വീണ്ടും ചരിത്രം തിരുത്തി ഫുട്‍ബോളിന്റെ മിശിഹാ. ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ജെ യിൽ ഓസ്ട്രിയയെ തകർത്ത് അർജന്റീന. സൂപ്പർ താരം ലയണൽ മെസി നേടിയ ഇരട്ട ഗോളിനാണ് അർജന്റീന ജയിച്ചത്. 38ാ-ം മിനിറ്റില്‍ മെദീനയുടെ അസിസ്റ്റില്‍ ബോക്സിനകത്തു നിന്നായിരുന്നു ആദ്യ ഗോൾ.
ഈ ഗോളോടെ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകളെന്ന സർവ്വകാല റെക്കോർഡ് തകര്‍ത്തു. ലോകകപ്പിലെ മെസിയുടെ പതിനെട്ടാം ഗോളാണ് ഓസ്ട്രിയക്കെതിരെ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിലായിരുന്നു രണ്ടാം ഗോൾ. മത്സരശേഷം ലയണൽ മെസ്സി സംസാരിച്ചു.
‘ഇന്നത്തെ മത്സരം ഞാൻ നന്നായി ആസ്വദിച്ചാണ് കളിച്ചത്. പക്ഷെ പെനാൽറ്റി പാഴാക്കിയതിൽ ഞാൻ അസ്വസ്ഥനായിരുന്നു. എന്നാൽ നമുക്ക് അനുകൂലമാകും വിധം കാര്യങ്ങൾ മാറി മറിഞ്ഞു’ മെസ്സി പറഞ്ഞു.
ജയത്തോടെ അർജന്റീന റൗണ്ട് ഓഫ് 32 ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തിരുന്നു. ആ മത്സരത്തിൽ മൂന്ന് ഗോളും നേടിയത് മെസിയായിരുന്നു.