ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. നമീബിയക്കെതിരെ നടന്ന മത്സരത്തിൽ 93 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ബാറ്റിംഗിൽ ഓപണർ ഇഷാൻ കിഷനും, ഓൾ റൗണ്ടർ ഹാർദിക് പാണ്ട്യയും അർധ സെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താൻ ഇന്ത്യക്ക് സാധിച്ചു.
നാളുകൾ ഏറെയായി ഫോം ഔട്ട് ആയിരുന്ന സഞ്ജു സാംസൺ ഇന്നലെ ചുരുങ്ങിയ സമയം കൊണ്ട് വെടിക്കെട്ട് പ്രകടനം നടത്തി മികച്ച ഓപ്പണിങ് നൽകിയാണ് മടങ്ങിയത്. 8 പന്തിൽ 3 സിക്‌സും 1 ഫോറും അടക്കം 22 റൺസാണ് താരം നേടിയത്. അധിക സമയം നിലനിൽകാത്തതിൽ താരത്തിന് നേരെ വിമർശനങ്ങളും ഉയരുന്നുണ്ട്. എന്നാൽ സഞ്ജു നേടിയ ബൗണ്ടറികൾ എല്ലാം തന്നെ ക്ലാസ് ഷോട്ടുകളായിരുന്നു.
മത്സരത്തിൽ ഇഷാൻ കിഷൻ 24 പന്തിൽ 6 ഫോറും 5 സിക്‌സും അടക്കം 61 റൺസ് നേടി, കൂടാതെ 28 പന്തിൽ 4 ഫോറും സിക്സുമായി ഹാർദിക് പാണ്ട്യയും അർധ സെഞ്ചുറി നേടി. കൂടാതെ തിലക് വർമ്മ 25, ശിവം ദുബൈ 23 റൺസ് എന്നി താരങ്ങൾ ഭേദപ്പെട്ട പ്രകടനവും നടത്തി.
ഇന്ത്യക്കായി ബോളിങ്ങിൽ വരുൺ ചക്രവർത്തി 3 വിക്കറ്റുകളും, അക്‌സർ പട്ടേൽ, ഹാർദിക് പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റുകളും നേടി. അർശ്ദീപ് സിങ്, ശിവം ദുബൈ, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റുകളും നേടി.