ക്ലബ് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ലയണൽ മെസിയുടെ ഇന്റർ മയാമിക്ക് സമനില തുടക്കം. ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്ലിയാണ് ഇന്റർ മയാമിയെ ഗോൽരഹിത സമനിലയിൽ തളച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ അൽ അഹ്ലിക്ക് ലഭിച്ച പെനാൽറ്റി ഇന്റർ മയാമിയുടെ അർജന്റീന ഗോൾകീപ്പർ ഓസ്കർ ഉസാരി തടുത്തിട്ടിരുന്നു. പിന്നീട് കളിയുടെ അവസാന ഘട്ടത്തിൽ ലയണൽ മെസി അടിച്ച ഗോൾ എന്നുറപ്പിച്ച ഷോട്ട് അൽ അഹ്ലി ഗോൾകീപ്പർ തടഞ്ഞിട്ടത് ഇന്റർ മയാമിയുടെ വിജയപ്രതീക്ഷ ഇല്ലാതാക്കി.
ഗോൾ നേടാൻ സാധിച്ചില്ലെങ്കിലും മത്സരത്തിലുടനീളം കളംനിറഞ്ഞാണ് മെസി കളിച്ചത്. ഇരുടീമുകളിലെയും ഗോൾകീപ്പർമാർ മികച്ച പ്രകടനം കളിയിൽ പുറത്തെടുത്തു. മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചതോടെ ഇന്റർമയാമിയും അൽ അഹ്ലിയും ഓരോ പോയിന്റ് പങ്കിട്ടു. പോർട്ടോയ്ക്കെതിരെ അടുത്ത വ്യാഴാഴ്ച അറ്റ്ലാന്റയിലാണ് മെസിയുടെയും ടീമിന്റെയും അടുത്ത മത്സരം.
മെസിക്കൊപ്പം ലൂയിസ് സുവാരസും സെർജിയോ ബുസ്കറ്റ്സും ജോർഡി ആൽബയുമെല്ലം ഇന്റർ മയാമി ഇലവനിലുണ്ടായിരുന്നു. ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗിലെ മുൻനിര ക്ലബുകളിലൊന്നാണ് അൽ അഹ്ലിയ. യുഎസിലെ 11 നഗരങ്ങളിലായിട്ടാണ് ഇത്തവണ ക്ലബ് ലോകകപ്പ് നടക്കുന്നത്. ക്ലബ് ലോകകപ്പിന്റെ 21ാമത് എഡിഷനിൽ 32 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ജൂലൈ 15 വരെ നടക്കുന്ന ടൂർണമെന്റിൽ 63 മത്സരങ്ങളാണ് ഉണ്ടാവുക.