ഇന്ന് നടന്ന ഫിഫ ലോകകപ്പ് ഗ്രൂപ്പ് സി മത്സരത്തിൽ ബ്രസീല്‍ – മൊറോക്കോ പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഇസ്മായില്‍ സായ്ബാരിയിലൂടെ മൊറോക്കോയാണ് ഗോൾ നേടിയത്. 21-ാം മിനിറ്റിലായിരുന്നു ഗോൾ.
സ്വന്തം ഹാഫിൽ നിന്ന് പന്ത് ലഭിച്ച ബ്രാഹിം ഡിയാസ് നൽകിയ ത്രൂബോളാണ് ഗോളിന് വഴിയൊരുക്കിയത്. ബ്രസീൽ ഡിഫൻഡർ ഗബ്രിയേലിന് യാതൊരു അവസരവും കൊടുക്കാതെ പന്ത് സ്വീകരിച്ച ഇസ്മായിൽ സായ്ബാറി ഗോളി ആലിസന്റെ തലയ്ക്ക് മുകളിലൂടെ പന്ത് ലോബ് ചെയ്ത് വലയിലാക്കുകയായിരുന്നു.
എന്നാൽ പത്ത് മിനിട്ടുകൾക്ക് ശേഷം വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീല്‍ സമനില പിടിക്കുകയായിരുന്നു. ബ്രൂണോ ഗിമാറസുമൊത്തുള്ള മികച്ചൊരു നീക്കത്തിനൊടുവിൽ ഇടതു വിങ്ങിൽ നിന്ന് പന്തുമായി ബോക്‌സിലേക്ക് കയറിയ വിനീഷ്യസ് അസാധ്യമായ ആംഗിളിൽ നിന്നടിച്ച പന്ത് മൊറോക്കൻ വലയിൽ കയറുകയായിരുന്നു.
ഗോൾ നേടിയതല്ലാതെ മത്സരത്തിൽ ബ്രസീൽ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. മത്സരത്തിന്റെ ഭൂരിഭാഗവും മൊറോക്കോയുടെ കൈകളിലായിരുന്നു. നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചുവെന്നാണ് ആരാധകരുടെ വിലയിരുത്തൽ.