ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 ക്രിക്കറ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീം സംബന്ധിച്ച് സസ്പെന്‍സ് തുടരുന്നു. ഇംഗ്ലണ്ട് പര്യടനത്തിലുള്ള ടീമിനൊപ്പം ചേരാന്‍ നിര്‍ദേശം ലഭിച്ച ഓപ്പണര്‍ പൃഥ്വി ഷായും മധ്യനിര ബാറ്റ്സ്മാന് സൂര്യകുമാര്‍ യാദവും ലങ്കയില്‍ തന്നെയുള്ളതാണ് ഫൈനല്‍ ഇലവന് സംബന്ധിച്ച ആകാംക്ഷയ്ക്ക് കാരണം.
ശുഭ്മാന്‍ ഗില്ലും വാഷിംഗ്ടണ്‍ സുന്ദറും ആവേശ് ഖാനും പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് പൃഥ്വിയെയും സൂര്യകുമാറിനെയും ഇംഗ്ലണ്ടിലേക്ക് വിളിപ്പിച്ചത്. ആദ്യ മത്സരത്തില്‍ പൃഥ്വി തിളങ്ങിയിരുന്നില്ല. എന്നാല്‍ സൂര്യകുമാര്‍ അര്‍ദ്ധ ശതകം നേടിയിരുന്നു. ഇരുവരെയും മാറ്റിനിര്ത്തേണ്ടിവരുന്നത് ലങ്കയ്ക്കെതിരായ ഇന്ത്യന്‍ ടീമിന്റെ ഘടനയെ സാരമായി ബാധിക്കും.
പൃഥ്വിയും സൂര്യകുമാറും ഇപ്പോഴും ലങ്കയില്‍ തങ്ങുകയാണ്. വിസ പ്രോസസിങ്ങും മറ്റ് യാത്രാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചാലേ താരങ്ങള്‍ക്ക് ലങ്കയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കാന്‍ സാധിക്കുള്ളൂ. ഈ സാഹചര്യത്തില്‍ പൃഥ്വിയും സൂര്യകുമാറും ഇന്നത്തെ മത്സരത്തില്‍ കളിക്കുമോയെന്ന കാര്യം ഏവരും ഉറ്റുനോക്കുന്നു. പൃഥ്വിയുടെയും സൂര്യകുമാറിന്റെയും ഫിറ്റ്നസിന് ടീം മാനെജ്മെന്റ് പ്രധാന്യം നല്‍കുന്നുണ്ട്.
രണ്ടു പേര്‍ക്കും പരിക്കേല്‍ക്കാതെ സൂക്ഷിക്കാനാണ് ബി.സി.സി.ഐ നിര്‍ദേശം. അതിനാല്‍ത്തന്നെ പൃഥ്വിക്കും സൂര്യകുമാറിനും വിശ്രമം നല്‍കാനായിരിക്കും സാധ്യത. ടീമിലുണ്ടാകുന്ന കുറവുകള്‍ പരിഹരിക്കാന്‍ പാകത്തിലെ താരബാഹുല്യമുണ്ടെന്നതും കോച്ച് രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ആത്മവിശ്വാസം നല്കുന്ന ഘടകമാണ്.