്ടത് നാല്‍പതോളം സീറ്റുകളുള്ള ഒരു വലിയ സംസ്ഥാനമാണ്. സബ്‌സിഡിയുള്ള ഗ്യാസ് സിലണ്ടറുകളുടെ എണ്ണം കുറച്ചതടക്കമുള്ള ധനമന്ത്രി പി ചിദംബരത്തിന്റെ പൊടിക്കൈകളും ഒക്കെ ചേര്‍ന്ന് പരാജയം സമ്മതിച്ച അവസ്ഥയിലാണ് അന്ന് രണ്ടാം “യു പി എ” കളം വിട്ടത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക