പോർച്ചുഗൽ ക്ലബ് എഫ് സി പോർട്ടോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഇന്റർ മയാമിക്ക് ക്ലബ് ലോകകപ്പിലെ ആദ്യ ജയം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസിയും ഇന്റർ മയാമിക്കായി ഗോൾ നേടി. ആദ്യ പകുതിയിൽ എഫ് സി പോർട്ടോയാണ് കളിയിൽ മുന്നിൽ എത്തിയതെങ്കിലും പിന്നീട് രണ്ട് ഗോളുകൾ അടിച്ച് ഇന്റർ മയാമി തിരിച്ചുവരുകയായിരുന്നു. എട്ടാം മിനിറ്റിൽ എഫ് സി പോർട്ടോയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ടീമിനായി സാമുവൽ അഘെഹോവ ലക്ഷ്യം കണ്ടു. തുടർന്ന് പോർട്ടോയ്ക്ക് ഒപ്പം എത്താൻ ഇന്റർമയാമി നീക്കങ്ങൾ നടത്തിയെങ്കിലും ആദ്യ പകുതിയിൽ ഗോളൊന്നും നേടാൻ സാധിച്ചില്ല.
പിന്നീട് രണ്ടാം പകുതിയിലാണ് മെസ്സിയും സംഘവും തിരിച്ചടിച്ചത്. ടെലാസ്കോ സെഗോവിയയുടെ ഗോളിലൂടെയാണ് ഇന്റർ മയാമി ഒപ്പത്തിനൊപ്പം എത്തിയത്. 47ാം മിനിറ്റിലായിരുന്നു സെഗോവിയയുടെ ഗോൾ. തൊട്ടുപിന്നാലെ 54-ാം മിനിറ്റിൽ മെസിയുടെ ഗോളും വന്നു. ഡിബോക്സിന് പുറത്ത് ലഭിച്ച ഫ്രീകിക്ക് തന്റെ ഇടംകാൽ ഷോട്ടിലൂടെ മെസ്സി എഫ് സി പോർട്ടോയുടെ വലയിലാക്കി. തുടർന്ന് തിരിച്ചടിക്കാൻ എഫ് സി പോർട്ടോ പല തവണ ശ്രമിച്ചെങ്കിലും അതെല്ലാം ഇന്റർ മയാമി ടീം തടയുകയായിരുന്നു. ഒടുവിൽ സമയം അവസാനിച്ചതോടെ ക്ലബ് ലോകകപ്പിലെ ഈ വർഷത്തെ ആദ്യ വിജയം മെസിയും സംഘവും നേടി.
ഇന്റർ മയാമിക്കായി ലയണൽ മെസി നേടുന്ന 50ാം ഗോൾ കൂടിയാണ് ഇന്നത്തെ കളിയിലുണ്ടായത്. 61- മത്സരങ്ങളിൽ നിന്നാണ് മെസി ഇത്രയും ഗോളുകൾ ഇന്റർ മയാമിക്കായി അടിച്ചത്. ഫുട്ബോൾ ചരിത്രത്തിൽ 1250 ഗോൾ സംഭാവനകൾ നൽകുന്ന ആദ്യ താരമാകാനും മെസ്സിക്ക് കഴിഞ്ഞു. 866 ഗോളുകളും 384 അസിസ്റ്റുകളും ഉൾപ്പെടെയാണ് ഇതിഹാസ താരത്തിന്റെ ചരിത്ര നേട്ടം. 1,107 മത്സരങ്ങളാണ് മെസ്സി തന്റെ കരിയറിൽ കളിച്ചിട്ടുള്ളത്.
ബ്രസീലിയിൻ ക്ലബ് എ ഇ പാൽമീറസുമായാണ് ക്ലബ് ലോകകപ്പിലെ ഇന്റർ മയാമിയുടെ അടുത്ത മത്സരം.