ഈ വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ്, 2026 ലെ ഐസിസി ടി20 ലോകകപ്പ് എന്നിവയ്ക്കായുള്ള മികച്ച തയ്യാറെടുപ്പിനായി കരീബിയൻ പര്യടനത്തിലെ ഏകദിന മത്സരങ്ങൾ ടി20 മത്സരങ്ങളാക്കി മാറ്റണമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) അഭ്യർത്ഥന ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് (സിഡബ്ല്യുഐ) നിരസിച്ചു.
ജൂലൈ അവസാനം മൂന്ന് മത്സരങ്ങളുള്ള ഏകദിന, ടി20 ഐ പരമ്പരകൾക്കായി പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീം കരീബിയൻ രാജ്യത്തേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ വരാനിരിക്കുന്ന ഏഷ്യാ കപ്പ് 2025, 2026 ലെ ഐസിസി ടി20 ലോകകപ്പ് എന്നിവയ്ക്കായി തയ്യാറെടുക്കാൻ
ഏകദിനങ്ങൾ ഒഴിവാക്കി അത് ടി20 മത്സരങ്ങളാക്കണമെന്നായിരുന്നു പിസിബിയുടെ അഭ്യർത്ഥന. എന്നാലത് നിരസിച്ച വെസ്റ്റ് ഇൻഡീസ്, പര്യടനം ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്ന് അറിയിച്ചു.
ജൂലൈ 31 ന് ഫ്ലോറിഡയിലെ ലോഡർഹില്ലിലുള്ള ബ്രോവാർഡ് കൗണ്ടി സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയോടെയാണ് വൈറ്റ്-ബോൾ പരമ്പര ആരംഭിക്കുന്നത്. അടുത്ത രണ്ട് ടി20 ഐ മത്സരങ്ങൾ ഓഗസ്റ്റ് 2, 3 തീയതികളിൽ ഫ്ലോറിഡയിലെ അതേ വേദിയിൽ നടക്കും. തുടർന്ന്, പര്യടനം ട്രിനിഡാഡിലേക്ക് നീങ്ങും.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഓഗസ്റ്റ് 8, 10, 12 തീയതികളിൽ നടക്കും, എല്ലാ മത്സരങ്ങളും ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമിയിലാണ് നടക്കുന്നത്. മെൻ ഇൻ ഗ്രീനുമായുള്ള വൈറ്റ്-ബോൾ പരമ്പരയ്ക്കുള്ള ടിക്കറ്റ് ഓഫറുകളും പ്രമോഷനുകളും സിഡബ്ല്യുഐ ഇതിനകം ആരംഭിച്ചിട്ടുണ്ട്.