ഇപ്പോൾ കഴിഞ്ഞ ടെണ്ടുൽക്കർ ആൻഡേഴ്സൺ ട്രോഫിയിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ച വെച്ച ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഐസിസിയുടെ ‘പ്ലയെർ ഓഫ് ദി മന്ത്’ പുരസ്‌കാരം സ്വന്തമാക്കി. 5 മത്സരങ്ങളിൽ നിന്നായി നാല് സെഞ്ച്വറികളാണ് ഗിൽ സ്വന്തമാക്കിയത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഡബിൾ സെഞ്ചുറിയോടെ തിളങ്ങിയ ഗിൽ പരമ്പര സമനിലയിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
തനിക്ക് ലഭിച്ച പുരസ്‌കാരത്തിന് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശുഭ്മാൻ ഗിൽ. “ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പരമ്പര നടന്ന മാസത്തിൽ ഇങ്ങനെയൊരു പുരസ്‌കാരം നേടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്, ഇത് എന്നെന്നും കാത്തുസൂക്ഷിക്കും” ഗിൽ പറഞ്ഞു.
പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ഗിൽ, ഇംഗ്ലണ്ട് നായകൻ ബെൻ സ്‌റ്റോക്‌സിനെയും ദക്ഷിണാഫ്രിക്കയുടെ വിയാൻ മുൾഡറെയും മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്.