ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകന്‍ ശുഭ്മാന്‍ ഗില്‍ മടിയനായ കളിക്കാരനാണെന്ന് തുറന്നുപറഞ്ഞ് മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസര്‍. ഗില്‍ മടിയനായ കളിക്കാരനാണെന്നും എന്നാല്‍ അധിക ക്യാപ്റ്റന്‍സി ഉത്തരവാദിത്തം അദ്ദേഹത്തെ മികച്ച ബാറ്ററായി മാറ്റുമെന്നും പനേസര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യ ശുഭ്മാന്‍ ഗില്ലിനെ നായകനാക്കിയത് നല്ല തീരുമാനമാണെന്ന് മോണ്ടി പനേസര്‍ പറയുന്നു. “ഇത് അവനെ മികച്ച ലീഡര്‍ കൂടിയാക്കി മാറ്റും. ചില ഉത്തരവാദിത്തങ്ങള്‍ കയ്യിലുളളപ്പോള്‍ ഗില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമെന്ന് ഞാന്‍ കരുതുന്നു.
30ഓ 40ഓ റണ്‍സ് എടുക്കുന്ന ചില സമയങ്ങളില്‍ ഗില്‍ തന്റെ ഫുട്‌വര്‍ക്കില്‍ അല്‍പം മടിയനാകും. പക്ഷേ അവന് ഉത്തരവാദിത്തമുളളപ്പോള്‍ ക്യാപ്റ്റന്റെ റോള്‍ അവന് നന്നായി ചെയ്യും. അദ്ദേഹം സ്വിച്ച് ഓണ്‍ ചെയ്യുമെന്ന് ഞാന്‍ കരുതുന്നു. ശുഭ്മാന്‍ ഗില്ലിന്റെ ഒരു മികച്ച പതിപ്പ് നമുക്ക് ഈ സീരിസില്‍ കാണാന്‍ കഴിയും, മോണ്ടി പനേസര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് ഇത്തവണ കരുത്തുറ്റ ബാറ്റിങ് നിരയാണുളളതെന്നും പനേസര്‍ പറഞ്ഞു. ഇന്ത്യന്‍ ടീമിലേക്ക് നിര്‍ഭയരായ യുവക്രിക്കറ്റ് താരങ്ങള്‍ കടന്നുവരുന്നുണ്ട്. ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരു പുതിയ സൂപ്പര്‍സ്റ്റാര്‍ ഉയര്‍ന്നുവരും, പനേസര്‍ പ്രവചിച്ചു.
ജൂണ്‍ 20നാണ് അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പര ആരംഭിക്കുക. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും വിരമിച്ച ഒഴിവുകളിലേക്ക് ഇത്തവണ പുതിയ താരങ്ങള്‍ക്ക് അവസരം ലഭിക്കും. കരുണ്‍ നായര്‍, സായി സുദര്‍ശന്‍, അഭിമന്യൂ ഈശ്വരന്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ ഇടംലഭിക്കാനുളള സാധ്യതയുണ്ട്.