ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ അഭാവം ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ നിഴലിക്കുമെന്ന് താത്കാലിക ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. എങ്കിലും രാഹുലിന് പകരക്കാരാവാന്‍ കഴിവുള്ള കളിക്കാര്‍ ഇന്ത്യക്കുണ്ടെന്നും രഹാനെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പരിക്കേറ്റ രാഹുല്‍ പരമ്പരയില്‍ നിന്ന് പുറത്തായിരുന്നു.
രാഹുല്‍ പുറത്തായത് ഇന്ത്യക്കേറ്റ വലിയ പ്രഹരമാണ്. ഇംഗ്ലണ്ടില്‍ രാഹുല്‍ നന്നായി കളിച്ചിരുന്നു. നല്ല ഫോമിലായിരുന്നു താരം. രാഹുലിനെ ടീം മിസ് ചെയ്യും. എങ്കിലും രാഹുലിന് പകരക്കാരനാവാന്‍ പറ്റിയ കളിക്കാര്‍ നമുക്കുണ്ട്. അതിനാല്‍ ഓപ്പണിംഗ് പൊസിഷനെ കുറിച്ച് ആശങ്കയില്ല- രഹാനെ പറഞ്ഞു.
അതിലെല്ലാം ഉപരി വിരാട് കോഹ്ലിയുടെയും ഋഷഭ് പന്തിന്റെയും രോഹിത് ശര്‍മ്മയുടേയും സേവനം ഇന്ത്യക്ക് ലഭിക്കില്ല. യുവ താരങ്ങള്‍ക്ക് ഇതു നല്ല അവസരമാണ്. അവസരം ലഭിക്കുന്നവരെല്ലാം സ്വാതന്ത്ര്യത്തോടെ കളിക്കും. ഇവിടത്തെയും ദക്ഷിണാഫ്രിക്കയിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ന്യൂസിലന്‍ഡുമായുള്ള പരമ്പരയെ കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും രഹാനെ പറഞ്ഞു.