ദക്ഷിണാഫ്രിക്കയുടെ സ്റ്റാർ ഓൾറൗണ്ടർ മാർക്കോ യാൻസനെ പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനത്തിന് പിന്നാലെയാണ് യുവതാരത്തെ കുറിച്ച് പോണ്ടിങ് മനസുതുറന്നത്. മാർക്കോ യാൻസൻ ലോക ക്രിക്കറ്റിലെ എറ്റവും മികച്ച ഓൾറൗണ്ടറാവുമെന്ന് പോണ്ടിങ് അഭിപ്രായപ്പെട്ടു. ‘യാൻസൻ തികച്ചും ശാന്തനായ ബോളറാണ്. ബോളിങ് നല്ലതാണെങ്കിലും മോശമാണെങ്കിലും യാൻസൻ ശാന്തനായി തുടരുന്നു. അത്തരം സ്വഭാവക്കാരനാണെങ്കിലും അവന്റെയുളളിൽ ഒരു ആക്രമണോത്സുക ക്രിക്കറ്റ് താരമുണ്ട്’.
‘ഗ്രൗണ്ടിൽ ഇറങ്ങിയാൽ പിന്നെ അവന്റെ കളി തുടങ്ങും. അടുത്ത രണ്ട് വർഷത്തിനുളളിൽ ടെസ്റ്റ് ക്രിക്കറ്റിലെ എറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായി യാൻസൻ മാറുമെന്നുംട പോണ്ടിങ് പറഞ്ഞു. ഐപിഎലിൽ പഞ്ചാബ് കിങ്സിന്റെ താരമാണ് മാർക്കോ യാൻസൻ. ഐപിഎലിനിടെ യാൻസനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും പോണ്ടിങ് പ്രതികരിച്ചു. ഇത്ര ചെറുപ്പത്തിൽ തന്നെ യാൻസനെ പോലൊരു മികച്ച താരത്തെ താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ കണ്ടിട്ടില്ലെന്നും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനിലിനിടെ പോണ്ടിങ് പറഞ്ഞു.
ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയ കളിയിൽ ആധിപത്യം നേടിയിരിക്കുകയാണ്. രണ്ടാം ദിനം കളി നിർത്തുമ്പോൾ 218 റൺസ് ലീഡാണ് ഓസീസ് നേടിയത്. ഇനിയും ദിവസങ്ങൾ ബാക്കിയുണ്ടെന്നിരിക്കെ വേഗത്തിൽ ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്കയെ ഓസീസിന് ബാറ്റിങ്ങിന് അയക്കാം. മൂന്നാം ദിനം പ്രോട്ടീസിന്റെ വിക്കറ്റുകൾ തുടരെ വീഴ്ത്താനായാൽ വീണ്ടും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ഓസ്ട്രേലിയക്ക് നേടാം. എന്നാൽ ദക്ഷിണാഫ്രിക്കയും മോശമില്ലാത്ത പ്രകടനമാണ് ഫൈനലിൽ കാഴ്ചവയ്ക്കുന്നത്. പ്രധാന ബാറ്റർമാർ തിളങ്ങിയാൽ അവർക്കും കിരീടം സ്വന്തമാക്കാം.