ഇന്ത്യന്‍ ടി20 ടീമില്‍ വീണ്ടും അവസരങ്ങള്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ വിമർശിച്ചും മടങ്ങിവരവിൽ തിളങ്ങാത്ത ശുഭ്മാൻ ഗില്ലിനെ പിന്തുണച്ചും ഇന്ത്യൻ മുൻ പേസർ സഹീർ ഖാൻ. ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ടു ടി20കളിലും ഇന്ത്യന്‍ പ്ലെയിംഗ് ഇലവന്റെ ഭാഗമായിരുന്ന സഞ്ജു എന്നാല്‍ മൂന്നാമങ്കത്തില്‍ പുറത്തായിരുന്നു. ഇതിനുപുറമേ ടി20 ടീമിലേക്ക് ഗിൽ മടങ്ങിയെത്തിയപ്പോൾ സഞ്ജുവിനെ ഓപ്പണിംഗ് സ്ഥാനവും നഷ്ടമായിരുന്നു.
സെലക്ഷന്‍ പാനല്‍ എങ്ങനെയാണ് കാര്യങ്ങളെ നോക്കിക്കാണുന്നതെന്നാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ശുഭ്മന്‍ ഗില്ലിലേക്കു അവര്‍ നോക്കുമ്പോള്‍ അവരുടെ പ്ലാനിങ് ഭാവിയിലേക്കാണ്. സഞ്ജു സാംസണിന്റെ കാര്യമെടുക്കുമ്പോള്‍ ഇപ്പോഴത്തെ നീക്കങ്ങള്‍ അദ്ദേഹത്തിനു എതിരായിരിക്കാം. പക്ഷെ പ്രായം ഇപ്പോള്‍ സഞ്ജുവിന്റെ ഭാഗത്തല്ല.
ഇനി ടി20യില്‍ അദ്ദേഹത്തിന്റെ നമ്പറുകളിലേക്കു നോക്കൂ. അതു വളരെ മികച്ചതായിട്ടാണ് കാണപ്പെടുന്നത്. പക്ഷെ ബാറ്റിംഗ് സ്ഥിരതയുടെ കാര്യത്തിലേക്കു വരുമ്പോള്‍ അതു അത്ര മികച്ചതല്ലെന്നു കാണാം. ഓപ്പണറായി 13 ഇന്നിങ്‌സില്‍ 412-413 (417) റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്നു സെഞ്ച്വറികളും ഉള്‍പ്പെടും.
നിങ്ങള്‍ ഈ കണക്കുകള്‍ കുറേക്കൂടി ആഴത്തില്‍ പരിശോധിക്കുമ്പോള്‍ ഒരു കാര്യം വളരെ വ്യക്തമാണ്. ആ മൂന്നു സെഞ്ച്വറികള്‍ മാറ്റി നിര്‍ത്തിയാല്‍ ശേഷിച്ച 10 ഇന്നിംഗ്സുകളിലുമായി താരത്തിന് നേടാനായത് 100 റണ്‍സ് മാത്രമാണ്. യശസ്വി ജയ്‌സ്വാള്‍ ഇപ്പോള്‍ ടീമിലുമില്ല. പ്ലെയിംഗ് ഇലവനിനെ സ്ഥാനത്തിനു വേണ്ടി ഇപ്പോള്‍ വലിയ രീതിയിലുള്ള മല്‍സരമാണുള്ളത്- സഹീര്‍ ചൂണ്ടിക്കാട്ടി.
ശുഭ്മാന്‍ ഗില്ലിനെ അടുത്ത ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി വളര്‍ത്തിയെടുക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അവനു നിങ്ങള്‍ ടീമില്‍ ഇടം നല്‍കിയേ തീരൂ. ചെറിയ കാലത്തേക്കു നോക്കുമ്പോള്‍ ഇതു ചിലപ്പോള്‍ വെല്ലവിളി സൃഷ്ടിച്ചേക്കാം. എന്നാല്‍ ദീര്‍ഘകാലത്തേക്കാണ് പ്ലാനിങ്ങെങ്കില്‍ കാര്യങ്ങളെല്ലാം പ്രതീക്ഷിച്ചതു പോലെ വന്നാല്‍ അതു ടീമിനു ഗുണം ചെയ്യും- താരം കൂട്ടിച്ചേർത്തു.