രോഹിത് ശർമ്മയെയും നിതീഷ് കുമാർ റെഡ്ഡിയെയും കുറിച്ച് ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് നടത്തിയ പരാമർശങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി മുൻ താരം പ്രിയങ്ക് പാഞ്ചാൽ. രാജ്‌കോട്ടിൽ ന്യൂസിലൻഡിനെതിരെ നടന്ന രണ്ടാം ഏകദിനത്തിന് ശേഷം ടെൻ ഡോഷേറ്റ് ഇരുവരെയും കുറിച്ച് നടത്തിുയ പരാമർശം ചർച്ചയായിരുന്നു.
ആദ്യ രണ്ട് ഏകദിനങ്ങളിലെ രോഹിത്തിന്റെ മോശം പ്രകടനത്തിന് കാരണം അദ്ദേഹത്തിന് ഫോം കണ്ടെത്താൻ സാധിക്കാത്തതാണെന്ന് ടെൻ ഡോഷേറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. നിതീഷ് റെഡ്ഡിയെ സംബന്ധിച്ചിടത്തോളം, രണ്ടാമത്തെ ഏകദിനത്തിൽ കഴിവ് തെളിയിക്കാൻ മികച്ച അവസരം ലഭിച്ചിട്ടും അത് മുതലാക്കാൻ ഓൾറൗണ്ടർക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.
അസിസ്റ്റന്റ് കോച്ചിന്റെ ഈ പ്രതികരണത്തിന് പിന്നാലെ, നെതർലൻഡ്‌സ് മുൻ താരം കൂടിയായ ടെൻ ഡോഷേറ്റിന്റെ വാക്കുകളിലെ പക്വതയില്ലായ്മയെ പാഞ്ചാൽ വിമർശിച്ചു. ഇന്ത്യൻ ക്രിക്കറ്റ് സംസ്കാരത്തെക്കുറിച്ചും ഇവിടുത്തെ രീതികളെക്കുറിച്ചുമുള്ള ധാരണക്കുറവാണ് വിദേശ കോച്ചുകൾക്ക് പലപ്പോഴും ഇന്ത്യൻ ടീമിനൊപ്പം വിജയിക്കാൻ കഴിയാത്തതിന് പ്രധാന കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“രോഹിത്തിനെയും നിതീഷിനെയും കുറിച്ച് ടെൻ ഡോഷേറ്റ് നടത്തിയത് വളരെ മോശം പരാമർശങ്ങളാണ്. വിദേശ പരിശീലകർ ഇന്ത്യയിൽ വിജയിക്കാത്തതിന് ഒരു കാരണമുണ്ട്. ഇവിടുത്തെ വ്യക്തിബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വേണ്ട നയതന്ത്രജ്ഞത (Dexterity) അവർക്കില്ല. പ്രത്യേകിച്ച് സ്വന്തം സിവിയിൽ (CV) എടുത്തുപറയാൻ തക്ക നേട്ടങ്ങളൊന്നും ഇല്ലാത്തവർക്ക് അത് ഒട്ടുമില്ല,” പാഞ്ചാൽ തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ കുറിച്ചു.
ആദ്യ രണ്ട് മത്സരങ്ങളിൽ രോഹിത് 26 ഉം 24 ഉം റൺസ് നേടി. റെഡ്ഡി 20 റൺസ് നേടി, രാജ്കോട്ടിൽ രണ്ട് ഓവറുകൾ എറിഞ്ഞ് 13 റൺസ് വഴങ്ങി. വഡോദരയിലെ വിജയത്തിന്റെയും രാജ്കോട്ടിലെ തോൽവിയുടെയും പശ്ചാത്തലത്തിലാണ് ഇന്ത്യ മൂന്നാം ഏകദിനത്തിന് ഇറങ്ങുന്നത്. ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മൂന്നാം മത്സരം. ടോസ് നേടിയ മെൻ ഇൻ ബ്ലൂ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്തു, പ്രശസ്ത് കൃഷ്ണയ്ക്ക് പകരം അർഷ്ദീപ് സിംഗ് ഇലവനിൽ എത്തി.