ഏകദിന പരമ്പരയിലെ തോൽവിക്ക് ശേഷം ടി-20 യിലൂടെ ന്യുസിലാൻഡിനു മറുപടി കൊടുക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം. ഇന്ന് മുതലാണ് ന്യുസിലാൻഡിനെതിരെയുള്ള 5 ടി-20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഇപ്പോഴിതാ ടീമിലെ നിർണായക അപ്ഡേറ്റ് നൽകിയിരിക്കുകയാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.
പരിക്കേറ്റ തിലക് വർമയ്ക്ക് പകരം ടീമിലേക്ക് ശ്രേയസ് അയ്യരെ തിരഞ്ഞെടുത്തിരുന്നുവെങ്കിലും മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ കളിക്കുമെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സ്ഥിരീകരിച്ചു. ‘ഇഷാൻ നാളെ മൂന്നാം നമ്പറിൽ കളിക്കും. ലോകകപ്പ് ടീമിലേക്ക് ഞങ്ങൾ ആദ്യം തിരഞ്ഞെടുത്തത് അവനെയാണ്, അതിനാൽ അവന് അവസരം നൽകുന്നതാണ് നീതി’ സൂര്യകുമാർ യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച മികച്ച പ്രകടനമാണ് ഇഷാന് വീണ്ടും ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി ലോകകപ്പ് ടീമിലേക്ക് ഇഷാനെ തിരഞ്ഞെടുത്തത് വലിയ ചർച്ചയായിരുന്നു.