എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട ഉയരങ്ങളില്‍ എങ്ങും എത്താനാവാതെ, എവിടെയോ മറഞ്ഞു പോയവന്റെ സ്വപ്നതുല്യമായ തിരിച്ചുവരവ് കൂടിയാണ് ഈ കോപ്പ

കാല്‍പന്തിന് പുറകെയുള്ള ഭ്രാന്തമായ സ്വപ്നാടങ്ങളില്‍ എപ്പഴോ, റൊണാള്‍ഡോയും, റിവാള്‍ഡോയും, റൊണാള്‍ഡീഞ്ഞൊയും, കാര്‍ലോസുമൊക്കെ കോറിയിട്ട മനസിലെ പീതവര്‍ണ്ണം മാഞ്ഞുപോകുകയും, അവിടേയ്ക്ക്, ഗഗന സീമകളുടെ നീലയും-വെള്ളയും ആഴത്തില്‍ ആലേഖനം ചെയ്യപ്പെടുകയും ചെയ്തത്, നീളന്‍ മുടിയിഴകളുള്ള, നക്ഷത്രകണ്ണുകളുള്ള ലിയോ രാജകുമാരനെ ആ കുപ്പായത്തില്‍ കണ്ട നാള്‍ മുതലായിരുന്നു.

പിന്നീടങ്ങോട്ട് ആയാള്‍ക്കൊപ്പം, കണ്ണീരിലും വിയര്‍പ്പിലും കുതിര്‍ന്നു നനഞ്ഞിറ്റിയ ഹൃദയവുമായി നടത്തിയ പ്രയാണങ്ങളെക്കാള്‍, തീവ്രമായി മറ്റൊന്നുമില്ലായിരുന്നു. അയാള്‍ക്ക് പൊള്ളിയപ്പോള്‍ ഒപ്പം പൊള്ളിയും, അയാള്‍ കരഞ്ഞപ്പോള്‍ ഒപ്പം കരഞ്ഞും, അയാള്‍ ഹതാശനായപ്പോള്‍, അയാളോളം ഹതാശനായും സ്വയം അയാളായി മാറിയൊരു യാത്ര.

ആല്‍ബിസെലസ്റ്റുകളുടെ കുപ്പായത്തില്‍ അയാള്‍ കളിക്കാനിറങ്ങിയ ഓരോ ഫൈനലിന് മുമ്പും, എന്റെ ഹൃദയമിടിച്ച പ്രവേഗത്തില്‍, പിന്നീടൊരിക്കലും ഹൃദയമിടിച്ചു കാണുകയില്ല… ആ നിമിഷങ്ങളിലെ എന്റെ രക്തസമ്മര്‍ദ്ദമളന്ന സ്പിഗ്മമനോമീറ്ററിലെ മെര്‍ക്കുറി, പിന്നീടൊരിക്കലും അതുപോലെ ഉയര്‍ന്നിരിക്കില്ല…

‘അന്നാമ്മോ, ഇന്നെങ്കിലും നമ്മുടെ പാര്‍ട്ടി ജയിക്കുമോടി!’, എന്ന് അത്രമേല്‍ ആര്‍ദ്രമായി പിന്നീടൊരിക്കലും അവളോട് ചോദിച്ചു കാണുകയില്ല… ജീവിതത്തില്‍ ആദ്യമായി, അത്തരം യാതൊരു വികാരവിക്ഷോപങ്ങളുമില്ലാത്ത, അയാള്‍ കളിക്കുന്നൊരു ഫൈനലിനു മുമ്പുള്ള നിമിഷങ്ങങ്ങളാണ് കടന്നു പോകുന്നത്. ലയണല്‍ ആന്ദ്രേസ് മെസ്സി സിംഹാസനാരൂഡനായ ലുസൈയിലിലെ ആ രാത്രി എന്റെ കാമനകളെ അത്രമേല്‍ തൃപ്തമാക്കിയിരിക്കുന്നു…….

കാല്‍പന്തിനെ പ്രണയിച്ച എന്നിലെ കാമുകന്‍ പ്രണയത്തിന്റെ നീഹാരാര്‍ദ്ര മഹാദ്രികളില്‍ എപ്പഴേ ചുംബിച്ചു കഴിഞ്ഞിരിക്കുന്നു.. അയാളുടെ നേട്ടങ്ങളോ, നഷ്ടങ്ങളോ ഇനിയങ്ങോട്ട് എന്നെ ഉദ്ധീപിപ്പിക്കാത്ത വിധം അയാള്‍ എന്നെ അത്രമേല്‍ പൂര്‍ണ്ണനാക്കിയിരിക്കുന്നു..

പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തരേന്ത്യയിലെ തണുപ്പുള്ളയൊരു രാത്രിയില്‍ കണ്ട, മനസില്‍ വീണ്ടും പീതപുഷ്പങ്ങളുടെ വസന്തങ്ങള്‍ ഉണര്‍ത്തിയൊരു കാഴ്ച ഇന്നും ഒളിമങ്ങാതെ അതു പോലെയുണ്ട്. ആ മഞ്ഞകുപ്പായക്കാരന്‍ പക്ഷെ ബ്രസീലുകാരന്‍ ആയിരുന്നില്ല. വാരകള്‍ക്ക് അകലെ നിന്നും ഉയര്‍ന്നിറങ്ങിയ പന്തിനെ തന്റെ ഇടം നെഞ്ചുക്കൊണ്ട് ഇടം കാലിലേക്ക് സ്വീകരിച്ച്, ഉറുഗിയന്‍ ഗോള്‍ വലയിലേക്ക് അവന്‍ ഉതിര്‍ത്തൊരു ഷോട്ട്. ഒറ്റ ഷോട്ടു കൊണ്ട് അവനെ ഞാന്‍ പ്രണയിച്ചു പോയി! ഹാമസ് റോഡ്രിഗസ്സ്…!

എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട ഉയരങ്ങളില്‍ എങ്ങും എത്താനാവാതെ, എവിടെയോ മറഞ്ഞു പോയ അവന്റെ സ്വപ്നതുല്യമായ തിരിച്ചുവരവ് കൂടിയാണ് ഈ കോപ്പ. ഖത്തറിലെ ലിയോയെപ്പോലെ, അവന്റെ ഹൃദയ താളങ്ങള്‍ക്കൊപ്പം ചുവടുവെച്ചാണ് കൊളംബിയ, കോപ്പയുടെ ഫൈനലില്‍ എത്തിയിരിക്കുന്നത്.
ഈ രാത്രി ഇരുട്ടി വെളുക്കുമ്പോള്‍, മിശിഹ തന്റെ കിരീടം അവന് കൈമാറിയാലും, എന്റെ ഹൃദയം കൂടുതല്‍ ശോണിതമാവുകയേയുള്ളു… ഞാന്‍ കൂടുതല്‍ ഉദ്ഗാഢത്തോടെ കാല്‍പന്തിനെ ആ ഹൃദയത്തോടു ചേര്‍ത്തു വെയ്ക്കുകമാത്രമേ ചെയ്യുകയൊള്ളു

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ