ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തന്നെ പുറത്താക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകളില്‍ ഒടുവില്‍ പ്രതികരണവുമായി നായകന്‍ റിഷഭ് പന്ത്. കഴിഞ്ഞ ലേലത്തില്‍ 27 കോടി രൂപയ്ക്കായിരുന്നു റിഷഭിനെ ലഖ്‌നൗ മാനേജ്‌മെന്റ് ടീമിലെടുത്തത്. എന്നാല്‍ പ്രൈസ് ടാഗിന് അനുസരിച്ചുളള കാര്യമായ പ്രകടനം താരത്തില്‍ നിന്നുണ്ടായില്ല. റിഷഭ് ബാറ്റിങ്ങില്‍ തിളങ്ങാത്തത് ലഖ്‌നൗവിന്റെ പ്ലേഓഫ് പ്രതീക്ഷകളും ഇല്ലാതാക്കി. താരം തുടര്‍ച്ചയായി ഈ സീസണില്‍ പരാജയപ്പെട്ടതോടെയാണ് ലഖ്‌നൗ മാനേജ്‌മെന്റ് പന്തിനെ ഈ സീസണോടെ കൈവിടും എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.
‘വ്യാജ വാര്‍ത്തകള്‍ ഉള്ളടക്കത്തിന് കൂടുതല്‍ ആകര്‍ഷണം നല്‍കുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു, പക്ഷേ നമുക്കുചുറ്റും എല്ലാ നിര്‍മ്മിക്കരുത്. വ്യാജ വാര്‍ത്തകള്‍ അജണ്ടയോടെ സൃഷ്ടിക്കുന്നതിനു പകരം കുറച്ച് അര്‍ത്ഥമുളളതും വിശ്വസനീയവുമായ വാര്‍ത്തകള്‍ നല്‍കുന്നത് നന്നായിരിക്കും. നന്ദി, ഒരു നല്ല ദിവസം ആശംസിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെയും വിവേകത്തോടെയും കൈകാര്യം ചെയ്യാം,’ പന്ത് എക്‌സില്‍ എഴുതി.
അതേസമയം പ്രൈസ് ടാഗ് സമ്മര്‍ദം ഈ സീസണിലുടനീളം റിഷഭ് പന്തില്‍ പ്രകടമായിരുന്നു. അതുകൊണ്ട് തന്നെ ബാറ്റിങ്ങില്‍ ഇംപാക്ടുളള പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ലഖ്‌നൗ നായകനെ കൊണ്ടായില്ല. പലപ്പോഴും ബാറ്റിങ് പൊസിഷനില്‍ മാറ്റങ്ങള്‍ വരുത്തിയാണ് പന്ത് ക്രീസിലെത്തിയിരുന്നത്.