ഇപ്പോൾ കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ തുടർച്ചയായി ചാമ്പ്യന്മാരാക്കിയതിൽ ടീമിന്റെ ശക്തി കേന്ദ്രമായി പ്രവർത്തിച്ച താരമായിരുന്നു ആർസിബിയുടെ നായകൻ രജത് പാട്ടിദാർ. എന്നിട്ടും താരത്തെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടി20 ടീമിലും ഉൾപ്പെടുത്തിയിരുന്നില്ല.
താരത്തിനെ ടീമിൽ ഉൾപെടുത്താത്തതിൽ വിമർശനവുമായി ആരാധകരും മുൻ താരങ്ങളും രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ അതിൽ പ്രതികരിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍.
‘ഇന്ത്യയിൽ പ്രതിഭയുള്ള നിരവധി താരങ്ങളുണ്ട്. ടീമിലേക്ക് നേരിട്ട് നടന്ന് കയറാൻ യോഗ്യതയുള്ള നിരവധി പേർ പുറത്തുമുണ്ട്. എന്നാൽ ഒരു ടീമിലേക്ക് 15 പേരെ മാത്രമല്ലേ തിരഞ്ഞെടുക്കാൻ കഴിയൂ. നിലവിൽ കളിക്കുന്നവരും അവരുടെ പരമാവധി നന്നായി തന്നെ ചെയ്യുന്നുണ്ട്. എപ്പോഴും ചില കളിക്കാർക്ക് അവസരം ലഭിക്കും ചിലർക്ക് നഷ്ടമാകും, അതിൽ വിഷമവുമുണ്ട്. എന്നാൽ നിലവിലെ സ്ക്വാഡിൽ ഞങ്ങൾ സംതൃപ്തരാണ്’, ചോദ്യത്തിന് മറുപടിയായി അഗർക്കാർ പറഞ്ഞു.