2025 ലെ വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിന്റെ (WCL) ഫൈനലിൽ എബി ഡിവില്ലിയേഴ്‌സിന്റെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ പാകിസ്ഥാനെ പരിഹസിച്ച് ഇന്ത്യൻ മുൻ ഓൾറൗണ്ടർ സുരേഷ് റെയ്‌ന. ഇന്ത്യ ചാമ്പ്യൻസ് സെമി ഫൈനൽ കളിച്ചിരുന്നെങ്കിൽ പാകിസ്ഥാനെ എളുപ്പത്തിൽ തോൽപ്പിക്കുമായിരുന്നുവെന്ന് റെയ്ന അവകാശപ്പെട്ടു.
പാകിസ്ഥാൻ ചാമ്പ്യൻമാരോടുള്ള സെമി ഫൈനലിൽനിന്നും പിന്മാറിയതിനെ തുടർന്ന് സീസണിൽ നിന്ന് പുറത്തായ ഇന്ത്യ ചാമ്പ്യൻസ് ടീമിൽ റെയ്‌ന ഉണ്ടായിരുന്നു. ഇന്ത്യ പിന്മാറിയതോടെ കിരീട പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാകിസ്ഥാൻ ഫൈനലിലേക്ക് എതിരില്ലാതെ മുന്നേറി. നേരത്തെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരവും റദ്ദാക്കിയിരുന്നു.
WCL 2025 ഫൈനലിൽ ദക്ഷിണാഫ്രിക്ക വിജയിച്ചതിന് ശേഷം, എബി ഡിവില്ലിയേഴ്‌സിന്റെ പ്രകടനത്തെ സുരേഷ് റെയ്‌ന പ്രശംസിച്ചു. ദേശീയ താൽപ്പര്യം കണക്കിലെടുത്ത് ഇന്ത്യ മത്സരങ്ങളിൽ നിന്ന് പിന്മാറിയിരുന്നില്ലെങ്കിൽ അവരെ തകർക്കുമായിരുന്നെന്ന് പറഞ്ഞുകൊണ്ട് സുരേഷ് റെയ്‌ന പാകിസ്ഥാനെയും ലക്ഷ്യം വച്ചു.
“ഫൈനലിൽ ഡിവില്ലിയേഴ്സിന്റെ എന്തൊരു പ്രകടനമായിരുന്നു. അത് ശരിക്കും അവരെ തകർത്തു. ഞങ്ങൾ കളിച്ചിരുന്നെങ്കിൽ, ഞങ്ങൾ അവരെയും പരാജയപ്പെടുത്തുമായിരുന്നു. പക്ഷേ മറ്റെല്ലാത്തിനുമുപരി ഞങ്ങൾ ഞങ്ങളുടെ രാജ്യത്തെ തിരഞ്ഞെടുത്തു. അവർ ഉൾപ്പെടുന്ന ഒരു മത്സരത്തെയും പിന്തുണയ്ക്കാതെ ഉറച്ചുനിന്നവരോടും പൂർണ്ണ ബഹുമാനം. അതാണ് യഥാർത്ഥ വ്യക്തിത്വം,” സുരേഷ് റെയ്‌ന എക്‌സിൽ കുറിച്ചു.