ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര ഞായറാഴ്ച പെര്‍ത്തില്‍ ആരംഭിക്കുകയാണ്. മാസങ്ങള്‍ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും കടുത്ത പരിശീലനത്തിലാണ്. ഇപ്പോഴിതാ രോഹിത്തിനെയും വിരാടിനെയും കാണാനുള്ള ഓസ്ട്രേലിയന്‍ ആരാധകരുടെ അവസാന അവസരമായിരിക്കാം ഇതെന്ന് പറഞ്ഞിരിക്കുകയാണ് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്.
പാറ്റ് കമ്മിൻസ് പറയുന്നത് ഇങ്ങനെ:
” വിരാട് കോഹ്‌ലിയും രോഹിത് ശർമയും കഴിഞ്ഞ 15 വർഷമായി ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. ഓസ്‌ട്രേലിയയിലെ ആരാധകർക്ക് അവർ കളിക്കുന്നത് കാണാനുള്ള അവസാന അവസരമായിരിക്കാം ഈ പരമ്പര. അവര്‍ ഇന്ത്യയുടെ ചാമ്പ്യന്മാരാണ്. അവര്‍ക്ക് എപ്പോഴും മികച്ച പിന്തുണ ലഭിക്കുന്നു. ഞങ്ങള്‍ അവര്‍ക്കെതിരെ എവിടെ കളിച്ചാലും ആവേശം കൊണ്ട് കാണികളുടെ ശബ്ദം ഉയരാറുണ്ട്”
” ഇന്ത്യയ്‌ക്കെതിരായ വൈറ്റ് ബോള്‍ പരമ്പര നഷ്ടപ്പെടുന്നത് വളരെ നാണക്കേടാണ്. ഇന്ത്യയ്‌ക്കെതിരായ മത്സരം കാണാന്‍ വലിയ ജനക്കൂട്ടം തന്നെയുണ്ടാകും. ഓസ്‌ട്രേലിയയില്‍ ഇതിനോടകം തന്നെ വലിയ ആവേശം തുടങ്ങിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഒരു മത്സരം കളിക്കാതിരുന്നാല്‍ പോലും അത് വളരെ നിരാശപ്പെടുത്തും. അപ്പോള്‍ പരമ്പര തന്നെ കളിക്കാതിരിക്കന്നത് ഉള്‍ക്കൊള്ളാന്‍ പോലും വളരെ ബുദ്ധിമുട്ടായിരിക്കും”, കമ്മിന്‍സ് പറഞ്ഞു.