സഞ്ജു സാംസണെ ഇന്ത്യൻ ടീമിലെ ഏറ്റവും നിർഭാഗ്യവാനായ കളിക്കാരൻ എന്ന് വിശേഷിപ്പിച്ച് മുൻ താരം ക്രിസ് ശ്രീകാന്ത്. തുറന്ന അഭിപ്രായങ്ങൾക്ക് പേരുകേട്ട ശ്രീകാന്ത്, സഞ്ജുവിന്റെ ബാറ്റിംഗ് സ്ലോട്ടിലെ മാറ്റങ്ങളെ വിമർശിച്ചു. അത് അദ്ദേഹത്തിന്റെ സ്ഥിരതയെ ബാധിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു.
മികച്ച ഫോമിലാണെങ്കിലും, വ്യത്യസ്ത സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാൻ സഞ്ജുവിനോട് ടീം ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഓപ്പണറായി അദ്ദേഹം സ്ഥിരമായിരുന്നു. എന്നാൽ ശുഭ്മാൻ ഗിൽ ടീമിലേക്ക് തിരിച്ചെത്തിയതോടെ സഞ്ജുവിനെ ഓപ്പണിംഗിൽനിന്നും മാറ്റി.
“ഏറ്റവും നിർഭാഗ്യവാനായ വ്യക്തി സഞ്ജു സാംസൺ ആണ്. അവൻ ഒരു ഓപ്പണറായി സെഞ്ച്വറികൾ നേടിയിരുന്നു. ഓപ്പണറായി ഇറങ്ങി സെഞ്ച്വറികൾ അടിച്ചുകൂട്ടിയിട്ടുള്ള സഞ്ജുവിനെ ഇപ്പോൾ അവർ എല്ലാ സ്ഥാനങ്ങളിലേക്കും അയയ്ക്കുകയാണ്. മൂന്ന് മുതൽ എട്ട് സ്ഥാനത്ത് എവിടെ വേണമെങ്കിലും അദ്ദേഹത്തെ ഇറക്കാമെന്നതാണ് അവസ്ഥ.
അവസരം ലഭിച്ചാൽ അവർ അദ്ദേഹത്തെ പതിനൊന്നാം നമ്പറിലും അയച്ചേക്കാം. ടോപ് ഓഡറിൽ ഇത്രയും മികവ് കാട്ടിയിട്ടും ഇങ്ങനെ ചെയ്യുമ്പോൾ ആർക്കായാലും നിരാശയുണ്ടാവും. പക്ഷേ മിണ്ടാതിരിക്കുകയും ടീം ആവശ്യപ്പെടുന്നിടത്ത് ബാറ്റ് ചെയ്യുകയല്ലാതെ അദ്ദേഹത്തിന് മറ്റ് മാർഗമില്ല’, ശ്രീകാന്ത് പറഞ്ഞു.
13 ഇന്നിംഗ്സുകളിൽ ഓപ്പണറായി ഇറങ്ങി 37 ശരാശരിയിലും 183 പ്രഹര ശേഷിയിലുമാണ് സഞ്ജു തിളങ്ങിയത്. അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണിംഗിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തിട്ടും ഗില്ലിനായി സഞ്ജുവിന് മാറിക്കൊടുക്കേണ്ടി വന്നു.