അടുത്ത വർഷം നടക്കാൻ പോകുന്ന ഫിഫ ലോകകപ്പിനായുള്ള യോഗ്യത മത്സരത്തിൽ പോർച്ചുഗൽ നിർണായക ഘട്ടത്തിൽ. ഇന്ന് നടന്ന മത്സരത്തിൽ അയർലണ്ടിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരിക്കുകയാണ് പോർച്ചുഗൽ. കൂടതെ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചുവപ്പ് കാർഡും ലഭിച്ചു.
ചുവപ്പുകാർഡ് കണ്ട റൊണാൾഡോയ്ക്ക് അടുത്ത മത്സരം നഷ്ടമാകും. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർമേനിയയ്ക്കെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം.
പോർച്ചുഗലിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് അയർലാൻഡ് രണ്ട് ഗോളുകളും നേടിയത്. 17, 45 മിനിറ്റുകളിൽ ട്രോയി പാരോറ്റ് ഐറീഷ് പടയ്ക്കായി വലകുലുക്കി. രണ്ടാം പകുതിയിൽ 60-ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചുവപ്പുകാർഡ് കണ്ടു പുറത്തായി. അയർലാൻഡ് താരം ദാര ഒ’ഷിയയെ കൈമുട്ടുകൊണ്ട് തട്ടിയിട്ടതിനാണ് റൊണാൾഡോയ്ക്ക് ചുവപ്പുകാർഡ് ലഭിച്ചത്. ആദ്യം മഞ്ഞ കാർഡാണ് താരത്തിന് ലഭിച്ചതെങ്കിലും വാർ പരിശോധനയ്ക്ക് ശേഷം കാർഡ് ചുവപ്പായി.
അയർലൻഡിനെതിരായ പരാജയത്തോടെ അർമേനിയയ്ക്കെതിരായ അവസാന മത്സരം പോർച്ചുഗലിന് ലോകകപ്പ് യോഗ്യത നേടുന്നതിൽ നിർണായകമായി. നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു സമനിലയും ഒരു തോൽവിയുമുള്ള പോർച്ചുഗൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ പോർച്ചുഗൽ അടുത്ത മത്സരം അർമേനിയയോട് പരാജയപ്പെടുകയും ഹങ്കറി അയർലൻഡിനോട് വിജയിക്കുകയും ചെയ്താൽ കാര്യങ്ങൾ മാറിമറിയും.